• Sun. Aug 16th, 2026

24×7 Live News

Apdin News

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

Byadmin

Aug 16, 2026


തിരിച്ചു മാതൃഭൂവിലേക്കു വാരിധീ വഹിച്ചിടു
കൊതിപ്പുപീഡിതാത്മനാപ്പദങ്ങളൊന്നുതൊട്ടിടാന്‍
തരംഗമാലപാദപങ്കജംങ്ങളെ നിരന്തരം
തലോടിടുന്നിതെന്നയും വഹിച്ചുകൊണ്ടുപോവുക

സമൃദ്ധപുഷ്‌കലപ്രദേശമുണ്ട് പോയിടാം വരൂ
വിളിച്ചുകൊണ്ടുപോയി നീ വിഷാദമേറിയമ്മയില്‍
തിരിച്ചുനല്‍കിടാമുറപ്പ് ! വീട്ടിലേയ്‌ക്കുപാതകള്‍
ഹൃദിസ്ഥമാണുവാക്കുനല്‍കിയെന്നെയും കടത്തവേ
പറഞ്ഞതൊക്കെവിശ്വസിച്ചു നിന്റെ മോചനത്തിനായ്
പഠിപ്പതിന്നുസേവനത്തിനെന്റെ ശക്തിയേറ്റുവാന്‍
പറഞ്ഞുയാത്ര ഞാന്‍ തിരിച്ചുവന്നിടും തപിപ്പു ഹാ
ഒരിക്കല്‍ മാതൃഭൂവിലേക്കു വാരിധീ കൊതിപ്പു ഞാന്‍

അടച്ചകൂട്ടിലെപ്പികം കെണിക്കകത്തെ മാനുഞാന്‍
പെടുത്തിയെന്നെ കൂരിരുട്ടിലേക്കുതള്ളിയിട്ടുവോ
ചതിച്ചതെന്നെ,യമ്മയെ!പിരിഞ്ഞുനില്‍പ്പതെങ്ങനെ
തപിച്ചു ശേഖരിച്ച പൂക്കളൊക്കയും നിനക്കിതാ
ചൊരിഞ്ഞിടുന്നുനിന്‍പദത്തിലെ സുഗന്ധമായിടാന്‍

മറിച്ചുമോചനത്തിനായ് ശ്രമിച്ചിടാതിരിക്കുകില്‍
നിരര്‍ത്ഥകം പഠിച്ചെടുത്തതൊക്കയും വൃഥാവിലായ്

നനുത്തപാദപങ്ങളെങ്ങുമേനിറഞ്ഞമാങ്കനി
തുടുത്തമുന്തിരിപ്പഴങ്ങളല്ലിവല്ലിയിങ്കലായ്
കുരുന്നുപേലവങ്ങളന്‍പലര്‍, പനീരുവാടികള്‍
മഹോദധീയെനിയ്‌ക്കുതീവ്രദുഖമേറിടുന്നിതാ
നിറഞ്ഞതാരകങ്ങള്‍ വിണ്ണിലായിമിന്നുമെങ്കിലും
എനിയ്‌ക്കു ഭാരതംതിളക്കമേറിടും നഭശ്ചരം
വിചിത്രരമ്യഹര്‍മ്മ്യമേറിടും പ്രതാപപത്തനം
എനിക്കു വേണ്ട,യമ്മതന്റെകൂരയാണതേ സുഖം
എനിയ്‌ക്കുശിക്ഷനല്‍കുകംബതന്‍ വനാന്തജീവിതം
എനിയ്‌ക്കുവേണ്ടവള്‍ ക്കെഴാത്തരാജ്യഭാരമൊന്നുമേ
ചതിച്ചതൊന്നുമേകിടില്ലതൊക്കയും നശിച്ചിടും
വിടില്ലനിന്നെ ഞാനിതാ പ്രതിജ്ഞ ചെയ്തിടുന്നു, നീ
കരഞ്ഞുനീളെയാര്‍ക്കണം
സഹിച്ചനോവതൊക്കയും
പിരിഞ്ഞുപോയൊരാനദി! പ്രിയങ്കരപ്രവാഹമേ
സഹിക്കവയ്യയംബുധി ഇതെന്തുപ്രാണവേദന!
നുരഞ്ഞു പൊങ്ങിടുന്ന ബുദ്ബുദങ്ങളേ ചിരിക്കയോ
തിരിച്ചെടുത്തുവോയെനിയ്‌ക്കു വാക്കുതന്നതല്ലയോ
വിധിക്കയോയിതെന്തിനെന്നെ നാടുനീകടത്തിയോ
ഭയന്നുവോ ഭരിച്ചിടുന്നൊരാംഗലേയ ഭൂവിനെ
ഭ്രമിക്കയില്ല ഭീരുവല്ല ഭാരതം സമുദ്രമേ
ഭ്രമിക്കയില്ല ഭീരുവല്ല ഭാരതം സമുദ്രമേ

പറഞ്ഞിടൂപരാതിനിന്നെയാകയുംകവിള്‍ക്കകം
നിറച്ചിടുന്നഗസ്ത്യഹ്രസ്വകായനാംമഹാമുനി

സഹിക്കവയ്യയമ്മയെ പിരിഞ്ഞിടാനെനിക്കിനി
മഹോദധിതിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ.



By admin