• Wed. Nov 18th, 2026

24×7 Live News

Apdin News

ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

Byadmin

Nov 18, 2026


ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അശ്ലീലവും, ലൈംഗിക ചുവയുള്ളതും, അക്രമാസക്തവുമായ കണ്ടന്‍റുകള്‍ കുറയ്ക്കുന്നതിനായി തങ്ങളുടെ സംവിധാനങ്ങളിൽ വൻ അഴിച്ചുപണി നടത്തിയതായി മാതൃകമ്പനിയായ മെറ്റ വെളിപ്പെടുത്തി. ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും അക്രമം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും റീലുകളും ഉപയോക്താക്കളുടെ ഫീഡിലേക്ക് എത്തുന്നത് തടയാൻ കൂടുതൽ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ വിന്യസിച്ചതായാണ് കമ്പനി വ്യക്തമാക്കിയത്. “ഇന്ത്യയിൽ ഇൻസ്റ്റാഗ്രാമിൽ ഞങ്ങൾ ശുപാർശ ചെയ്യുന്ന കണ്ടന്‍റിനെക്കുറിച്ച് ഒരു അപ്‌ഡേറ്റ്” എന്ന തലക്കെട്ടോടെ തിങ്കളാഴ്ച പങ്കുവെച്ച ഔദ്യോഗിക കുറിപ്പിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത രീതിയിലാണ് ഇൻസ്റ്റാഗ്രാമിന്റെ ഡിഫോൾട്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതെന്ന് മെറ്റ വിശദീകരിച്ചു. ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിനോ ഹൈഡ് ചെയ്യുന്നതിനോ കാത്തുനിൽക്കാതെ, ഒരു പോസ്റ്റ് ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യുന്നതിന് മുൻപ് തന്നെ നൂതന എഐ മോഡലുകൾ അത് പരിശോധിച്ച് അനാവശ്യ ഉള്ളടക്കങ്ങളെ അരിച്ചുമാറ്റുന്നു. ഈ മാറ്റങ്ങൾ നടപ്പിലാക്കിയതോടെ, ശുപാര്‍ശ ചെയ്യപ്പെടുന്ന കണ്ടന്‍റിനെതിരെ ഇന്ത്യയിലെ ഉപയോക്താക്കൾ നൽകുന്ന പരാതികൾ ഒരു വർഷം മുൻപുള്ളതിനെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞുവെന്നും മെറ്റ അവകാശപ്പെട്ടു.

കുട്ടികൾക്കെതിരായ ആതിക്രമത്തിന്‍റെ വീഡിയോ പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന ബിബിസി ഐ അന്വേഷണത്തിന് പിന്നാലെ ജൂലൈയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ആഗോള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിനുപുറമെ ഒക്ടോബർ 10-ന് കേന്ദ്ര മന്ത്രാലയം മെറ്റയ്ക്ക് മറ്റൊരു കർശന നിർദ്ദേശവും നൽകിയിരുന്നു. പ്ലാറ്റ്‌ഫോമിന്റെ റെക്കമെൻഡേഷൻ സംവിധാനങ്ങൾ ഏകപക്ഷീയമായ വിവരങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കാതെ വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ ഉറപ്പാക്കണമെന്നും, ആശയക്കുഴപ്പമോ അക്രമമോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാക്കുന്ന പോസ്റ്റുകൾ വൈറലാകുന്നതിന് മുൻപ് വേഗത്തിൽ കണ്ടെത്തി തടയണമെന്നുമായിരുന്നു സർക്കാർ ആവശ്യം.

നിലവിലെ എഐ നിയന്ത്രണങ്ങൾക്ക് പുറമെ, ഉപയോക്താക്കൾക്ക് സ്വന്തം ഫീഡ് നിയന്ത്രിക്കാനുള്ള നിരവധി ടൂളുകളും ഇൻസ്റ്റാഗ്രാം നൽകുന്നുണ്ടെന്നാണ് മെറ്റ പറയുന്നത്. സെർച്ച്, റീൽസ്, എക്സ്പ്ലോർ, ഫീഡ് എന്നിവയിൽ സെൻസിറ്റീവ് ഉള്ളടക്കങ്ങൾ കുറയ്ക്കാൻ ‘സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ’ സഹായിക്കും. ഫോളോ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നുള്ള രാഷ്ട്രീയ പോസ്റ്റുകൾ കുറയ്ക്കാനും, ‘നോട്ട് ഇന്ററസ്റ്റഡ്’ ഓപ്ഷൻ ഉപയോഗിക്കാനും, ‘ഹിഡൻ വേഡ്സ്’ വഴി അസഭ്യമായ വാക്കുകളും ഇമോജികളും കമന്റുകളിൽ നിന്ന് തടയാനും സാധിക്കും. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ‘ടീൻ അക്കൗണ്ടുകൾ’ കൗമാരക്കാരെ സ്വാഭാവികമായിത്തന്നെ 13+ സുരക്ഷിത ക്രമീകരണത്തിൽ നിലനിർത്തുന്നുണ്ടെന്നും, ഐടി നിയമങ്ങൾ 2021 പ്രകാരം പ്രതിമാസ സുതാര്യതാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മെറ്റ വ്യക്തമാക്കി.

By admin