• Wed. Nov 18th, 2026

24×7 Live News

Apdin News

രാഹുൽ ഗാന്ധി ഇന്ത്യയുടെ ‘മിർ ജാഫർ’; വിദേശ മണ്ണിൽ ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

Byadmin

Nov 18, 2026



ന്യൂദൽഹി: അന്താരാഷ്‌ട്ര വേദികളിൽ ഭാരതത്തെ നിരന്തരം അപകീർത്തിപ്പെടുത്താനും രാജ്യത്തിന്റെ വികസന മുന്നേറ്റത്തെ തകർക്കാനും ശ്രമിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി ‘ഇന്ത്യയുടെ മിർ ജാഫർ’ ആണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. പക്വതയില്ലാത്ത നേതാവായ രാഹുൽ, വിദേശ ശക്തികളുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂദൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഗൗരവ് ഭാട്ടിയ രാഹുൽ ഗാന്ധിയുടെ രാജ്യവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടിയത്. ഭാരതത്തെ ആഗോളതലത്തിൽ ഇകഴ്‌ത്തിക്കാട്ടാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് രാഹുലിന്റെ വിദേശയാത്രകളെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ, ഇന്ത്യ ‘സാമ്പത്തിക ദുരന്തത്തിലേക്ക്’ നീങ്ങുകയാണെന്ന് രാഹുൽ ഗാന്ധി നടത്തിയ അടിസ്ഥാനരഹിതമായ പരാമർശമാണ് ബിജെപിയുടെ ശക്തമായ പ്രതികരണത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ ജനാധിപത്യം, സമ്പദ്‌വ്യവസ്ഥ, യുവജന ശാക്തീകരണം, ആഗോളതലത്തിലെ ഭാരതത്തിന്റെ യശസ്സ് തുടങ്ങിയ മേഖലകളിൽ രാജ്യം ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയതെന്ന് ഭാട്ടിയ വ്യക്തമാക്കി.

രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിലുണ്ടായതിന് സമാനമായ അരാജകത്വം ഭാരതത്തിലും സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ഭാട്ടിയ ആരോപിച്ചു. വിദേശയാത്രകൾക്കിടെ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതവിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ ജോർജ് സോറോസുമായും അമേരിക്കൻ രാഷ്‌ട്രീയ പ്രവർത്തക ഇൽഹാൻ ഒമറുമായും രാഹുലിനുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഭാട്ടിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. രാജ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്താവനകൾക്ക് യാതൊരുവിധ പഠനമോ വസ്തുതാപരമായ അടിസ്ഥാനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേനയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ നിരുത്തരവാദപരമായ നിലപാടുകൾ രാജ്യത്ത് വിദ്വേഷം വളർത്തുന്നതിന് മാത്രമേ ഉപകരിക്കൂ എന്ന് ശിവസേന നേതാവ് ഷൈന എൻ.സി ആരോപിച്ചു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ശക്തിയായി മാറിക്കഴിഞ്ഞു. ജിഎസ്ടി വരുമാനം റെക്കോർഡ് നേട്ടം കൈവരിക്കുകയും ഓഹരി വിപണിയായ സെൻസെക്സ് പുതിയ ഉയരങ്ങൾ കീഴടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഇത്തരം വ്യാജപ്രചാരണങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

By admin