ഇന്ത്യന്‍ നാവികസേനയ്‌ക്കായി നിര്‍മിക്കുന്ന ആറ് നെക്സ്റ്റ് ജനറേഷന്‍ മിസൈല്‍ വെസ്സലുകളും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും ഡ്രൈഡോക്‌സ് വേള്‍ഡും തമ്മിലുള്ള പങ്കാളിത്തവും വലിയൊരു പരിവര്‍ത്തനത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളാണ്. കൂടുതല്‍ സങ്കീര്‍ണമായ യുദ്ധക്കപ്പലുകള്‍ രാജ്യത്തിനകത്തുതന്നെ നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശേഷി ആദ്യത്തേത് ശക്തിപ്പെടുത്തുന്നു. ഇന്ത്യന്‍ കപ്പലുകള്‍ അറ്റകുറ്റപ്പണി അടിസ്ഥാനസൗകര്യങ്ങളെ അന്താരാഷ്‌ട്ര സമുദ്രവ്യാപാര വിപണിയുമായി ബന്ധിപ്പിക്കാനുള്ള അവസരമാണ് രണ്ടാമത്തേത് തുറക്കുന്നത്. തന്ത്രപ്രധാനമായ ഒരു പൊതുമേഖലാ കപ്പല്‍ശാലയില്‍നിന്ന് വിപുലമായ സമുദ്രവ്യവസായ കേന്ദ്രത്തിലേക്ക് കൊച്ചി വളരുകയാണെന്നതിന്റെ സൂചനകളാണിവ.
ഐഎന്‍എസ്‌വിക്രാന്തിന്റെ നിര്‍മാണം
ഈ മാറ്റത്തിന്റെ അടിത്തറ വര്‍ഷങ്ങള്‍ക്കുമുമ്പേ രൂപപ്പെട്ടതാണ്. ഇന്ത്യയില്‍ ഇതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും സങ്കീര്‍ണമായ നാവിക എന്‍ജിനീയറിങ് പദ്ധതികളിലൊന്നായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം ഏറ്റെടുത്തതിലൂടെ, അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാനുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് തെളിയിച്ചു. ഒരു വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണം വലിയൊരു കപ്പലിന്റെ പുറംചട്ട കൂട്ടിച്ചേര്‍ക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. പ്രൊപ്പല്‍ഷന്‍ സംവിധാനം, വൈദ്യുത സംവിധാനങ്ങള്‍, സെന്‍സറുകള്‍, വ്യോമയാന സൗകര്യങ്ങള്‍, ആയുധങ്ങള്‍, ആയിരക്കണക്കിന് ഘടകങ്ങള്‍ എന്നിവയെല്ലാം ഏകോപിപ്പിക്കേണ്ട വലിയ സാങ്കേതിക ദൗത്യമാണത്. ഇന്ത്യയിലെ നിരവധി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും കൂട്ടായ പ്രവര്‍ത്തനവും ഇതിന് ആവശ്യമാണ്.
