
മോസ്കോ: തെക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ ചൊവ്വാഴ്ച (2026 നവംബര്‍ 17) റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ ആദ്യഘട്ടത്തില്‍ 13ഉം 17ഉം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, വിമാനത്തിലുണ്ടായിരുന്ന 19 പേരുടെയും മരണപ്പെട്ടുവെന്ന് മന്ത്രാലയം തന്നെ സ്ഥിരീകരിക്കുകയായിരുന്നു.
സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ നിന്ന് കാന്‍സ്‌കിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ (1,860 മൈല്‍) കിഴക്കായി, കെമെറോവോ മേഖലയിലെ യാഗുനോവോ ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വയലിലാണ് വിമാനം തകര്‍ന്നുവീണത്.
കെമെറോവോ പ്രാദേശിക തലസ്ഥാനത്തു നിന്നും കെമെറോവോ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ഈ അപകടസ്ഥലം സ്ഥിതിചെയ്യുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അപകടസ്ഥലത്തുനിന്ന് ഏകദേശം 500 മീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ (RIA) വ്യക്തമാക്കി.