
മട്ടാഞ്ചേരി: ആഴക്കടലും തീരക്കടലും തീരദേശവും സുരക്ഷാവലയത്തിലാക്കി നാവിക സേനയുടെ സീ വിജില്‍ -26 കൊച്ചി ആഴക്കടലില്‍ നടക്കും. 19 വരെ ബോധവത്കരണ നിരീക്ഷണ പരിശീലനങ്ങളുമായാണ് കടല്‍ സുരക്ഷയുടെ ഭാഗമായുള്ള സീ വിജില്‍-26 നടക്കുന്നത്. തീരദേശ ഗ്രാമ ജനത, മത്സ്യത്തൊഴിലാളി സമൂഹം എന്നിവര്‍ക്കുള്ള ബോധവത്കരണ ശേഷം രണ്ടാം ഘട്ടമായി സുരക്ഷാ ഏജ ന്‍സികളെ വിന്യസിക്കും. മൂന്നാം ഘട്ടമായി ആഴക്കടലില്‍ നിരീക്ഷണ പരിശീലനങ്ങള്‍ നടത്തിയുമാണ് സീ വിജില്‍ നടക്കുക. ഇതിന്റെ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയാക്കി മൂന്നാം ഘട്ടം 18ന് തുടങ്ങി 19ന് സമാപിക്കും. നാവിക സേനയുടെ നേതൃത്വത്തില്‍ രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളിലാണ് സീ വിജില്‍ 26 നടക്കുന്നത്.
മുംബൈ ഭീകരാക്രമണശേഷം രാജ്യാതിര്‍ത്തിയായ കടലും തീരദേശവും സുരക്ഷിതമാണെന്നുറപ്പാക്കുന്ന പദ്ധതിയാണ് സമുദ്ര സുരക്ഷ അഥവാ സീ വിജില്‍.
2018 മുതല്‍ രണ്ടു വര്‍ഷത്തെ ഇടവേളകളില്‍ നടക്കുന്ന സീ വിജിലിന്റെ അഞ്ചാം പതിപ്പാണിത്. നാവിക സേനയ്‌ക്കൊപ്പം തീരരക്ഷാ സേന, കസ്റ്റംസ്, സിഐഎസ്എഫ്, ബിഎസ്എഫ്, പോലീസ്, ജില്ലാ ഭരണകൂടം, ഫിഷറീസ് തുടങ്ങി 16 ഓളം സര്‍ക്കാര്‍ ഏജന്‍സികളും, മത്സ്യ തൊഴിലാളികള്‍, മത്സ്യ ഗ്രാമങ്ങള്‍, ജാഗ്രതാ സമിതികള്‍, കടലോര ഗ്രാമീണര്‍ വരെയുള്ള ജനതയെയും ഉള്‍ക്കൊള്ളിച്ചാണ് സീ വിജില്‍ നടക്കുന്നതെന്ന് ദക്ഷിണ നാവിക സേനയിലെ നേവല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കമ്മഡോര്‍ വര്‍ഗീസ് മാത്യു പറഞ്ഞു.
ഇതിനുള്ള സമുദ്ര സുരക്ഷാ നിരീക്ഷണ പരിശീലനത്തില്‍ നാവിക സേനയിലെ 20 ഓളം യാനങ്ങളും വിവിധ മേഖലകളില്‍ നിന്നുള്ള 20,000ത്തിലേറെ പേരും പങ്കാളികളാകും.
നുഴഞ്ഞുകയറ്റക്കാരായി റെഡ്‌ഫോഴ്‌സും പ്രതിരോധക്കാരായി ബ്ലുഫോഴ്‌സുമാണ് സമുദ്ര സുരക്ഷ പദ്ധതിയില്‍ നേരിടുക.
സീ വിജില്‍ -26 ന്റെ വിലയിരുത്തല്‍ യോഗം കൊച്ചി ദക്ഷിണ നാവിക സേനാ കേന്ദ്രത്തില്‍ നടന്നു. കളക്ടര്‍ ജി. പ്രിയങ്ക, പോലീസ് കമ്മിഷണര്‍ ആര്‍. നിശാന്തിനി എന്നിവരും തുറമുഖം ഫിഷറീസ് കസ്റ്റംസ് തുടങ്ങിയവരുടെ പ്രതിനിധികളും തയാറെടുപ്പ് യോഗത്തില്‍ പങ്കെടുത്തു.