ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ബ്രാൻഡ് ആണ് എം.എസ് ധോണിയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ആരാധകരുടെ മനസ്സിൽ ഇടം നേടിയ ധോണി നിരവധി മികച്ച താരങ്ങളെ വളർത്തിയെടുത്തിട്ടുണ്ടെന്നും റെയ്ന വ്യക്തമാക്കി.
“ഐപിഎല്ലിലെ എക്കാലത്തെയും വലിയ ബ്രാൻഡ് ആണ് അദ്ദേഹം. ആരാധകരും പ്രമുഖ ബിസിനസുകാരും സിഇമാരും ഒരുപോലെ അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം വർഷങ്ങളായി സൃഷ്ടിച്ചെടുത്ത പാരമ്പര്യമാണ് അതിന് കാരണം. നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചും ട്രോഫികൾ ഉയർത്തിയും അദ്ദേഹം ആരാധകരുടെ മനസ്സിൽ ഇടം നേടി. കൂടാതെ നിരവധി മികച്ച താരങ്ങളെ വളർത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്” സുരേഷ് റെയ്ന സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.


ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.
2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.