ന്യൂദൽഹി: ഇന്ത്യയുടെ അതിവേഗ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് കേന്ദ്രാനുമതി. ദൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രാസമയം ഏകദേശം 3.5 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിടുന്ന ‘നോർത്തേൺ ബുള്ളറ്റ് ട്രെയിൻ കോറിഡോർ’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നിലവിൽ ദീർഘസമയം വേണ്ടിവരുന്ന ദൽഹി–വാരണാസി യാത്ര അതിവേഗത്തിലാകും. കാൻപൂർ, ആഗ്ര, ലഖ്നൗ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രാസമയത്തിലും ഗണ്യമായ കുറവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വരും ദശകങ്ങളിൽ രാജ്യത്തിന് വലിയ പ്രയോജനം നൽകുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എഎൻഐയോട് സംസാരിക്കവെ, നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ സർവീസിലൂടെ വിവിധ നഗരങ്ങൾക്കിടയിൽ പ്രതീക്ഷിക്കുന്ന യാത്രാസമയം വൈഷ്ണവ് വിശദീകരിച്ചു. ദൽഹിയിൽനിന്ന് കാൻപൂരിലേക്ക് ഒരു മണിക്കൂർ 45 മിനിറ്റും ആഗ്രയിലേക്ക് 59 മിനിറ്റും ലഖ്നൗവിലേക്ക് രണ്ട് മണിക്കൂർ 12 മിനിറ്റും മതിയാകും. വാരണാസിയിൽനിന്ന് ലഖ്നൗവിലേക്ക് ഒരു മണിക്കൂർ 21 മിനിറ്റും പട്നയിലേക്ക് ഒരു മണിക്കൂറും പ്രയാഗ്രാജിലേക്ക് 33 മിനിറ്റും യാത്രാസമയം പ്രതീക്ഷിക്കുന്നു. വാരണാസിയിൽനിന്ന് ദൽഹിയിലേക്ക് മൂന്ന് മണിക്കൂർ 33 മിനിറ്റും ആഗ്രയിലേക്ക് രണ്ട് മണിക്കൂർ 34 മിനിറ്റുമാണ് കണക്കാക്കുന്നത്.
മധ്യവർഗം, യുവാക്കൾ, പിന്നാക്ക വിഭാഗങ്ങൾ, ചെറുകിട സംരംഭകർ, എംഎസ്എംഇ മേഖല എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ യാത്ര സമ്പന്നർക്ക് മാത്രമായി പരിമിതപ്പെടുമെന്ന ധാരണ ശരിയല്ലെന്നും കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദൽഹി–വാരണാസി ബുള്ളറ്റ് ട്രെയിൻ യാത്രാനിരക്ക് വിമാന ടിക്കറ്റ് നിരക്കിനേക്കാൾ കുറവായിരിക്കുമെന്നും വൈഷ്ണവ് സൂചിപ്പിച്ചു. എന്നാൽ നിരക്കിന്റെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വാരണാസിയിൽ ‘നമോ ബ്രിഡ്ജ്’; പൂർത്തീകരണം 2029-ഓടെ
വാരണാസിയിൽ ഗംഗാനദിക്ക് കുറുകെ നിർമിക്കുന്ന പുതിയ സിഗ്നേച്ചർ പാലത്തിന് ‘നമോ ബ്രിഡ്ജ്’ എന്ന് പേരിടുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രഖ്യാപനം. ഏകദേശം 2.5 കിലോമീറ്റർ നീളമുള്ള പാലത്തിന് 2,657 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2029-ഓടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇരട്ടത്തട്ടുകളുള്ള ഹൈബ്രിഡ് പാലത്തിന്റെ മുകൾഭാഗത്ത് ആറ് വരി റോഡും താഴത്തെ ഭാഗത്ത് നാല് റെയിൽപാതകളുമുണ്ടാകും. പാലം പൂർത്തിയാകുന്നതോടെ കാശി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടും. കാശി വിശ്വനാഥ ക്ഷേത്രം, നമോ ഘട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.
100-ലധികം അധിക ട്രെയിനുകൾക്ക് സൗകര്യം
വാരണാസി, ബിഹാർ, പൂർവാഞ്ചൽ മേഖലകളിലൂടെയുള്ള റെയിൽ ഗതാഗതത്തിന് നമോ ബ്രിഡ്ജ് കൂടുതൽ ശേഷി നൽകും. നൂറിലധികം അധിക ട്രെയിനുകൾ സർവീസ് നടത്തുന്നതിനാവശ്യമായ സൗകര്യം ഇതിലൂടെ ഒരുക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിലെ റെയിൽ ശൃംഖലയിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കാനും പദ്ധതി സഹായിക്കും. മൂന്ന് ദിശകളിൽനിന്ന് വാരണാസിയെ ബന്ധിപ്പിക്കുന്ന പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തിനും നമോ ഘട്ടിനും ഇടയിലാണ് പാലം നിർമിക്കുന്നത്.