• Sun. Aug 23rd, 2026

24×7 Live News

Apdin News

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Byadmin

Aug 23, 2026


സംഗീത സംവിധായകന്‍ സലില്‍ ചൗധരി പറഞ്ഞു. ‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍ ‘വിഷുക്കണി’ (1977) യുടെ സംവിധായകന്‍ ശശികുമാറിന് ആകെ വിഷമമായി. പുതിയ പടത്തില്‍ പാട്ടെഴുതാന്‍ മനസ്സിലുള്ളത് തമ്പിയാണ്. അദ്ദേഹത്തെ സലില്‍ ചൗധരിക്ക് പരിചയമില്ല. വയലാറിനും ഒന്‍വിക്കുമൊപ്പമേ അന്നോളം സലില്‍ദാ മലയാളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ആ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം ഹിറ്റായി നില്‍ക്കുന്ന കാലം. എന്തിനാണ് പുതിയ എഴുത്തുകാരനെ അവതരിപ്പിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.

ശ്രീകുമാരന്‍ തമ്പി മലയാളത്തിലെ ഒന്നാംനിര ഗാനരചയിതാവാണെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ നമുക്കു മാറ്റാമെന്നും പറഞ്ഞു ശശികുമാര്‍ സലില്‍ ചൗധരിയെ ഒരുവിധം സമ്മതിപ്പിച്ചു. നീരസത്തോടെയാണ് സലില്‍ ചൗധരി ഈണം ഉണ്ടാക്കാനിരുന്നതെന്നു ശ്രീകുമാരന്‍ തമ്പി അനുസ്മരിക്കുന്നു. ചെന്നൈയിലെ ഒരു ഹോട്ടലിലായിരുന്നു കംപോസിങ്.
ജന്മിയുടെ മകളെ വിവാഹം കഴിച്ച കര്‍ഷകയുവാവിന്റെ ആഹ്ലാദം പങ്കുവയ്‌ക്കുന്ന കഥാസന്ദര്‍ഭത്തിലെ ഈണമാണ് ആദ്യം ഒരുക്കിയത്. പ്രേംനസീറും വിധുബാലയും രംഗത്ത് അഭിനയിക്കും. സലില്‍ ചൗധരി ഉത്സവ താളത്തില്‍ ഇമ്പമാര്‍ന്ന ഈണം ഉണ്ടാക്കി. ടെന്‍ഷനിലായിരുന്ന ശശികുമാറിന്റെ നോട്ടം തമ്പിയുടെ മുഖത്തായി.
ഒട്ടും സമയം കളയാതെ തമ്പി എഴുതി

‘പൂവിളി പൂവിളി പൊന്നോണമായി
നീവരൂ നീവരൂ പൊന്നോണത്തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍
മുത്തായ് മാറ്റും പൂവയലില്‍
നീവരൂ ഭാഗം വാങ്ങാന്‍..’

സലില്‍ ചൗധരിയുടെ മുഖം തെളിഞ്ഞു. ശശികുമാറിന് ആശ്വാസമായി. അങ്ങനെ മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഓണപ്പാട്ട് പിറന്നു. ഓണനാളുകളില്‍ റേഡിയോയിലും ടെലിവിഷനിലുമെല്ലാം എത്രയോ പ്രാവശ്യമാണ് പൂവിളി പൂവിളി പ്ലേ ചെയ്യുന്നത്. മറ്റൊരു ഗാനത്തിനും ഇത്രമേല്‍ ആവശ്യക്കാരില്ല… ആര്‍ക്കും പാടാവുന്ന ഈണവും പദപ്രയോഗങ്ങളുമാണ് ഈ പാട്ടിന്റെ സവിശേഷത. യേശുദാസിന്റെ ഇമ്പമാര്‍ന്ന ആലാപനവും ശ്രദ്ധേയം

ശ്രീകുമാരന്‍ തമ്പി പറയുന്നു: ”ഒന്നാംതരം ആഘോഷത്തിന്റെ ഈണമാണ് സലില്‍ ചൗധരി എനിക്ക് ആദ്യം വച്ചുനീട്ടിയത്. ഞാന്‍ ആലോചിച്ചപ്പോള്‍ മലയാളിയുടെ ഏറ്റവും വലിയ ആഘോഷം ഓണമാണ്. ആ വിഷയം തന്നെ ഈ ഈണത്തിന് ഇരിക്കട്ടെ എന്നു വച്ചു. അങ്ങനെയാണ് ‘പൂവിളി പൂവിളി പൊന്നോണമായ്…’ എന്നെഴുതിയത്. അല്ലാതെ ‘വിഷുക്കണി’യിലെ കഥയ്‌ക്കും കഥാസന്ദര്‍ഭത്തിനും ഓണവുമായി ഒരു ബന്ധവുമില്ല.”

