• Wed. Nov 18th, 2026

24×7 Live News

Apdin News

രഞ്ജിത് വധം: എല്ലാ പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

Byadmin

Nov 18, 2026



തിരുവനന്തപുരം: ആര്‍എസ്എസ് മണ്ണന്തല മണ്ഡല്‍ ശാരീരിക് പ്രമുഖായിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട സിപിഎമ്മുകാരായ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സുധാകാന്താണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അമ്പലമുക്ക് കൃഷ്ണകുമാര്‍, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഹരിപ്രസാദ്, അജികുമാര്‍ എന്ന മൊട്ട അജി, രഞ്ജിത്ത് കുമാര്‍ എന്ന ചുക്രന്‍ രഞ്ജിത്ത്, സുരേഷ് കുമാര്‍ എന്ന കരാട്ടെ സുരേഷ്, ഫിറോസ് ഖാന്‍, വിഷ്ണു വിനോദ്, ശങ്കര സുബ്രഹ്‌മണ്യം എന്ന ശങ്കര്‍, ഗോഡ്‌വിന്‍ ഡെന്നീസ് എന്ന നവീന്‍, കണ്ണന്‍ സുരേഷ്, ഗോപാലന്‍ സുരേഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. രണ്ടാം പ്രതി നാരായണന്‍കുട്ടി എന്ന വെള്ളി നാരായണന്‍ ഒളിവിലാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശിക്ഷ ഇന്ന് വിധിക്കും.

2008 ഒക്ടോ. 17ന് വെളുപ്പിന് 5.50നാണ് സിപിഎം ക്രിമിനലുകള്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. മണ്ണന്തല കോട്ടമുകളില്‍ എംസി റോഡിനോടു ചേര്‍ന്ന് രഞ്ജിത്തിന്റെ വിനായക ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് കടയില്‍ കടന്നുകയറിയ പ്രതികള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലും ഒരു ബൈക്കിലുമാണ് പ്രതികള്‍ സംഭവസ്ഥലത്ത് എത്തിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി വന്നതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ രണ്ട് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കോടതിക്ക് മുന്നില്‍ അക്രമം അഴിച്ചുവിട്ടു.

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവര്‍ ഹാജരായി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 150 റിക്കാര്‍ഡുകളും 75 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

By admin