• Wed. Nov 18th, 2026

24×7 Live News

Apdin News

ശബരിമല തീർത്ഥാടനം: സത്രം വഴിയുള്ള കാനനയാത്രയ്‌ക്ക് തുടക്കം; ആദ്യ മണിക്കൂറിൽ 600-ലധികം ഭക്തർക്ക് ടോക്കൺ

Byadmin

Nov 18, 2026



തൊടുപുഴ: സത്രം വഴി പരമ്പരാഗത കാനനപാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടനയാത്രയ്‌ക്ക് തുടക്കം. ഇന്നലെ രാവിലെ ഏഴരയ്‌ക്ക് അഴുത ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിനു മുന്നില്‍ തയ്യാറാക്കിയ കൗണ്ടറിലെ പരിശോധനകള്‍ക്കു ശേഷം ആദ്യ സംഘം മല കയറി. പീരുമേട് എം.എല്‍.എ സിറിയക് തോമസ്, വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.എസ്. സുരേഷ്ബാബു, അഴുത റേഞ്ച് ഓഫീസര്‍ ഡി. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ സംഘത്തെ യാത്രയാക്കി. സത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം തയ്യാറാക്കിയ പന്തലില്‍ നിന്ന് നിന്ന് ടോക്കണ്‍ നല്‍കിയാണ് കാനനപാതയിലേക്ക് കടത്തിവിടുന്നത്. ആദ്യ മണിക്കൂറില്‍ തന്നെ അറുനൂറിലധികം അയ്യപ്പ ഭക്തര്‍ക്ക് ടോക്കണ്‍ നല്‍കി. പ്ലാസ്റ്റിക്, സാനിറ്റൈസര്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

കാനന പാതയിലൂടെയുള്ള പ്രധാന കേന്ദ്രങ്ങളും ലഭ്യമായ സേവനങ്ങളും വ്യക്തമാക്കുന്ന അച്ചടിച്ച റൂട്ട് മാപ്പും ഭക്തര്‍ക്ക് നല്‍കുന്നുണ്ട്. സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി വനം, പോലീസ്, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സത്രം, പുല്‍മേട്, കാനനപാത എന്നിവിടങ്ങളില്‍ വനംവകുപ്പ്, പോലീസ് ഉദ്യാഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ ശല്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. തീര്‍ത്ഥാടകരെ സഹായിക്കാന്‍ പാതയിലുടനീളം ഇക്കാ ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്.

കാനനപാതകളിലെ ശുചീകരണം, യാത്രാതടസ്സങ്ങള്‍ നീക്കം ചെയ്യല്‍, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കാനനപാതയില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വനംവകുപ്പാണ് ഒരുക്കുന്നത്. സത്രം, പുല്‍മേട്, കരിമല മേഖലകളില്‍ വനം വകുപ്പിന്റെ സര്‍വീസ് പോയിന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യസഹായത്തിനായി സത്രം മേഖലയില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറി, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവയും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രയ്‌ക്കിടയില്‍ ആശയവിനിമയ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി സത്രം ഉള്‍പ്പെടെയുള്ള കാനനപാതയിലെ വിവിധ കേന്ദ്രങ്ങളില്‍ വി.എച്ച്.എഫ് ആശയവിനിമയ സംവിധാനവും ഉണ്ടാകും. വനംവകുപ്പിന്റെ ആര്‍.ആര്‍.ടി., സര്‍പ്പ ടീം, ഇക്കോ ഗാര്‍ഡുകള്‍ എന്നിവരുടെ സേവനവും ലഭിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാനനപാതയില്‍ മാലിന്യശേഖരണത്തിനും തരംതിരിച്ചുള്ള സംസ്‌കരണത്തിനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഹരിതചട്ടം കര്‍ശനമായി പാലിക്കും. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും താല്‍ക്കാലിക കടകളിലും ജനുവരി 15 വരെ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും കുപ്പികളുടെയും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

കെ.കെ. റോഡില്‍ വാളാര്‍ഡിയിലും വണ്ടിപ്പെരിയാറിലുമാണ് ഇത്തവണ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം പ്രവര്‍ത്തിക്കുക. വാളാര്‍ഡിയിലാണ് പാര്‍ക്കിീഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. തിരക്കേറുന്നതനുസരിച്ച് ഇവിടെ കൂടുതല്‍ സ്വകര്യങ്ങള്‍ ഒരുക്കും. കാനനപാതയിലൂടെ യാത്ര ചെയ്യുന്ന ഭക്തര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വനമേഖലയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതെയും വന്യജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും പരിസ്ഥിതി സൗഹൃദ തീര്‍ത്ഥാടനം ഉറപ്പാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

By admin