ഐപിഎൽ മിനി ലേലത്തിൽ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനെ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പഞ്ചാബ് കിങ്സിന് ഹോപ്പിനെ ആവശ്യമുണ്ടാവുമെന്നാണ് ചോപ്രയുടെ നിരീക്ഷണം.
‘പഞ്ചാബിന് അദ്ദേഹത്തെ ആവശ്യമായിരിക്കാം. എന്നാൽ റിക്കി പോണ്ടിങ്ങിന്റെ ചരിത്രം പറയുന്നത് അദ്ദേഹം അധികം വെസ്റ്റ് ഇൻഡീസ് താരങ്ങളെ കളിപ്പിച്ചിട്ടില്ല എന്നാണ്. മുംബൈ ഇന്ത്യൻസിൽ ഇപ്പോൾ തന്നെ റയാൻ റിക്കൽട്ടണും ക്വിന്റൺ ഡി കോക്കുമുണ്ട്. സൺറൈസേഴ്‌സ് ഹൈദരബാദിൽ ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ഉണ്ട്. മൂന്നാം നമ്പറിൽ ഇഷാൻ കിഷനും പിന്നെ ഹെൻറിച്ച് ക്ലാസനുമുണ്ട്. അപ്പോൾ എന്തിനാണ് അവർക്ക് ഒരു വിക്കറ്റ് കീപ്പർ ബാറ്റർ’ ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി-20യിൽ ഷായ് ഹോപ്പ് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്.
ഇന്ത്യക്കെതിരെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഷായ് ഹോപ്പ്. ഏകദിനത്തിൽ ഇന്ത്യക്കെതിരെ അഞ്ച് സെഞ്ച്വറികൾ നേടിയ ഹോപ്പ് ടെസ്റ്റിൽ ഒരു സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ലേലത്തിൽ പങ്കെടുക്കുകയാണെങ്കിൽ ഹോപ്പിന് പുറകെ വമ്പൻ ടീമുകൾ ഉണ്ടാവുമെന്നുറപ്പാണ്.