
ശ്രീനഗർ; ‘നിങ്ങൾക്ക് ഓടാം, പക്ഷേ ഒളിക്കാൻ കഴിയില്ല ‘ കുൽഗാമിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് അഹമ്മദ് ഭട്ടിനെ വധിച്ചതിന് പിന്നാലെ കശ്മീർ സോൺ പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സേനയുടെ കരുത്ത് വെളിപ്പെടുത്തുന്നതാണീ കുറിപ്പ്.
ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനു ശേഷമാണ് ഭീകരൻ ലത്തീഫ് ഭട്ട് ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. ഈ ഓപ്പറേഷനിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സാക്കിർ ഗനായിയോടൊപ്പം അയാൾ കുടുങ്ങി. അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ സുരക്ഷാ സേന സാക്കിർ ഗനായിയെ കൊലപ്പെടുത്തിയെങ്കിലും ലത്തീഫ് ഭട്ട് രക്ഷപ്പെട്ടു. അന്നുമുതൽ സുരക്ഷാ ഏജൻസികൾ ഇയാളെ തിരയുകയായിരുന്നു.
കുൽഗാമിലെ ഖരേവാൻ ചാദർ (അഷ്മുജി) നിവാസിയായിരുന്നു ലത്തീഫ് . ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. ഇതിനുശേഷം, തുടർ പഠനത്തിനായി സർക്കാർ കോളേജിൽ ചേർന്നു, പക്ഷേ പഠനം ഉപേക്ഷിച്ചു. തീവ്രവാദിയാകുന്നതിന് മുമ്പ് ലത്തീഫ് മരപ്പണിക്കാരനായിരുന്നു .2025-ൽ ലത്തീഫ് പെട്ടെന്ന് വീട്ടിൽ നിന്ന് അപ്രത്യക്ഷനായി . തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ ലത്തീഫിനെ കാണാതായതായി പരാതി നൽകി.
ഈ സമയത്താണ് ലത്തീഫ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്‌ലറായ സജ്ജാദ് ഗുലുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഭീകരവാദം പരിശീലനം നൽകുകയും ലഷ്‌കർ-ഇ-തൊയ്ബ ശൃംഖലയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ലഷ്കറിൽ ചേർന്ന് ഒരു വർഷം പിന്നിടുമ്പോഴേയ്‌ക്കും ലത്തീഫിനെ ഇന്ത്യൻ സൈന്യം തന്നെ വധിക്കുകയും ചെയ്തു.