• Sun. Sep 27th, 2026

24×7 Live News

Apdin News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വീണ്ടുമൊരു വെള്ളിത്തിളക്കം; മലേഷ്യൻ താരത്തോട് പൊരുതിത്തോറ്റ് അനാഹത്!

Byadmin

Sep 27, 2026


ജപ്പാനിൽ നടന്നുകൊണ്ടിരിക്കുന്ന 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡൽ നേട്ടം.

വനിതാ സിംഗിൾസ് ഫൈനലിൽ യുവതാരം അനാഹത് സിംഗും പുരുഷ സിംഗിൾസ് ഫൈനലിൽ അഭയ് സിംഗും വെള്ളി മെഡലുകൾ സ്വന്തമാക്കി. മലേഷ്യൻ താരങ്ങളോടാണ് രണ്ടുപേരുടെയും ഫൈനൽ പോരാട്ടങ്ങൾ പരാജയപ്പെട്ടത്.

വനിതാ സിംഗിൾസ് ഫൈനലിൽ മലേഷ്യയുടെ ശക്തയായ താരം ശിവസംഗരി സുബ്രഹ്മണ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് അനാഹത് പരാജയപ്പെട്ടത് (സ്കോർ: 4-11, 4-11, 7-11). വെറും 27 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ തുടക്കം മുതൽ മലേഷ്യൻ താരം ആധിപത്യം പുലർത്തി.

എങ്കിലും അവസാന ഗെയിമിൽ അനാഹത് മികച്ച ചെറുത്തുനിൽപ്പാണ് കാഴ്ചവെച്ചത്. ഈ മെഡലോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം 32 ആയി ഉയർന്നു.

അഭയ് സിംഗിന്റെ പോരാട്ടം

പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യയുടെ നിലവിലെ ചാമ്പ്യൻ എയ്ൻ യോ എൻജിയോട് 9-11, 5-11, 5-11 എന്ന സ്കോറിനാണ് അഭയ് സിംഗ് പരാജയപ്പെട്ടത്. ഈ തോൽവിയോടെ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത സ്ക്വാഷ് സ്വർണ്ണ മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്.

ഫൈനലിൽ പരാജയപ്പെട്ടതോടെ, 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്ക് സ്ക്വാഷിലൂടെ നേരിട്ടുള്ള യോഗ്യത നേടാനുള്ള അവസരവും അഭയ്ക്ക് നഷ്ടമായി.

സെമിഫൈനലിൽ പാകിസ്ഥാന്റെ മുഹമ്മദ് ഇർഫാനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് 28 കാരനായ അഭയ് ഫൈനലിലെത്തിയത്. 2014 ലും 2023 ലും സിംഗിൾസിൽ വെള്ളി നേടിയ സൗരവ് ഘോഷാലിന് ശേഷം ഈ ഇനത്തിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അഭയ് മാറി.

ഈ വർഷം മികച്ച ഫോമിൽ തുടരുന്ന അഭയ്, കരിയറിലെ മികച്ച റാങ്കിങ് നേട്ടങ്ങളും പ്രാദേശിക ടൂർണമെന്റ് കിരീടങ്ങളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.







By admin