• Sat. Oct 31st, 2026

24×7 Live News

Apdin News

കരൾ അർബുദം: അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും മുൻകരുതലുകളും

Byadmin

Oct 31, 2026


നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും രാസപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രവുമാണ് കരൾ. പോഷകങ്ങൾ സംഭരിക്കുക, ദഹനത്തിന് ആവശ്യമായ പിത്ത രസം ഉത്പാദിപ്പിക്കുക, രക്തത്തിലെ വിഷാംശങ്ങളെ പുറന്തള്ളുക തുടങ്ങി അഞ്ഞൂറിലധികം സുപ്രധാന പ്രവർത്തനങ്ങളാണ് കരൾ ദിനംപ്രതി നിർവ്വഹിക്കുന്നത്. എന്നാൽ സ്വയം പുനരുജ്ജീവിപ്പിക്കാൻ ശേഷിയുള്ള ഈ അപൂർവ്വ അവയവത്തെ ബാധിക്കുന്ന അർബുദം ഇന്ന് ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. കരൾ അർബുദം ആദ്യഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകില്ല.

കരളിന്റെ വലിയൊരു ഭാഗം രോഗബാധിതമാകുമ്പോൾ മാത്രമാണ് പലപ്പോഴും രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്. അതിനാൽ അർബുദത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ അവബോധം ഉണ്ടാകുന്നത് രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

കരൾ അർബുദം: പ്രധാന തരങ്ങൾ

കരൾ അർബുദത്തെ പ്രധാനമായും രണ്ടായി തരംതിരിക്കാം:

പ്രൈമറി ലിവർ കാൻസർ: കരൾ കോശങ്ങളിൽ നിന്നുതന്നെ നേരിട്ട് ആരംഭിക്കുന്ന അർബുദമാണിത്. ഇതിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നതാണ് ഹെപ്പറ്റോ സെല്ലുലാർ കാർസിനോമ (എച്.സി.സി).

സെക്കൻഡറി ലിവർ കാൻസർ: ശരീരത്തിലെ മറ്റ് അവയവങ്ങളായ വൻകുടൽ, ആമാശയം, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിൽ നിന്ന് അർബുദ കോശങ്ങൾ രക്തയോട്ടത്തിലൂടെ കരളിലേക്ക് പടരുന്ന അവസ്ഥയാണ് മെറ്റാസ്റ്റാറ്റിക് കാൻസർ.

പ്രധാന കാരണങ്ങളും അപകടസാധ്യതകളും

കരൾ അർബുദത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:

ഹെപ്പറ്റൈറ്റിസ്-ബി, സി അണുബാധകൾ: വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ്-ബി, സി വൈറസ് ബാധ കരളിൽ വീക്കമുണ്ടാക്കുകയും വർഷങ്ങൾക്ക് ശേഷം അർബുദമായി മാറുകയും ചെയ്യാം.

ലിവർ സിറോസിസ്: കരൾ കോശങ്ങൾ നശിച്ച് കരളിന് കട്ടിപിടിക്കുന്ന അവസ്ഥയാണ് സിറോസിസ്. അതിനാൽ സിറോസിസ് ബാധിച്ചവരിൽ കരൾ അർബുദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതമായ മദ്യപാനം: വർഷങ്ങളോളമുള്ള അമിത മദ്യപാനം കരൾ കോശങ്ങളെ നശിപ്പിച്ച് സിറോസിസിലേക്കും തുടർന്ന് അർബുദത്തിലേക്കും നയിക്കുന്നു.

ഫാറ്റി ലിവറും അമിതവണ്ണവും: അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം എന്നിവ മൂലം കരളിൽ കൊഴുപ്പ് അടിയുന്നതും (എം.എ.എസ്.എച്/എം.എ.എസ്.എൽ.ഡി) ദീർഘകാലാടിസ്ഥാനത്തിൽ അർബുദത്തിന് കാരണമാകാം.

അഫ്ലാറ്റോക്സിൻ വിഷാംശം: ശരിയായി സൂക്ഷിക്കാത്ത ധാന്യങ്ങൾ, നിലക്കടല എന്നിവയിലുണ്ടാകുന്ന ചിലതരം പൂപ്പലുകൾ (ഫങ്കസ്) ഉത്പാദിപ്പിക്കുന്ന അഫ്ലാറ്റോക്സിൻ വിഷാംശം ശരീരത്തിലെത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

രോഗലക്ഷണങ്ങൾ

ആദ്യഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും, രോഗം പുരോഗമിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

പെട്ടെന്ന് ശരീരഭാരം കുറയുക: ഒരു കാരണവുമില്ലാതെ ശരീരഭാരവും വിശപ്പും ഗണ്യമായി കുറയുക.

