• Sun. Nov 1st, 2026

24×7 Live News

Apdin News

കാവ്യനര്‍ത്തകി കേരളം

Byadmin

Nov 1, 2026



കേരളപ്പറവി ദിനത്തില്‍ നമ്മുടെ നാടിന്റെ നന്മകള്‍ പാടാന്‍ ഒട്ടേറെ നല്ല ചലച്ചിത്രഗാനങ്ങള്‍ നമുക്കുണ്ട്.
എല്ലാ മലയാളികളെയും പോലെയായിരുന്നു തങ്കച്ചനും. അതിര്‍ത്തി കടന്ന് അന്യനാട്ടിലെത്തിയപ്പോഴാണു തന്റെ നാടിന്റെ സൗന്ദര്യവും കേരളത്തിലെ ജീവിതത്തിന്റെ മൂല്യവും തിരിച്ചറിഞ്ഞത്.

ഉത്തരേന്ത്യയിലെ പൊള്ളുന്ന പട്ടാള ക്യാംപിലിരുന്ന് അയാള്‍ പാടി:
‘മാമലകകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്, കൊച്ചു
മലയാളമെന്നൊന്നു നാടുണ്ട്
കാടും തൊടികളും കനക നിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്’.
പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ ‘നിണമണിഞ്ഞ കാല്പാടുകള്‍’ (1963) എന്ന സിനിമയിലെ നായകനായിരുന്നു പട്ടാളക്കാരനായ തങ്കച്ചന്‍. നായകനെ അവതരിപ്പിച്ചതു മലയാളത്തിന്റെ മുഖശ്രീയായ പ്രേം നസീര്‍. കേരളത്തെ വര്‍ണിച്ചുകൊണ്ടു മുന്‍പും മലയാള സിനിമയില്‍ പാട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായി സൂപ്പര്‍ ഹിറ്റായത് ഈ പ്രവാസിയുടെ പാട്ടാണ്.
ബാബുരാജിന്റെ താളബദ്ധമായ സംഗീതവും പി.ബി. ശ്രീനിവാസിന്റെ വ്യത്യസ്തതയാര്‍ന്ന ആലാപനവും മലയാളികളെ ഒന്നാകെ ആകര്‍ഷിച്ചു.
എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം ഇന്നും ഈ ഗാനമുണ്ട്, നഷ്ടനന്മയുടെ ഓര്‍മായി.
ആര്‍ക്കും പാടാവുന്ന ലളിതമായ വാക്കുകളും സംഗീതവും ഇതിന്റെ ആസ്വാദ്യതയേറ്റി. കേള്‍ക്കാന്‍ മാത്രമല്ല, ഒന്നു പാടാനും തോന്നുന്ന ഗാനം. ഒരേസമയം ഗൃഹാതുരവും കാല്പനികവുമായ ഈ വരികള്‍ പിറന്നതു പി. ഭാസ്‌കരന്റെ കനക തൂലികയില്‍.
പി. ഭാസ്‌കരന്‍ തന്നെ ‘തുറക്കാത്ത വാതില്‍’ (1970) എന്ന ചിത്രത്തില്‍ പിന്നീട് ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ (സംഗീതം: കെ. രാഘവന്‍) എന്നും എഴുതി.
എക്കാലവും കേരളത്തിന്റെ കായലരികത്തു വലയെറിയാന്‍ ഇഷ്ടപ്പെട്ടിരുന്ന കവിയായിരുന്നു പി. ഭാസ്‌കരന്‍. കേരളത്തിലെ സ്ഥലനാമങ്ങള്‍ ഇത്രയേറെ പാട്ടില്‍കൊണ്ടുവന്ന മറ്റൊരു ഗാനരചയിതാവില്ല.
മലരണിക്കാടുകള്‍
ചങ്ങമ്പുഴയുടെ അതിപ്രശസ്തമായ പ്രണയകാവ്യം ‘രമണന്‍’ 1967ല്‍ സിനിമയാക്കി. കവിതയിലെ ‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി മരതകക്കാന്തിയില്‍ മുങ്ങിമുങ്ങി’ തുടങ്ങിയ പ്രകൃതി വര്‍ണനാഭാഗങ്ങള്‍ ചിത്രത്തില്‍ ടൈറ്റില്‍ സോങ് ആയി ഉപയോഗിച്ചു. ആര്‍ക്കും ആലപിക്കാവുന്ന ലളിതമായ ഈണമാണു സംഗീത സംവിധായകന്‍ കെ. രാഘവന്‍ നല്‍കിയത്. പാടിയത് കെ. രാധയും കോട്ടയും ശാന്തയും ചേര്‍ന്ന്.
കേരളീയതയില്‍ ഊറ്റംകൊണ്ട് കേരളീയോല്‍പത്തി സംബന്ധിച്ച ഐതിഹ്യത്തിനുമേല്‍ പ്രഹരമല്‍പ്പിച്ചതു വയലാറാണ്. ‘കൂട്ടുകുടുംബം’
(1969സംഗീതം: ദേവരാജന്‍) എന്ന ചിത്രത്തിനായി അദ്ദഹം എഴുതി.
‘പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍വന്നു തിരുമുല്‍ക്കാഴച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം’. (ഗായിക: പി. സുശീല)
