പ്രഭാതഭക്ഷണത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും പോഷകസമ്പുഷ്ടവുമായ ഒന്നിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് മുട്ടയാണ്.
പുഴുങ്ങിയോ, സ്ക്രാംബിൾ ചെയ്തോ, ഓംലെറ്റായോ ഒക്കെ മുട്ട നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്.
പേശികളുടെ വളർച്ചയ്ക്കും പുനർനിർമ്മാണത്തിനും സഹായിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കൂടാതെ തലച്ചോറിന്റെ പ്രവർത്തനം, കാഴ്ചശക്തി, പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്ന വൈറ്റമിനുകളും മിനറലുകളും മുട്ടയിലുണ്ട്.
കൃത്യമായി വ്യായാമം ചെയ്യുന്നവർക്കും ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും മുട്ട മികച്ചൊരു തിരഞ്ഞെടുപ്പാണ്.
എന്നാൽ, ദിവസവും എത്ര മുട്ട കഴിക്കുന്നത് സുരക്ഷിതമാണ് എന്ന സംശയം പലരിലുമുണ്ട്.
മുട്ട പോഷകസമൃദ്ധമാണെങ്കിലും, അതിലടങ്ങിയിരിക്കുന്ന കൊളസ്ട്രോളിന്റെ അളവ് പലരെയും ദിവസേന മുട്ട കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്.
ചിലർ മുട്ടയുടെ വെള്ള മാത്രം കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ, മറ്റുചിലർ മുഴുവൻ മുട്ടയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നു.
ഒരാൾക്ക് അനുയോജ്യമായ മുട്ടയുടെ അളവ് അവരുടെ ദിനചര്യ, ശാരീരിക അധ്വാനം, കൊളസ്ട്രോളിന്റെ അളവ്, നിലവിലെ ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ആരോഗ്യമുള്ള മുതിർന്ന ഒരാൾക്ക് ദിവസവും ഒരു മുഴുവൻ മുട്ട കഴിക്കുന്നത് സമീകൃതാഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
എന്നാൽ വ്യക്തികളുടെ ഭക്ഷണരീതി, ആരോഗ്യസ്ഥിതി, പോഷക ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് ഇതിൽ ചെറിയ മാറ്റങ്ങൾ വരാം. എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരൊറ്റ അളവ് കൃത്യമായി നിർദേശിക്കാനാകില്ല.
മുട്ടയുടെ മഞ്ഞക്കരുവിലാണ് പ്രധാനമായും കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നത്. എന്നാൽ, ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ എല്ലാവരുടെയും രക്തത്തിലെ കൊളസ്ട്രോൾ നിലയെ ഒരുപോലെയല്ല ബാധിക്കുന്നത്.
ഭക്ഷണത്തിലെ പൂരിത കൊഴുപ്പും (Saturated Fat) ട്രാൻസ് കൊഴുപ്പും ആണ് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ (LDL) വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
അതിനാൽ, കഴിക്കുന്ന മുട്ടയുടെ എണ്ണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, അതിനൊപ്പം എന്തൊക്കെ കഴിക്കുന്നു എന്നതിലും ശ്രദ്ധ വേണം.
വെണ്ണ, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ചേർത്ത് പാകം ചെയ്യുന്ന മുട്ടയേക്കാൾ ആരോഗ്യകരമാണ് തവിടു കളയാത്ത ധാന്യങ്ങൾ കൊണ്ടുള്ള ടോസ്റ്റും പച്ചക്കറികളും ചേർത്ത് പുഴുങ്ങിയ മുട്ട കഴിക്കുന്നത്.
മുട്ട കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ:
മികച്ച പ്രോട്ടീൻ സ്രോതസ്സ്: ശരീരത്തിന് ആവശ്യമായ ഒൻപത് അത്യന്താപേക്ഷിത അമിനോ ആസിഡുകളും അടങ്ങിയ പൂർണ്ണ പ്രോട്ടീൻ സ്രോതസാണ് മുട്ട.
ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ദീർഘനേരം വിശപ്പില്ലാതെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന്: മുട്ടയുടെ മഞ്ഞക്കരുവിൽ തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി, നാഡീവ്യൂഹം എന്നിവയ്ക്ക് ആവശ്യമായ ‘കോളിൻ’ എന്ന പോഷകം അടങ്ങിയിരിക്കുന്നു.
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് ഇത് വളരെ പ്രധാനമാണ്.
കാഴ്ചശക്തി വർധിപ്പിക്കുന്നു: കണ്ണിന്റെ റെറ്റിനയെ സംരക്ഷിക്കുന്ന ലൂട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകൾ മുട്ടയിലുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചപ്രശ്നങ്ങൾ തടയാൻ ഇവ സഹായിക്കും.
അത്യാവശ്യ വൈറ്റമിനുകൾ: ഊർജ ഉത്പാദനം, അസ്ഥികളുടെ ആരോഗ്യം, പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്ന വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, വൈറ്റമിൻ എ തുടങ്ങിയ വിവിധ വൈറ്റമിനുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
അളവിൽ കൂടുതൽ മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമോ?
മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുള്ളതിനാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
എന്നാൽ മുട്ട കഴിക്കുന്നതും ഹൃദ്രോഗ സാധ്യതയും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആരോഗ്യമുള്ള മിക്ക ആളുകൾക്കും മിതമായ അളവിൽ മുട്ട കഴിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കില്ല.
എന്നാൽ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഉള്ളവരും, പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ നിലയുള്ളവരും, ഹൃദ്രോഗ സാധ്യത കൂടുതലുള്ളവരും മുട്ട കഴിക്കുന്ന അളവിൽ ഡോക്ടറുടെയോ പോഷകാഹാര വിദഗ്ധന്റെയോ നിർദേശം തേടുന്നത് നന്നായിരിക്കും.
മുട്ടയുടെ വെള്ളയാണോ മുഴുവൻ മുട്ടയേക്കാൾ ആരോഗ്യകരം?
കൊഴുപ്പും കൊളസ്ട്രോളും വളരെ കുറഞ്ഞ, പ്രോട്ടീന്റെ മികച്ചൊരു സ്രോതസാണ് മുട്ടയുടെ വെള്ള. കാലറിയും കൊഴുപ്പും കുറച്ചുകൊണ്ട് പ്രോട്ടീൻ അളവ് കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് മുട്ടയുടെ വെള്ള തിരഞ്ഞെടുക്കാം.
എന്നാൽ മഞ്ഞക്കരു ഒഴിവാക്കുമ്പോൾ കോളിൻ, വൈറ്റമിൻ ഡി, ലൂട്ടീൻ തുടങ്ങിയ പ്രധാന പോഷകങ്ങൾ ലഭിക്കാതെ പോകുന്നു.
പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ ഭക്ഷണ നിയന്ത്രണങ്ങളോ ഇല്ലാത്ത ആരോഗ്യമുള്ള വ്യക്തികൾ മുട്ടയുടെ മഞ്ഞക്കരു പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല.
ശ്രദ്ധിക്കുക:
മുകളിലുള്ള ലേഖനം പൊതുവായ വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആഹാരക്രമത്തെക്കുറിച്ചോ സംശയങ്ങളുണ്ടെങ്കിൽ യോഗ്യതയുള്ള ഒരു ആരോഗ്യ വിദഗ്ധന്റെയോ ഡോക്ടറുടെയോ മാർഗ്ഗനിർദ്ദേശം തേടുക.