• Wed. Aug 26th, 2026

24×7 Live News

Apdin News

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Byadmin

Aug 26, 2026



ന്യൂദല്‍ഹി: ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കേരളത്തിലെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ഭാരതത്തിനകത്തും പുറത്തുമുള്ള എല്ലാ കേരളീയര്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഓണാശംസകള്‍ നേരുന്നതായി രാഷ്‌ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

പുതിയ വിളവെടുപ്പിന്റെ വരവറിയിച്ചുകൊണ്ട് പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ ഉത്സവം. നമ്മുടെ സമ്പന്നമായ സംസ്‌കാരത്തെയും സാഹോദര്യ മനോഭാവത്തെയും ഓണം ആഘോഷിക്കുന്നു. ഒപ്പം അത് വൈവിധ്യത്തിനിടയിലുള്ള ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വള്ളംകളി, നാടന്‍ കലാരൂപങ്ങള്‍, സംഗീതം, കായിക മത്സരങ്ങള്‍ എന്നിവ ഈ ഉത്സവവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പാരമ്പര്യങ്ങളാണ്. ഇവ കേരളത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

ഓണം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നല്‍കാന്‍ പൗരന്മാര്‍ക്ക് പ്രചോദനമേകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും രാഷ്‌ട്രപതി സന്ദേശത്തില്‍ പറഞ്ഞു. നബിദിന ആശംസകളും രാഷ്‌ട്രപതി നേര്‍ന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വികസിതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതില്‍ സജീവമായി സംഭാവന നല്‍കാന്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉദാത്തമായ ആദര്‍ശങ്ങള്‍ നമുക്ക് പ്രചോദനമാകട്ടെയെന്ന് നബിദിന സന്ദേശത്തില്‍ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ഓണം ഓരോ മലയാളിയുടെയും അഭിമാനകരമായ മഹനീയ സങ്കൽപ്പമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്‌ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് സന്തോഷത്തോടെ ഏവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

“പ്രകൃതി ദുരന്തങ്ങൾ സൃഷ്‌ടിച്ച പ്രയാസങ്ങളിൽ നിന്ന് നാം മുന്നേറുകയാണ്. ആഘോഷങ്ങൾ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് പകരുന്നത്. ജനങ്ങൾക്ക് പ്രയാസമില്ലാതെ ആഘോഷിക്കാൻ വിലക്കയറ്റമില്ലാത്ത ഓണാന്തരീക്ഷം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. വെറുപ്പും വിദ്വേഷവും വിതച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഒരേ മനസ്സോടെ ഒന്നിച്ചുനിൽക്കാൻ നാം തയ്യാറാകണം,” എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​സമൃദ്ധിയുടെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശംസിച്ചു.ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​”പ്രതിസന്ധികളെ മറികടന്ന് പ്രതീക്ഷയോടെ മുന്നേറാനുള്ള ഊർജ്ജം ഓണം പകരട്ടെ. അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും തുല്യ പങ്കാളിത്തവും കരുതലും ഉറപ്പാക്കി മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം. കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ.,” എന്ന് പ്രതിപക്ഷ നേതാവ് ആശംസിച്ചു.

By admin