കേരളദേശത്തിന്റെ പ്രകൃതിഭംഗിയില്‍ ഇത്രയേറെ ഊറ്റം കൊള്ളുകയും ലഹരി അനുഭവിക്കുകയും ചെയ്ത മറ്റൊരു ഗാനരചയിതാവില്ല എന്നു പറയാം. നദി(1969ദേവരാജന്‍) എന്ന ചിത്രത്തില്‍ അദ്ദേഹം എഴുതി
‘പുഴകള്‍ മലകള്‍ പൂവനങ്ങള്‍
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍
സന്ധ്യകള്‍ മന്ദാര ചാമരം വീശുന്ന
സുന്ദര ശീതള മണല്‍പ്പുറങ്ങള്‍’
ചന്ദ്രനെ വര്‍ണിക്കുന്ന ‘തങ്കത്താഴിക കുടമല്ല…’ എന്ന ഗാനത്തിലൂടെ (ചിത്രം: പേള്‍വ്യൂ, ദേവരാജന്‍) പരോക്ഷമായി കേരളീയതയുടെ സൗഭാഗ്യങ്ങളെ വയലാര്‍ വര്‍ണിക്കുന്നത് ആസ്വദിക്കുകതന്നെ വേണം. ചന്ദ്രന്റെ ന്യൂ
നതകളെപ്പറ്റി കവി പറയുന്നതു കേള്‍ക്കൂ. കേരളത്തിന്റെ നന്മകളാണവ.
‘കസ്തൂരിമാനില്ല, കല്ലോലിനിയില്ല
കല്പക തളിര്‍മര തണലില്ല
…. …. ……
കര്‍പ്പൂരശിലയില്ല, കദളീവനമില്ല
കാറ്റിന്റെ ചിറകടി ഒച്ചയില്ല.
കേളികൊട്ടുയരുന്ന കേരളം
കേരളം, മലയാളം, കേരള കലകള്‍ എന്നീ വിഷയങ്ങള്‍ ഏറ്റവും ചാരുതയോടെ കൈകാര്യം ചെയ്തതു ശ്രീകുമാരന്‍ തമ്പിയാണ്. മിനിമോള്‍(1977) എന്ന ചിത്രത്തില്‍ അദ്ദഹം എഴുതി ദേവരാജന്‍ സംഗീതം നല്‍കിയ
‘കേരളം കേരളം
കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമാമെന്‍ കേരളം’ എന്ന ഗാനത്തോളം പ്രശസ്തി മറ്റൊരു കേരളഗാനത്തിനും ഇന്നോളം കിട്ടിയിട്ടില്ല. പാട്ടുപിറന്ന കഥ ശ്രീകുമാരന്‍ തമ്പി പറയുന്നു: ‘പ്രത്യേക നിഷ്‌കര്‍ഷയൊന്നും ഇല്ലായിരുന്നു. ഒരു നല്ല പാട്ടുവേണമെന്നേ സംവിധായകന്‍ ശശികുമാര്‍ പറഞ്ഞുള്ളൂ. കാലാതീതമായ ഒരു പാട്ടെഴുതാനുള്ള അവസരമായാണു ഞാനതു കണ്ടത്.
വരികള്‍ ദേവരാജനു വലിയ സന്തോഷമായി. കേള്‍വിക്കാരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ശങ്കരാഭരണം രാഗത്തില്‍ അദ്ദേഹം ഈണം നല്‍കി. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമായി ഈ ഗാനം. എവിടെയെല്ലാം മലയാളിയുണ്ടോ, അവിടെയെല്ലാം ഈ ഗാനം എന്നും ജീവിക്കും.’
കേരളത്തിന്റെ കലാമേന്മകളെ അവതരിപ്പിക്കുന്ന
‘കാവ്യനര്‍ത്തകീ ചിലമ്പൊലി ചാര്‍ത്തിയ
കലയുടെ നാടേ മലനാടേ…’(ലോട്ടറി ടിക്കറ്റ്) എന്ന ഗാനം
കേട്ടു നോക്കൂ.(1970 സംഗീതം: ദക്ഷിണാമൂര്‍ത്തി) കേരളീയ ദൃശ്യകലയുടെ ചരിത്രം ഒരു ഗാനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. ഇതിലെ ‘പരിഹാസത്തിന്‍ മധുരത്തില്‍ കഥപാടിത്തുള്ളീ കുഞ്ചന്‍ നമ്പ്യാര്‍’ എന്ന വരിയില്‍ തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ചതിനു പിന്നിലെ നമ്പ്യാരുടെ ഒരു രാത്രിവാശിയുടെ കഥ തമ്പി ഒതുക്കിയിരിക്കുന്നതിന്റെ കയ്യടക്കം പ്രശംസനീയം.
‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്
മലര്‍മേഘത്തിരനീന്തും നഭസ്സ്’ (ബന്ധുക്കള്‍ ശത്രുക്കള്‍-1993) എന്നും
‘മലയാള ഭാഷതന്‍ മാദകഭംഗി നിന്‍
മലര്‍മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കരമുണ്ടില്‍ത്തെളിയുന്നു’ (ദേവരാജന്‍-ആലാപനം: പി. ജയചന്ദ്രന്‍. ചിത്രം: ‘പ്രേതങ്ങളുടെ താഴ്വര’) എന്നും എഴുതിയതു മറ്റാരുമല്ല.