വിക്രാന്തിന്റെ നിര്‍മാണത്തിലൂടെ നേടിയ അനുഭവസമ്പത്തും വ്യവസായശേഷിയും പുതിയ തലമുറയിലെ നാവികക്കപ്പലുകളുടെ നിര്‍മാണത്തിന് അടിത്തറയാകുകയാണ്. നാവികസേനയ്‌ക്കായി നിര്‍മിക്കുന്ന ആറ് നെക്സ്റ്റ് ജനറേഷന്‍ മിസൈല്‍ വെസ്സലുകള്‍ മറ്റൊരു വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളാണ്. വേഗത, ആധുനിക സെന്‍സറുകള്‍, ആയുധശേഷി, സമുദ്രത്തിലെ ആക്രമണശേഷി എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്ന ചെറുതും ശക്തവുമായ ഉപരിതല യുദ്ധക്കപ്പലുകളാണ് ഇവ.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാസാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം കപ്പലുകള്‍ക്ക് നാവികസേനയില്‍ വര്‍ധിച്ച പ്രാധാന്യമുണ്ട്. വിശാലമായ തീരപ്രദേശം, ദ്വീപുകള്‍, കടലിലെ തന്ത്രപ്രധാന ആസ്തികള്‍, അന്താരാഷ്‌ട്ര കപ്പല്‍ഗതാഗത പാതകള്‍ എന്നിവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയ്‌ക്കുണ്ട്. അറബിക്കടല്‍ മുതല്‍ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള വിശാലമായ സമുദ്രവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയും നാവികസേനയ്‌ക്ക് ആവശ്യമാണ്. ചൈനീസ് നാവികസാന്നിധ്യത്തിന്റെ വര്‍ധന, പ്രധാന കപ്പല്‍ഗതാഗത പാതകളിലെ അസ്ഥിരത, തന്ത്രപ്രധാനമായ കടല്‍പ്പാതകളുടെ പ്രാധാന്യം എന്നിവ ഉപരിതല നാവികസേനയുടെ ആധുനികവല്‍ക്കരണത്തെ കൂടുതല്‍ അനിവാര്യമാക്കുന്നു.
അതിനാല്‍, നെക്സ്റ്റ് ജനറേഷന്‍ മിസൈല്‍ വെസ്സല്‍ പദ്ധതി ഒറ്റപ്പെട്ടൊരു പ്രതിരോധ സംഭരണ പദ്ധതിയായി കാണാനാവില്ല. ഇന്ത്യയ്‌ക്ക് വിമാനവാഹിനിക്കപ്പലുകളും ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും ആവശ്യമാണെന്നതുപോലെ, കുറഞ്ഞ ചെലവിലും താരതമ്യേന കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ചും വലിയ ആയുധശേഷി പ്രയോഗിക്കാന്‍ കഴിയുന്ന ചെറുതും വേഗതയേറിയതുമായ യുദ്ധക്കപ്പലുകളും ആവശ്യമാണ്. കൊച്ചിയില്‍ ഇത്തരം കപ്പലുകള്‍ നിര്‍മിക്കുന്നത് അത്യാധുനിക നാവിക പ്ലാറ്റ്ഫോമുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശേഷി കൂടുതല്‍ വിപുലമാക്കുന്നു.
ഇവിടെയാണ് നാവികസേനയുടെ ആധുനികവല്‍ക്കരണം തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവുമായി സംഗമിക്കുന്നത്.
കപ്പല്‍നിര്‍മാണവും സമുദ്ര വ്യവസായവും
ഒരു ആധുനിക യുദ്ധക്കപ്പല്‍ ഒരൊറ്റ കപ്പല്‍ശാലയുടെ മാത്രം ഉല്‍പ്പന്നമല്ല; വിപുലമായ വ്യവസായ ശൃംഖലയുടെ സൃഷ്ടിയാണ്. സ്റ്റീല്‍, പ്രൊപ്പല്‍ഷന്‍ ഉപകരണങ്ങള്‍, റഡാറുകള്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍, ആയുധങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, പമ്പുകള്‍, കേബിളുകള്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍ തുടങ്ങി നൂറുകണക്കിന് ഘടകങ്ങള്‍ ഒരുമിച്ചുചേര്‍ന്നാലേ ഒരു യുദ്ധക്കപ്പല്‍ പ്രവര്‍ത്തനസജ്ജമാകൂ. അതുകൊണ്ടുതന്നെ ഓരോ പ്രധാന നാവിക നിര്‍മാണ പദ്ധതിയും രാജ്യത്തെ വിപുലമായ ഉല്‍പ്പാദന മേഖലയ്‌ക്ക് പുതിയ ആവശ്യങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്നു.
