• Sun. Nov 15th, 2026

24×7 Live News

Apdin News

കവിത: മഴയുടെ കൂടെ പോയവള്‍

Byadmin

Nov 15, 2026



തിരിമുറിയാത്തൊരു
പേമാരിതിമിര്‍ത്തപ്പോഴാണ്,
മഴയുടെ കൈയും പിടിച്ച്
അവളിറങ്ങി പോയത്….

പോകുമ്പോളൊന്നുമെടുത്തില്ല,
ഒരു കുട പോലും കരുതിയില്ല..
പ്രിയമുള്ളതെല്ലാം നനയാനിട്ട്
ആരോടും മിണ്ടാതെ പോയി…

എല്ലാ തണുപ്പുമാവാഹിച്ച്
വെള്ള പുതച്ചു കിടന്നപ്പോള്‍..
കുട ചൂടി പലരും വന്നു പോയ്
മഴയെ പ്രാകി കടന്നു പോയി..

വിളിക്കാത്ത വിരുന്നുകാര്‍
മഴയും മരണവുമല്ലേ
ഇഷ്ടമല്ലെങ്കിലുമവരെ
സ്വീകരിക്കാതെ പറ്റുമോ..

രണ്ടിനും തണുപ്പാണ്
മഞ്ഞിന്റെ കുളിരാണ്….

മണ്ണില്‍ വീണലിയുന്ന തുള്ളികള്‍
മണ്ണില്‍ ലയിക്കുന്ന ദേഹവും…

ഓര്‍മ്മകള്‍ ബാക്കിവെച്ച്
പോയവള്‍ക്കായി,
മിഴിവാര്‍ക്കുന്നു ചിലര്‍..

വീര്‍ത്തു വെമ്പിയ മാനം പോലെ
ചിലര്‍ പെയ്യാതെ നില്‍ക്കുന്നു..

ഉണങ്ങുമെന്നുറപ്പിലവള്‍
അയയിലിട്ട തുണികളിപ്പോഴും
ഈറനണിഞ്ഞു കിടപ്പുണ്ട്…

കൂട്ടിവെച്ച സ്വപ്നങ്ങള്‍
പോകാന്‍ മോഹിച്ച ഇടങ്ങള്‍
എല്ലാം കുതിര്‍ന്നലിഞ്ഞു പോയി…

അവസാനത്തെ മഴയും കണ്ട്
ജീവിച്ചു മതിയാവാത്തൊരുവള്‍
മഴയില്ലാലോകത്തേക്ക്
പറന്നകന്നുപോയി…

By admin