നിത്യസുന്ദരി
കേരളത്തെ സുന്ദരിയായ ഒരു പെണ്‍കിടാവായി ഉപമിച്ചിരിക്കുകയാണു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.
1979 ലെ
‘കാലം കാത്തുനിന്നില്ല’ എന്ന ചിത്രത്തിലെ
‘മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും
മലര്‍വല്ലിക്കുടിലിന്റെ മതിലകത്ത്
നിറയൗവനത്തിന്റെ നിറമാല ചാര്‍ത്തിനില്‍ക്കും
നിത്യസുന്ദരിയെന്റെ കേരളം’ എന്ന ഗാനത്തിലാണ് ഈ സുന്ദരി പെണ്‍കുട്ടി. (സംഗീതം. എ.ടി. ഉമ്മര്‍).
‘പത്മതീര്‍ഥ’ത്തില്‍ (1978) കെ.വി. മഹാദേവന്റെ സംഗീതത്തില്‍ ‘മഹേന്ദ്ര ഗിരിയുടെ മതിലകത്ത്
മലയാളത്തിന്റെ നാലുകെട്ട്…’, എന്ന വിശേഷണവും മങ്കൊമ്പിന്റേതാണ്. 2005ല്‍ ‘മയൂഖ’ത്തില്‍ രവി ബോംബെയുടെ സംഗീതത്തില്‍ ‘ഈ പുഴയും കുളില്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും മാനോടും താഴ്വരയും’ ഓര്‍മയിലെ മര്‍മരമാക്കിയതും മറ്റാരുമല്ല.

സംസ്‌കാരിക സൗന്ദര്യം
‘കളിയച്ഛന്‍ പോറ്റിയ കേളീ
കലയുടെ കോവില്‍ക്കണ്ടു
കതിര്‍പൂക്കും വിളക്കു കണ്ടു
കമലദളം കണ്ടു’
വേനല്‍ക്കിനാവുകള്‍(1991) എന്ന ചിത്രത്തിലെ ‘പേരാറ്റിന്‍ അക്കരയക്കരെ…’ എന്ന ഒഎന്‍വി ഗാനത്തിലെ വരികളാണിത്. (ലോക പ്രശസ്ത വയലിനിസ്റ്റ് എല്‍. വൈദ്യനാഥന്റെ സംഗീതം.)
സംസ്‌കാരിക ഛായയില്‍ കേരളത്തെ വര്‍ണിക്കാനാണ് ഒഎന്‍വിക്ക് ഇഷ്ടം. കാറ്റിലാടി ഉലയുന്ന ആറ്റുവഞ്ചിപ്പൂക്കളും ആതിരപ്പൂവണിയുന്ന ആലിമാലി മണല്‍ത്തട്ടും നിറഞ്ഞ നിള തന്റെ പ്രിയ കേരളകാഴ്ചയാണെന്നു ‘നഖക്ഷതങ്ങളി’ലൂടെ കവി നമ്മോടു പറഞ്ഞു.