നാവികക്കപ്പലുകളില്‍ തദ്ദേശീയ ഘടകങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന്റെ പ്രയോജനം പ്രതിരോധ സംഭരണത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് സാങ്കേതിക പരിചയം നേടാനും ചെറുകിട നിര്‍മാതാക്കള്‍ക്ക് ദീര്‍ഘകാല ഓര്‍ഡറുകള്‍ ലഭിക്കാനും, മുമ്പ് ഇറക്കുമതി ചെയ്തിരുന്ന സാങ്കേതികവിദ്യകളില്‍ രാജ്യത്തിനകത്ത് വൈദഗ്ധ്യം വളര്‍ത്താനും ഇതിലൂടെ കഴിയും. ഇന്ത്യയില്‍ യുദ്ധക്കപ്പലുകള്‍ കൂട്ടിച്ചേര്‍ക്കുക എന്നതിലുപരി, അവയുടെ സാങ്കേതികവിദ്യയും ഉപകരണങ്ങളും അറ്റകുറ്റപ്പണിയും പരിപാലനവും ക്രമേണ രാജ്യത്തിനകത്തുതന്നെ നിര്‍വഹിക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് യഥാര്‍ഥ ലക്ഷ്യം.
ഈ ലക്ഷ്യത്തില്‍ കൊച്ചിയുടെ പ്രാധാന്യം വര്‍ധിക്കുന്നത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഭൗതിക അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുന്നതിനാലാണ്.
പുതിയ ഡ്രൈഡോക്ക് കപ്പല്‍ശാലയ്‌ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കപ്പലുകളുടെ വലുപ്പവും ശേഷിയും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ നാവിക പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം എല്‍എന്‍ജി കാരിയറുകള്‍, ടാങ്കറുകള്‍, കടലിലെ എണ്ണ-വാതക പദ്ധതികള്‍ക്കാവശ്യമായ ഘടനകള്‍, മറ്റ് പ്രത്യേക വാണിജ്യക്കപ്പലുകള്‍ എന്നിവയിലും പ്രവര്‍ത്തിക്കാന്‍ ഇതുവഴി കഴിയും. പ്രതിരോധ കരാറുകളെ മാത്രം ആശ്രയിച്ചുകൊണ്ട് കപ്പല്‍ശാലയുടെ ഭാവി വളര്‍ച്ച ഉറപ്പാക്കാനാവില്ലെന്നതാണ് ഇതിന്റെ പ്രാധാന്യം. നാവികക്കപ്പല്‍ നിര്‍മാണം സാങ്കേതിക മികവും ദീര്‍ഘകാല തന്ത്രപ്രധാന കരാറുകളും നല്‍കുമ്പോള്‍, അന്താരാഷ്‌ട്രതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ള സമുദ്രവ്യവസായം സൃഷ്ടിക്കാന്‍ വാണിജ്യ കപ്പല്‍നിര്‍മാണവും അറ്റകുറ്റപ്പണിയും അനിവാര്യമാണ്.
ഇതിനാലാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും തമ്മിലുള്ള സംയുക്ത സംരംഭം കൊച്ചിയുടെ സമുദ്രവ്യവസായ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവയ്‌പ്പായി മാറാന്‍ സാധ്യതയുള്ളത്.
ആഗോള വിപണിയുടെ പ്രവേശന കവാടം
അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി വിപണിയില്‍ പരിചയസമ്പത്തുള്ള സ്ഥാപനമാണ് ഡ്രൈഡോക്‌സ് വേള്‍ഡ്. കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് എടുക്കുന്ന സമയം, സാങ്കേതിക മികവ്, വിശ്വാസ്യത എന്നിവയാണ് ആഗോള കപ്പല്‍ ഉടമകള്‍ അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് അടിസ്ഥാനസൗകര്യവും എന്‍ജിനീയറിങ് ശേഷിയും വളര്‍ന്നുവരുന്ന ഇന്ത്യന്‍ വിതരണ ശൃംഖലയുമുണ്ട്. ഈ രണ്ട് ശേഷികളും ഒന്നിക്കുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കപ്പുറം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര കപ്പലുകളെയും ആകര്‍ഷിക്കാനുള്ള അവസരമാണ് കൊച്ചിക്ക് ലഭിക്കുന്നത്.
