ന്യൂദൽഹി: NVS-03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സമർപ്പണവും പ്രാഗത്ഭ്യവും രാജ്യത്തിന് അഭിമാനമേകുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ നാവിക്കിന്റെ (NavIC) ശേഷി വർധിപ്പിക്കുന്നതിൽ നിർണായകമായ ചുവടുവെപ്പാണ് ഈ ദൗത്യവിജയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് മോദി ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചത്. NVS-03 ഉപഗ്രഹവുമായി കുതിച്ച GSLV-F18 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ഐഎസ്ആർഒ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, മെച്ചപ്പെടുത്തിയ ശേഷികളോടെയുള്ള പുതിയ ഉപഗ്രഹം നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും പറഞ്ഞു. ജനങ്ങൾക്ക് പ്രയോജനകരമായ നാവിഗേഷൻ സേവനങ്ങൾ മെച്ചപ്പെടുത്താനും ഈ നേട്ടം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക, ഭൗമശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും ഐഎസ്ആർഒയെ അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വിജയങ്ങൾക്ക് അടിത്തറയിട്ട പ്രധാനമന്ത്രി മോദിയുടെ പരിഷ്കാരങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വിക്രം സാരാഭായിയുടെയും സതീഷ് ധവാന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതാണ് ഇത്തരം നേട്ടങ്ങളെന്നും ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു.
NVS-03 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ നാവിക്കിന്റെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെട്ടു. ഏറ്റവും കുറഞ്ഞ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ആവശ്യമായ നാല് ഉപഗ്രഹങ്ങൾ എന്ന നിലയിലേക്ക് നാവിക് സംവിധാനത്തെ തിരിച്ചെത്തിക്കാൻ ഈ വിക്ഷേപണം സഹായിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. NVS-01 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ നേരത്തേ പ്രവർത്തനക്ഷമമായിരുന്നു. പുതിയ ഉപഗ്രഹം കൂടി എത്തിയതോടെ പൊസിഷൻ, നാവിഗേഷൻ, ടൈമിംഗ് (PNT) സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.
‘ഒരു രാജ്യം, ഒരു സമയം’ എന്ന ലക്ഷ്യത്തിന്റെ പ്രധാന ഘടകമായാണ് നാവിക് സംവിധാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷൻ സംവിധാനമായ നാവിക് പൊസിഷൻ, നാവിഗേഷൻ, ടൈമിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന തന്ത്രപ്രധാന ദേശീയ ആസ്തിയാണ്. ട്രെയിനുകൾ, വാഹനങ്ങൾ, കപ്പലുകൾ എന്നിവയുടെ തത്സമയ ട്രാക്കിങ് ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സംവിധാനം പ്രയോജനപ്പെടും.
തുടർച്ചയായ രണ്ട് ജിഎസ്എൽവി ദൗത്യങ്ങൾക്കിടയിൽ വെറും 56 ദിവസത്തെ ഇടവേളയിലാണ് NVS-03 ദൗത്യം പൂർത്തിയാക്കാനായതെന്നും വി. നാരായണൻ വ്യക്തമാക്കി.