• Thu. Nov 12th, 2026

24×7 Live News

Apdin News

കണക്കുകൂട്ടലുകൾ തെറ്റിച്ച് റൊണാൾഡീഞ്ഞോ; പുതിയ ഇറ്റാലിയൻ ക്ലബ്ബിനായി കളിക്കാരനും ഉടമയുമായി ഇതിഹാസം ഇറങ്ങുന്നു!

Byadmin

Nov 12, 2026


ഒരു ദശാബ്ദത്തിലേറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കാൻ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നു.

ഇറ്റാലിയൻ സീരി സി ക്ലബ്ബായ റാവെന്ന എഫ്‌സിയിൽ കളിക്കാരനായും ഒപ്പം ക്ലബ്ബിന്റെ ഓഹരി ഉടമയായും ചേർന്നാണ് താരത്തിന്റെ അപ്രതീക്ഷിത മടങ്ങിവരവ്.

വരുന്ന ഞായറാഴ്ച (നവംബർ 15-ന്) ഫോർലിക്കെതിരെയുള്ള മത്സരത്തിലൂടെ 46 കാരനായ റൊണാൾഡീഞ്ഞോ വീണ്ടും പച്ചപ്പുൽ മൈതാനത്ത് ഇറങ്ങും.

തന്റെ പ്രൊഫഷണൽ കരിയറിലെ ചരിത്രപരമായ 300-ാം ഗോൾ ലക്ഷ്യമിട്ടാണ് താരം കളിക്കളത്തിലേക്ക് വീണ്ടുമെത്തുന്നത്.

കഴിഞ്ഞ ജൂണിലാണ് ഇറ്റാലിയൻ ക്ലബ്ബായ റാവെന്നയുമായി റൊണാൾഡീഞ്ഞോ കരാറിലെത്തിയത്. തന്റെ സുഹൃത്ത് ഇഗ്നാസിയോ സിപ്രിയാനിയുടെ ഉടമസ്ഥതയിലുള്ള ഈ ക്ലബ്ബിന്റെ ഓഹരി പങ്കാളിത്തവും താരം സ്വന്തമാക്കിയിട്ടുണ്ട്.

താരം വെറുമൊരു ബ്രാൻഡ് അംബാസഡർ മാത്രമായി ഒതുങ്ങില്ലെന്നും ഔദ്യോഗികമായി മത്സരങ്ങളിൽ കളിക്കുമെന്നും വ്യക്തമായതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

2015 സെപ്റ്റംബറിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിനുവേണ്ടി കളിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരമാണിത്.

2018-ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മാന്ത്രിക പ്രകടനങ്ങൾ പുറത്തെടുത്ത താരത്തെ വീണ്ടും കളിക്കളത്തിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് കായിക ലോകം.

300-ാം ഗോൾ ലക്ഷ്യമിട്ട് റൊണാൾഡീഞ്ഞോ

ഈ തിരിച്ചുവരവ് റൊണാൾഡീന്യോയെ സംബന്ധിച്ചിടത്തോളം മറ്റൊരു നാഴികക്കല്ല് പിന്നിടാനുള്ള അവസരം കൂടിയാണ്. കരിയറിൽ ഇതുവരെ 299 പ്രൊഫഷണൽ ഗോളുകൾ നേടിയിട്ടുള്ള താരം, തന്റെ 300-ാം ഗോൾ തികയ്ക്കുക എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്.

ഫോർലിക്കെതിരെയുള്ള ഡെർബി മത്സരത്തിന് വേദമാകുന്ന ബ്രൂണോ ബെനെല്ലി സ്റ്റേഡിയം ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

“പുതിയ നിറങ്ങൾ, അതേ പുഞ്ചിരി,” ക്ലബ്ബുമായി കരാറിലെത്തിയതിന് ശേഷം റൊണാൾഡീഞ്ഞോ പ്രതികരിച്ചത് ഇങ്ങനെയാണ്. “പന്തുമായി വീണ്ടും മൈതാനത്ത് നൃത്തം ചെയ്യാനും, ഇഗ്നാസിയോയ്ക്കും കുടുംബത്തിനുമൊപ്പം പുതിയൊരു കഥയെഴുതാനും കാത്തിരിക്കാനാവില്ല.

ഫുട്ബോൾ എനിക്ക് എന്നും സന്തോഷമായിരുന്നു, ആ ആവേശം ഞാൻ റാവെന്നയിലേക്കും കൊണ്ടുവരുന്നു,” അദ്ദേഹം വ്യക്തമാക്കി.

റൊണാൾഡീഞ്ഞോയുടെ ഈ വരവ് ക്ലബ്ബിന്റെ പ്രശസ്ത ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്താൻ സഹായിക്കുമെന്നാണ് റാവെന്ന മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഒരു കളിക്കാരൻ എന്നതിലുപരി ക്ലബ്ബിന്റെ വളർച്ചയിൽ പങ്കാളിയാകാനും അദ്ദേഹത്തിന്റെ സാന്നിധ്യം കരുത്തുപകരും.

2002-ൽ ബ്രസീലിനൊപ്പം ലോകകപ്പും 2005-ൽ ബാഴ്സലോണയ്ക്കൊപ്പം ബാലൻ ഡി ഓറും സ്വന്തമാക്കിയ റൊണാൾഡീഞ്ഞോ, തന്റെ ട്രേഡ്മാർക്ക് പുഞ്ചിരിയും മനോഹരമായ ഡ്രിബ്ലിങ്ങും കൊണ്ട് ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്ന താരമാണ്.

പാരീസ് സെന്റ് ജെർമെയ്ൻ, എസി മിലാൻ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും താരം പന്തുതട്ടിയിട്ടുണ്ട്.

ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷം ഫുട്ബോളിലേക്ക് തിരിച്ചെത്തുന്ന ഫുട്ബോളിന്റെ സ്വന്തം മാന്ത്രികനിൽ നിന്ന് ഒരിക്കൽകൂടി അതുല്യമായ ചില മാന്ത്രിക നിമിഷങ്ങൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.







By admin