ഭൂമിശാസ്ത്രപരമായ സ്ഥാനവും കൊച്ചിക്ക് അനുകൂലമാണ്. ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും ദക്ഷിണേഷ്യയുമായും തെക്കുകിഴക്കന്‍ ഏഷ്യയുമായും ബന്ധിപ്പിക്കുന്ന പ്രധാന കപ്പല്‍ഗതാഗത പാതകള്‍ക്ക് സമീപമാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം. ഓരോ വര്‍ഷവും ആയിരക്കണക്കിന് വാണിജ്യക്കപ്പലുകളാണ് വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലൂടെ സഞ്ചരിക്കുന്നത്. ഈ കപ്പലുകളില്‍ കൂടുതല്‍ എണ്ണത്തെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് വലിയ സാമ്പത്തിക അവസരം. നിലവില്‍ മറ്റു രാജ്യങ്ങളിലെ പ്രശസ്തമായ സമുദ്രവ്യവസായ കേന്ദ്രങ്ങള്‍ക്കാണ് ഈ വിപണിയുടെ വലിയൊരു പങ്ക് ലഭിക്കുന്നത്.
ഈ അവസരം ഇന്ത്യയ്‌ക്കു മുന്നില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ആവശ്യമായ അടിസ്ഥാനസൗകര്യവും പ്രവര്‍ത്തനശേഷിയും അന്താരാഷ്‌ട്ര വിപണിയുമായുള്ള ബന്ധവും പലപ്പോഴും പരിമിതികളായിരുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വികസനവും ഡ്രൈഡോക്‌സ് വേള്‍ഡുമായുള്ള പങ്കാളിത്തവും ഈ പോരായ്‌മകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ്.
ഈ സമീപനത്തിന്റെ പ്രധാന സവിശേഷത, അന്താരാഷ്‌ട്ര പങ്കാളിത്തത്തെ തദ്ദേശീയ ശേഷിയുടെ പകരക്കാരനായല്ല, അതിനെ ശക്തിപ്പെടുത്തുന്ന ഘടകമായാണ് കാണുന്നത് എന്നതാണ്. സ്വയംപര്യാപ്തതയും അന്താരാഷ്‌ട്ര സഹകരണവും തമ്മില്‍ ഇന്ത്യയ്‌ക്ക് തിരഞ്ഞെടുക്കേണ്ട സാഹചര്യമില്ല. നിര്‍ണായകമായ സാങ്കേതികശേഷികള്‍ രാജ്യത്തിനകത്ത് വികസിപ്പിക്കുന്നതിനൊപ്പം അന്താരാഷ്‌ട്ര പങ്കാളിത്തത്തിലൂടെ പരിചയസമ്പത്തും ഉയര്‍ന്ന പ്രവര്‍ത്തന നിലവാരവും ആഗോള വിപണിയിലേക്കുള്ള പ്രവേശനവും നേടുക എന്നതാണ് കൂടുതല്‍ പ്രായോഗികമായ വഴി.
വാണിജ്യ കപ്പല്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഈ മാതൃകയ്‌ക്ക് വലിയ പ്രയോജനം ലഭിക്കും. ഇന്ത്യയ്‌ക്ക് വിപുലമായ എന്‍ജിനീയറിങ് അടിത്തറയും വലിയ തൊഴില്‍ശേഷിയുമുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നേടാന്‍ ഉല്‍പ്പാദനശേഷി, കാര്യക്ഷമത, കുറഞ്ഞ സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള കഴിവ്, ആഗോള കപ്പല്‍ഗതാഗത ശൃംഖലയുമായുള്ള സംയോജനം എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. അന്താരാഷ്‌ട്ര സമുദ്രവ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ഈ വിടവ് നികത്താന്‍ സഹായിക്കും. അതേസമയം അടിസ്ഥാനസൗകര്യവും തൊഴിലവസരങ്ങളും ഇന്ത്യയില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്യും.
