
കമണ്ഡലുവുണ്ട് കയ്യില്‍
കുടുമയുണ്ട് പിന്നില്‍
കുറിതൊട്ട കുറിയവന്‍
കുമാരന്‍ ഞാന്‍ വാമനന്‍
ഭശാവതാരത്തിലേകന്‍
ദശാസന്ധി നേരിട്ടവന്‍
ദാനമേറ്റു വാങ്ങാനൂഴിയില്‍
ദാനവ ഗുരുവിന്‍ മിഴി
ഭര്‍ഭക്കോലാല്‍ കുത്തിയവന്‍
ദേവജന സുഖകാംക്ഷയാല്‍
ദമഥമടക്കി ഞാന്‍ വാമനന്‍.
സുമശതങ്ങള്‍ മിഴി ചിമ്മും
നാട്ടോരങ്ങളില്‍ നിറയുന്നു
നാനാവര്‍ണ്ണ പൂത്തുമ്പികള്‍
നിതാന്തമാം ഓണസ്മൃതികള്‍
നിനവിലുയരും പുലരിയില്‍
നീഹാരം മുത്തും നടവഴിയില്‍
ഓലക്കുട ചൂടിയെത്തുന്നു ഞാന്‍
നിങ്ങളറിയാത്ത വാമനന്‍
ആര്‍പ്പുവിളിയില്ല ആരാധനയില്ല
ആരുമറിയാതീ ഞാന്‍ വാമനന്‍
അന്യനായലയുന്നീ മണ്ണില്‍
അശ്രുകണങ്ങളുരുളുമെന്‍
അക്ഷികള്‍ അറിയാനാരുമില്ല
ആര്‍പ്പുവിളിക്കും മാവേലി നാട്ടില്‍
പൂവിളികളുയരും പുലരിയിലും
പുലികളിറങ്ങും വീഥികളിലും
പുരുഷാരം നിറയും കളങ്ങളിലും
പൊന്നൂഞ്ഞാലിന്‍ ചോട്ടിലും
പൊടിയും ഹൃദയ താളമെന്നില്‍
പകരുന്നൊരന്യതാ ബോധം
ഓണമേളങ്ങളകലും നേരം
ഒരിക്കല്‍ക്കൂടി മടങ്ങും ഞാന്‍