അടുത്തതായി ഒരു താരാട്ടു പാട്ടിന്റെ സന്ദര്‍ഭമാണ്. സലില്‍ദാ ഈണമിട്ടു. തമ്പി എഴുതി.
”മലര്‍ക്കൊടിപോലെ
വര്‍ണത്തുടിപോലെ
മയങ്ങൂ…നീയെന്‍ മടിമേലേ…”

സലില്‍ ചൗധരി എഴുന്നേറ്റു വന്നു തമ്പിയെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു: ”You are the fastest writer I have ever met” (ഞാന്‍ കണ്ടിട്ടുള്ള എഴുത്തുകാരില്‍ ഏറ്റവും വേഗത്തില്‍ പാട്ടെഴുതുന്നയാള്‍ താങ്കളാണ്) എസ്. ജാനകി. മലയാളത്തില്‍ പാടിയ താരാട്ടു പാട്ടുകളില്‍ ജനപ്രീതിയില്‍ ആദ്യ മൂന്നില്‍ വരും ഈ ഗാനം.

ആദ്യ സമാഗമത്തിലെ ഈ സന്തോഷത്തില്‍ ഒരു ബോണസു കൂടി ഉണ്ടായി. ആദ്യ രണ്ടു പാട്ട് വേഗം കംപോസ് ചെയ്തു കഴിഞ്ഞപ്പോള്‍ സലില്‍ ചൗധരി പറഞ്ഞു. ”ഞാനൊരു കൗശല ഈണം ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് പലരോടും പറഞ്ഞിട്ടും ആര്‍ക്കും ഇതുവരെ വരികള്‍ എഴുതാന്‍ പറ്റിയിട്ടില്ല. രണ്ടക്ഷരം മാത്രമുള്ള വാക്കുകളേ ഇതിനു പറ്റൂ. താങ്കള്‍ക്ക് സാധിക്കുമോ?” ശ്രമിക്കാമെന്ന് തമ്പി പറഞ്ഞു.സലില്‍ ചൗധരി ഈണം കേള്‍പ്പിച്ചു. കൊച്ചു വാക്കുകള്‍ അധികമില്ലാത്ത മലയാളഭാഷയ്‌ക്ക് ഒട്ടും വഴങ്ങാത്ത ഈണം. ”എങ്കിലും അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നു തമ്പി വിചാരിച്ചു. എഴുതി.

‘കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്
കാറ്റില്‍ തൂവും കസ്തൂരി നിന്‍ വാക്ക്’

ഹോട്ടല്‍ മുറിയില്‍ കരഘോഷവും പൊട്ടിച്ചിരിയും ഉയര്‍ന്നു. വാണിജയറാം പാടി ‘വിഷുക്കണി’യില്‍ത്തന്നെ ഈ ഗാനവും ഉള്‍പ്പെടുത്തി. മറ്റു പാട്ടുകളെപ്പോലെ ഹിറ്റാവുകയും ചെയ്തു. ‘സത്യത്തില്‍ എന്റെ രചനാവൈഭവത്തെ സലില്‍ ചൗധരി പരീക്ഷിച്ചതാണെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു’ തമ്പി പറയുന്നു.

പില്‍ക്കാലം ഇരുവരും അടുത്ത കൂട്ടുകാരായി. തമ്പി നിര്‍മിച്ചു സംവിധാനം ചെയ്ത ‘ഏതോ ഒരു സ്വപ്‌ന’ത്തിന്റെ കംപോസിങ് നടന്നതു സലില്‍ ചൗധരിയുടെ മുംബൈ ഫ്ലാറ്റിലാണ്. സമയാസമയത്ത് ഭക്ഷണമൊരുക്കി ഇവര്‍ക്കൊപ്പം നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സബിതാ ചൗധരി.



By admin