ദക്ഷിണകൊറിയയുമായി കൈകോര്‍ക്കുമ്പോള്‍
വലിയ വാണിജ്യക്കപ്പലുകളുടെ നിര്‍മാണത്തിനായി ദക്ഷിണ കൊറിയയുടെ കപ്പല്‍നിര്‍മാണ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ നീക്കത്തിലും ഇതേ യുക്തി കാണാം. ലോകത്തിലെ ഏറ്റവും സങ്കീര്‍ണവും വികസിതവുമായ കപ്പല്‍നിര്‍മാണ വ്യവസായങ്ങളിലൊന്നായി ദക്ഷിണ കൊറിയ മാറിയത് പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെയാണ്. ആ അനുഭവം ഇന്ത്യ ഒറ്റയ്‌ക്ക് പുനഃസൃഷ്ടിക്കേണ്ടതില്ല. ഇന്ത്യയില്‍ത്തന്നെ കപ്പലുകള്‍ നിര്‍മിക്കുകയും ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, കൃത്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത പങ്കാളിത്തങ്ങളിലൂടെ തദ്ദേശീയ ശേഷി വേഗത്തില്‍ വികസിപ്പിക്കാം.
കൊച്ചിയുടെ വ്യവസായ സമ്പദ്വ്യവസ്ഥയില്‍ ഇതുണ്ടാക്കാവുന്ന പ്രതിഫലം വലുതാണ്. കപ്പല്‍നിര്‍മാണം ഒറ്റപ്പെട്ടൊരു വ്യവസായമല്ല. വലിയൊരു കപ്പല്‍ശാല സ്റ്റീല്‍ ഫാബ്രിക്കേഷന്‍, വൈദ്യുത ഉപകരണങ്ങള്‍, മറൈന്‍ ഇലക്ട്രോണിക്‌സ്, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, പെയിന്റിങ്-കോട്ടിങ്, ചരക്കുനീക്കം, സംഭരണശാലകള്‍, ഹെവി എന്‍ജിനീയറിങ്, പ്രത്യേക സാങ്കേതിക സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ആവശ്യകത സൃഷ്ടിക്കുന്നു. കപ്പല്‍ അറ്റകുറ്റപ്പണി ഇതിനു പുറമെ സ്ഥിരമായ മറ്റൊരു വിപണിയും തുറക്കുന്നു. പതിവ് അറ്റകുറ്റപ്പണികള്‍ മുതല്‍ സങ്കീര്‍ണമായ ഘടനാപരവും യാന്ത്രികവുമായ ജോലികള്‍ വരെ ഇതിന്റെ ഭാഗമായി വരും.
ജോലിയുടെ അളവ് വര്‍ധിക്കുന്നതോടെ കപ്പല്‍ശാലയെ ചുറ്റിപ്പറ്റി അനുബന്ധ വ്യവസായ ശൃംഖല വളരാന്‍ തുടങ്ങും. ചെറുകിട എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ വിതരണക്കാരാകും. ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ വികസിക്കും. ലോജിസ്റ്റിക്സ് കമ്പനികള്‍ പ്രത്യേക സേവനശേഷി ആര്‍ജിക്കും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശീലനപദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. വിവിധതരം കപ്പലുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നൈപുണ്യവും തൊഴിലാളികള്‍ നേടും.