മതിവരാത്ത വര്‍ണനകള്‍
ധനുമാസക്കാറ്റേ വാ….(മുത്തോടു മുത്ത്), മഞ്ഞണിഞ്ഞ മാമലകള്‍…(കോട്ടയം കുഞ്ഞച്ചന്‍) എന്നീ മനോഹരമായ കേരള വര്‍ണനകള്‍ കവി ചുനക്കര രാമന്‍കുട്ടിയുടേതാണ്. മധുരസംഗീതം ഒരുക്കിയതു ശ്യാം.
‘കേരളത്തപ്പറ്റി എഴുതാന്‍ ഒട്ടും ആയാസപ്പെടേണ്ടതില്ല. പേനയെടുത്ത് ഇരുന്നാല്‍ മതി. നമ്മുടെ
മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സൗന്ദര്യം വരികളിലേക്കു താനേ ഒഴുകി വരും.’ ചുനക്കര ഒരിക്കല്‍ ഈ ലേഖകനോടു പറഞ്ഞു. സമീപകാലത്തെ മികച്ചൊരു കേരള വര്‍ണനയാണ് ‘ജലോല്‍സവം’ എന്ന ചിത്രത്തില്‍ ബി. ആര്‍. പ്രസാദ് എഴുതി അല്‍ഫോന്‍സ് ഈണം നല്‍കി പി. ജയചന്ദ്രന്‍ പാടിയ
‘കേരനിരകളാടും ഒരു ഹരിത ചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം’.
‘കരുമാടിക്കുട്ടനി’ലെ
‘സഹ്യസാനുശ്രുതി ചേര്‍ത്തുവച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയില്‍
ഉണര്‍ന്നിടുന്നു സ്വരസാന്ത്വനം’ (സംഗീതം: മോഹന്‍ സിതാര). എന്ന ഗാനത്തില്‍ ഈ നാടിന്റെ പ്രകൃതിഭംഗി തേന്‍മഴയാക്കി മാറ്റുകയാണു കവി യൂസഫലി കേച്ചേരി. ‘തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകയ്യായ് വിരിയണ മലനാടി’നെയാണു ‘മേഘം’ എന്ന സിനിമയില്‍ ഗിരീഷ് പുത്തഞ്ചേരി വര്‍ണിച്ചിരിക്കുന്നത്.

ഓണത്താറും വണ്ണാത്തിപ്പുഴയും പഴുക്കടയ്‌ക്കത്തൂണുമൊക്കെയുള്ള വടക്കന്‍ മലബാര്‍ ചാരുതകളെ കൈതപ്രത്തോളം ആവിഷ്‌ക്കരിച്ചിട്ടുള്ളവരില്ല. വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പുകളിലേക്കു ‘അറബിക്കഥ’യിലെ ‘തിരികെ ഞാന്‍…’ എന്ന ഗാനത്തിലൂടെ അനില്‍ പനച്ചൂരാന്‍ ആസ്വാദകരെ കൈപിടിച്ചു നടത്തി. ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്ന സൂര്യാംശുവിന്റെ സൗവര്‍ണ ഗ്രാമീണ കാഴ്ചകളിലേക്കാണു ‘പക്ഷേ’ എന്ന ചിത്രത്തില്‍ കെ. ജയകുമാര്‍ കണ്‍തുറക്കുന്നത്. (സംഗീതം- ജോണ്‍സണ്‍)

