
നെടുമങ്ങാട്: അപകടങ്ങള്‍ പലതരത്തിലുണ്ടെങ്കിലും ഒരേ സ്ഥലത്ത്, ഒരേ വീട്ടിലേക്ക് മാത്രം വണ്ടികള്‍ ഇടിച്ചുകയറുന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് മുക്കോലയ്‌ക്കല്‍ ഗുരുമന്ദിരത്തിന് സമീപത്തെ ശിവഗിരി ഹൗസ്. അപകടങ്ങള്‍ പതിവാകുമ്പോള്‍ അത് കൗതുകത്തേക്കാള്‍ ഉപരി വലിയൊരു ആശങ്കയ്‌ക്കും വഴിവയ്‌ക്കുകയാണ്. പ്രത്യേകിച്ച് ഒരേ സ്ഥലത്ത്, ഒരേ വീട്ടില്‍ തന്നെ തുടര്‍ച്ചയായി വാഹനങ്ങള്‍ ഇടിക്കുമ്പോള്‍. ആറു മാസത്തിനുള്ളില്‍ നാല് പ്രാവശ്യമാണ് വാഹനങ്ങള്‍ മതില്‍ തകര്‍ത്തത്.
ജംഗ്ഷനില്‍ നിന്നും കല്ലിംഗല്‍ റോഡിലേക്ക് പോകുന്ന ഇടറോഡിലാണ് ഈ വിചിത്രമായ ‘അപകട പരമ്പര’ അരങ്ങേറുന്നത്. നാട്ടുകാര്‍ക്ക് ഇതൊരു കൗതുക വാര്‍ത്തയായിരിക്കാം, പക്ഷേ ആ വീട്ടുകാര്‍ക്ക് ഇത് നെഞ്ചിടിപ്പിന് കാരണമാവുകയാണ്. റിട്ടയേര്‍ഡ് ഡ്രോയിംഗ് അധ്യാപകനായ മദനന്റെ ‘ശിവഗിരി ഹൗസ്’ എന്ന വീടാണ് വാഹനങ്ങളുടെ സ്ഥിരം അപകട സ്ഥലമാകുന്നത്. വാഹനം ഏതായാലും, ഡ്രൈവര്‍ ആരായാലും വളവ് തിരിയുമ്പോള്‍ ലക്ഷ്യം തെറ്റി നേരെ ചെന്നിടിക്കുന്നത് മദനന്റെ വീടിന്റെ മതിലിലേക്കാണ്. ഇതിനകം പലതവണ തകര്‍ത്ത മതില്‍ കെട്ടിപ്പൊക്കി മടുത്ത അവസ്ഥയിലാണ് ഡ്രോയിംഗ് മാഷായ മദനന്‍.
മുക്കോലയ്‌ക്കല്‍ ജംഗ്ഷന്‍ പിന്നിട്ട് കല്ലിംഗല്‍ റോഡിലേക്ക് പോകുന്ന ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഈ അപകടങ്ങള്‍ക്ക് പിന്നിലെ പ്രധാന വില്ലന്‍. ഈ ഇടറോഡിന് കടുത്ത ചരിവും അമിതമായ വളവുമുണ്ട്. ഇതാണ് അമിതവേഗതയില്‍ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നത്. വളവിലേക്ക് പ്രവേശിക്കുമ്പോള്‍ റോഡിന്റെ മറുഭാഗം കൃത്യമായി കാണാന്‍ ഡ്രൈവര്‍ക്ക് സാധിക്കില്ല. പ്രധാന റോഡില്‍ നിന്ന് ഇടറോഡിലേക്ക് കയറുന്നവര്‍ വേഗത നിയന്ത്രിക്കാത്തതും വാഹനങ്ങള്‍ മതില്‍ തകര്‍ക്കാന്‍ കാരണമാണ്. റോഡിന്റെ ചരിവ് കാരണം ബ്രേക്ക് ചവിട്ടിയാല്‍ പോലും വാഹനം തെന്നി മതിലിലേക്ക് ഇടിച്ചുകയറുകയാണ്. രാത്രിയെന്നോ പകലെന്നോ ഇതിന് വ്യത്യാസമില്ല. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ ഈ മതിലിന്റെ ‘ശത്രുക്കളാണ്’. ഭാഗ്യം കൊണ്ടുമാത്രമാണ് ഇതുവരെ ജീവഹാനികള്‍ സംഭവിക്കാതിരുന്നത്.
ഇക്കഴിഞ്ഞ ഞായര്‍ രാത്രി 12 മണിക്കും അപകടമുണ്ടായി. രാത്രി ഭയാനകമായ ശബ്ദംകേട്ട് കതക് തുറന്ന അധ്യാപകനും ഭാര്യ ചിത്രലേഖയും കണ്ടത് മതില്‍ തകര്‍ത്ത് വീട് ലക്ഷ്യമാക്കി നില്‍ക്കുന്ന നീല കളര്‍ മാരുതി അള്‍ട്ടോ കാര്‍ ആണ്. വീട് റോഡില്‍ നിന്നും അല്‍പം താഴ്ചയിലാണ് സ്ഥിതിചെയ്യുന്നത്. ഭാഗ്യം കൊണ്ട് കാറ് മുറ്റത്തേക്ക് പതിച്ചില്ല. മതില്‍ തകര്‍ത്ത് തിട്ടയില്‍ തട്ടി നിന്നതിനാല്‍ കാറുകാരനും രക്ഷപ്പെട്ടു. അല്‍പ്പ നേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് കാറ് തള്ളിനീക്കി ഗതാഗതം പുനസ്ഥാപിച്ചു.