അതുകൊണ്ടുതന്നെ ആധുനിക കപ്പല്‍ശാലയ്‌ക്ക് പരമ്പരാഗത തൊഴിലാളികള്‍ മാത്രം മതിയാകില്ല. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, മറൈന്‍ എന്‍ജിനീയര്‍മാര്‍, ഇലക്ട്രോണിക്‌സ് വിദഗ്ധര്‍, വെല്‍ഡിങ് വിദഗ്ധര്‍, ഗുണനിലവാര പരിശോധനാ ജീവനക്കാര്‍, നാവിക സംവിധാനങ്ങളില്‍ പരിചയമുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ വലിയൊരു നിര ആവശ്യമാണ്.
സമുദ്രാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വികസനവും അന്താരാഷ്‌ട്ര പങ്കാളിത്തങ്ങളും കപ്പല്‍ശാലയുടെ ഉടനടി ആവശ്യങ്ങള്‍ക്കപ്പുറത്തേക്കു വ്യാപിക്കുന്ന ഒരു സമുദ്രസാങ്കേതിക തൊഴില്‍ശക്തിയെ വളര്‍ത്താന്‍ സഹായിക്കും. ഭാവിയില്‍ ഇന്ത്യയിലെ മറ്റു കപ്പല്‍ശാലകള്‍ക്കും തുറമുഖങ്ങള്‍ക്കും കടലിലെ വ്യവസായ പദ്ധതികള്‍ക്കും സമുദ്ര എന്‍ജിനീയറിങ് കമ്പനികള്‍ക്കും ഈ വിദഗ്ധരെ പ്രയോജനപ്പെടുത്താനാകും. വിദഗ്ധ തൊഴിലാളികള്‍ക്ക് ആഗോളതലത്തില്‍ വലിയ പ്രാധാന്യമുള്ള ഈ വ്യവസായത്തില്‍, കപ്പല്‍നിര്‍മാണ കേന്ദ്രമെന്നതിലുപരി സമുദ്രസാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രധാന ഉറവിടമായും ഇന്ത്യയ്‌ക്ക് മാറാനാകും.
ഈ പരിവര്‍ത്തനത്തിന് പിന്നില്‍ വലിയൊരു സാമ്പത്തിക യുക്തിയുമുണ്ട്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശങ്ങളിലൊന്നും വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ ശൃംഖലയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന സ്ഥാനവും ഇന്ത്യയ്‌ക്കുണ്ട്. എന്നിട്ടും ആഗോള വാണിജ്യ കപ്പല്‍നിര്‍മാണത്തില്‍ രാജ്യത്തിന്റെ പങ്ക് താരതമ്യേന ചെറുതാണ്. അന്താരാഷ്‌ട്ര കപ്പല്‍ഗതാഗതത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മൂല്യത്തിന്റെ വലിയൊരു പങ്ക് കപ്പല്‍നിര്‍മാണം, അറ്റകുറ്റപ്പണി, കപ്പല്‍ ധനസഹായം, ഇന്‍ഷുറന്‍സ്, സമുദ്രസേവനങ്ങള്‍, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലൂടെ മറ്റു രാജ്യങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്.
ഈ അസന്തുലിതാവസ്ഥ മാറ്റണമെങ്കില്‍ തുറമുഖങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു മാത്രം മതിയാകില്ല. തുറമുഖങ്ങളെ ചുറ്റിപ്പറ്റി കപ്പല്‍നിര്‍മാണം, അറ്റകുറ്റപ്പണി, എന്‍ജിനീയറിങ്, പരിശീലനം, വിതരണ ശൃംഖല, അന്താരാഷ്‌ട്ര വ്യാപാരസേവനങ്ങള്‍ എന്നിവയെ സംയോജിപ്പിക്കുന്ന വ്യവസായ ആവാസവ്യവസ്ഥ ആവശ്യമാണ്. അത്തരമൊരു മാതൃക എങ്ങനെ വികസിപ്പിക്കാമെന്ന് തെളിയിക്കാന്‍ കൊച്ചിക്ക് കഴിയും.