വയറുവേദനയും തടിപ്പും: വയറിന്റെ വലതുഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന അല്ലെങ്കിൽ തടിപ്പ്.

മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും ഉണ്ടാകുന്ന മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകുക.

വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ: വയർ അസാധാരണമായി വീർത്തു വരികയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുക.

വിട്ടുമാറാത്ത തളർച്ചയും ഛർദ്ദിയും: കഠിനമായ ക്ഷീണം, ഇടയ്ക്കിടെയുണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും.

രോഗനിർണ്ണയ മാർഗ്ഗങ്ങൾ

സംശയകരമായ ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ദ്ധ പരിശോധനകളിലൂടെ രോഗനിർണ്ണയം നടത്താം:

അൾട്രാസൗണ്ട് സ്കാനിംഗ്: കരളിലെ തടിപ്പുകളോ മുഴകളോ പ്രാഥമികമായി കണ്ടെത്താൻ സഹായിക്കുന്നു.

സി.ടി സ്കാനും എം.ആർ.ഐയും: മുഴകളുടെ വലുപ്പം, സ്ഥാനം, രക്തയോട്ടം എന്നിവ കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കും.

രക്തപരിശോധന : രക്തത്തിലെ എ.എഫ്.പി പ്രോട്ടീന്റെ അളവ് അർബുദ സാധ്യതയെ സൂചിപ്പിക്കുന്നു.

ബയോപ്സി : മുഴയിൽ നിന്ന് ചെറിയൊരു കോശം എടുത്ത് ലബോറട്ടറിയിൽ പരിശോധിക്കുന്ന രീതി.

ചികിത്സാ മാർഗ്ഗങ്ങൾ

രോഗത്തിന്റെ ഘട്ടം, കരളിന്റെ പ്രവർത്തനം, രോഗിയുടെ പൊതുആരോഗ്യം എന്നിവ കണക്കിലെടുത്താണ് വിദഗ്ദ്ധർ ചികിത്സ നിർണ്ണയിക്കുന്നത്:

ശസ്ത്രക്രിയ: അർബുദം കരളിന്റെ ഒരു ചെറിയ ഭാഗത്ത് മാത്രമാണെങ്കിൽ ആ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം.

കരൾ മാറ്റിവെക്കൽ: സിറോസിസ് ബാധിച്ച കരളിൽ ആദ്യഘട്ടത്തിലുള്ള അർബുദമാണെങ്കിൽ കരൾ മാറ്റിവെക്കൽ ചികിത്സയിലൂടെ രോഗം പൂർണ്ണമായി ഭേദമാക്കാം.

ലോക്കൽ തെറാപ്പികൾ: അർബുദ കോശങ്ങളെ ചൂടാക്കിയോ ശീതീകരിച്ചോ നശിപ്പിക്കുന്ന അബ്ലേഷൻ രീതികളും, അർബുദ കോശങ്ങളിലേക്കുള്ള രക്തയോട്ടം തടയുന്ന ടി.എ.സി.ഇ ചികിത്സയും ഉപയോഗിക്കാറുണ്ട്.

ടാർഗെറ്റഡ് & ഇമ്മ്യൂണോതെറാപ്പി: രോഗം പടർന്ന അവസ്ഥകളിൽ അർബുദ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് നശിപ്പിക്കുന്ന ആധുനിക മരുന്നുകൾ നൽകുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

ശരിയായ ജീവിതശൈലിയിലൂടെ ഒരുപരിധിവരെ കരൾ അർബുദത്തെ പ്രതിരോധിക്കാൻ സാധിക്കും:

ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ: ഹെപ്പറ്റൈറ്റിസ്-ബി വൈറസിനെതിരെയുള്ള വാക്സിൻ കൃത്യമായി എടുക്കുക.

മദ്യപാനം ഒഴിവാക്കുക: കരളിലെ സിറോസിസും അർബുദവും തടയാൻ മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുക.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക: ക്രമമായ വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ഫാറ്റി ലിവറും അമിതവണ്ണവും തടയുക.

കൃത്യമായ സ്ക്രീനിംഗ്: ഹെപ്പറ്റൈറ്റിസ് രോഗികളും സിറോസിസ് ഉള്ളവരും ആറുമാസത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാനിംഗും രക്തപരിശോധനയും നടത്തണം.

ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കാം. അസ്വാഭാവികമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഒരു ഗാസ്ട്രോ എന്ററോളജിസ്റ്റിന്റെയോ ഓങ്കോളജിസ്റ്റിന്റെയോ ഉപദേശം തേടുക.

ഡോ. അരുൺ പി.ടി
സീനിയർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്







By admin