ഇങ്ങനെ, എഴുതിയാല്‍ തീരാത്തത്ര സമൃദ്ധമാണു നമ്മുടെ പാട്ടുകള്‍ പകര്‍ന്ന കേരളക്കാഴ്ചകള്‍. ഈ കുറിപ്പില്‍ സ്പര്‍ശിക്കപ്പെട്ടവയില്‍ എത്രയോ ഏറെയാണ് പരാമര്‍ശിക്കപ്പെടാത്തവ.
കേരളമെന്ന മനോഹര തീരത്തു ജീവിക്കാന്‍ മോഹിക്കാത്തവരില്ല. ഈ നാട് സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഒരുവേളയെങ്കിലും അങ്ങനെ കൊതിച്ചിട്ടുണ്ടാവും. ഏതുവിധേനയും കേരളത്തോടു ബന്ധം സ്ഥാപിക്കാനുള്ള അവരുടെ ആഗ്രഹം എത്ര തീവ്രമാണെന്നു കാണൂ. ചിറ്റൂര്‍ ഗോപിയുട വരികള്‍ ഉഷാ ഉതുപ്പ് പാടുന്നു.
‘എന്റെ കേരളം എത്ര സുന്ദരം
എന്റെ കേരളം എത്ര സുന്ദരം
ജനിച്ചതെങ്ങോ എങ്കില്‍ക്കൂടി
വളര്‍ത്തു മകളായ് ഞാന്‍…’

ശബ്ദമുണര്‍ന്നതേ കേരള സ്തുതിയോടെ
മലയാള സിനിമ ശബ്ദിച്ചതിനൊപ്പംതന്നെ ഗാനങ്ങളിലൂടെയുള്ള കേരളവര്‍ണനകളും മുഴങ്ങി. ആദ്യ ശബ്ദസിനിമയായ ‘ബാലനി’ല്‍(1938)ത്തന്നെ ഈ നാടിന്റെ സൗന്ദര്യവും മേന്മകളും പ്രകീര്‍ത്തിക്കുന്ന പാട്ടു പിറന്നു. മലയാളത്തിലെ ആദ്യ സിനിമാഗാന രചയിതാവായ മുതുകുളം രാഘവന്‍ പിള്ള എഴുതി, കെ.കെ. അരൂര്‍ പാടി.
‘ഭാരതത്തിന്‍ പൊന്‍ വിളക്കാം
കേരള മേദീനീ ദേവി
ചാരുതരഗുണാരാമ രാജിതയല്ലോ'(സംഗീതം: കെ.കെ. അരൂര്‍, ഇബ്രാഹിം). തുടക്കം കേമമായി. പിന്നീടു വന്ന ഗാനരചയിതാക്കളാരും ഈ നാടിനെ വര്‍ണിക്കാതിരുന്നില്ല. ദേശീയ വാദിയും കവിയുമായ ബോധേശ്വരന്‍ എഴുതിയ കേരളഗാനമാണ്
‘ജയജയ കോമള കേരളധരണീ
ജയജയ മാമക പൂജിത ജനനീ’.
കേരളമൊട്ടാകെ ഏറ്റുപാടിയ ഈ പാട്ടിന്റെ ജനപ്രീതി പരിഗണിച്ച് ‘യാചകന്‍’ എന്ന ചിത്രത്തില്‍ (1951സംഗീതം: എസ്.എന്‍. രംഗനാഥന്‍) ഇതേപടി ഉപയോഗിക്കുകയായിരുന്നു. ഈ ചിത്രത്തില്‍ അഭയദേവ് എഴുതിയ
‘കോമള കേരളമേ, സസ്യ
ശ്യാമള പൂവനമേ’ എന്നൊരു കേരള വര്‍ണനകൂടിയുണ്ട്. പിന്നീടു വന്ന ‘പൊന്‍കതിര്‍’ എന്ന ചിത്രത്തില്‍ ‘ആനന്ദവാസം അമരവിലാസം ആഹാ കേരളദേശം’ എന്ന ഗാനം തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായര്‍ സംഭാവന ചെയ്തു.

(1953സംഗീതം: ബ്രദര്‍ ലക്ഷ്മണന്‍. ഗായിക: എന്‍. ലളിത) അദ്ദേഹം തന്നെ ‘ജയില്‍പ്പുള്ളി’ എന്ന ചിത്രത്തില്‍ ‘കേരളമാ! ഞങ്ങളുടെ കേളി പെരുംനാട് നാളുതോറും നന്മതരും ഞങ്ങളുടെ നാട്’ എന്ന ഗാനത്തില്‍ വീണ്ടും കേരളവര്‍ണന കൊണ്ടുവന്നു.
(1957ബ്രദര്‍ ലക്ഷ്മണന്‍. ആലാപനം: പി. ഗംഗാധരന്‍ നായര്‍, സി.എസ്. രാധാദേവി). ഇവയായിരുന്നു സിനിമയില്‍വന്ന ആദ്യകാല കേരളഗാനങ്ങള്‍.

 

By admin