എന്നാല്‍ നിക്ഷേപങ്ങളെ സുസ്ഥിരമായ വ്യവസായ പ്രകടനമാക്കി മാറ്റുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി. വലിയ ഡ്രൈഡോക്കുകള്‍ മാത്രം ഒരു അന്താരാഷ്‌ട്ര സമുദ്രവ്യവസായ കേന്ദ്രം സൃഷ്ടിക്കില്ല. ചെലവ്, വിശ്വാസ്യത, അറ്റകുറ്റപ്പണിക്ക് ആവശ്യമായ സമയം എന്നിവ വിലയിരുത്തിയ ശേഷമേ അന്താരാഷ്‌ട്ര കപ്പല്‍ ഉടമകള്‍ കേന്ദ്രം തിരഞ്ഞെടുക്കൂ. നിര്‍മാണത്തിന്റെ ഗുണനിലവാരവും സമയക്രമവും പാലിക്കണമെന്ന് നാവികസേന ആവശ്യപ്പെടും. ഇന്ത്യന്‍ വിതരണക്കാര്‍ കൂടുതല്‍ കര്‍ശനമായ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം നൈപുണ്യവികസനവും മുന്നേറണം.
ഈ വെല്ലുവിളികള്‍ വിജയകരമായി നേരിടാനായാല്‍ അതിന്റെ പ്രതിഫലം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മാത്രം ഒതുങ്ങില്ല. നാവികക്കപ്പല്‍ നിര്‍മാണം, വാണിജ്യക്കപ്പല്‍ നിര്‍മാണം, അറ്റകുറ്റപ്പണി, സമുദ്ര എന്‍ജിനീയറിങ്, വിദഗ്ധ പരിശീലനം എന്നിവ ഒരേ വ്യവസായ പരിസരത്ത് സംയോജിക്കുന്ന ഇന്ത്യയിലെ അപൂര്‍വ കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറിയേക്കാം. അത്തരമൊരു വ്യവസായ കൂട്ടായ്‌മ നാവികസേനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സമുദ്രസമ്പദ്വ്യവസ്ഥയ്‌ക്ക് സംഭാവന നല്‍കുകയും വിദഗ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അന്താരാഷ്‌ട്ര കപ്പല്‍ഗതാഗതത്തെ ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.
ഇന്ത്യയുടെ സമുദ്രാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇത്തരത്തിലുള്ള ശേഷി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. നാവികശക്തിയെ വ്യവസായശക്തിയില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്താനാവില്ല. അതുപോലെ തുറമുഖങ്ങള്‍ മാത്രം വികസിപ്പിച്ചുകൊണ്ട് സമഗ്രമായ സമുദ്രസമ്പദ്വ്യവസ്ഥയും കെട്ടിപ്പടുക്കാനാവില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് കപ്പല്‍ശാലകളും എന്‍ജിനീയറിങ് കമ്പനികളും അറ്റകുറ്റപ്പണി കേന്ദ്രങ്ങളും പരിശീലനം നേടിയ തൊഴിലാളികളും സൈനിക-വാണിജ്യ കപ്പലുകളെ പിന്തുണയ്‌ക്കാന്‍ ശേഷിയുള്ള തദ്ദേശീയ വിതരണ ശൃംഖലകളും ആവശ്യമാണ്.
ഈ ലക്ഷ്യങ്ങള്‍ സംഗമിക്കുന്ന ഇടമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് മാറിക്കൊണ്ടിരിക്കുകയാണ്. നെക്സ്റ്റ് ജനറേഷന്‍ മിസൈല്‍ വെസ്സലുകളുടെ നിര്‍മാണം തദ്ദേശീയ നാവികക്കപ്പല്‍ നിര്‍മാണത്തിന്റെ വര്‍ധിച്ചുവരുന്ന സാങ്കേതിക മികവ് വ്യക്തമാക്കുന്നു. ഡ്രൈഡോക്‌സ് വേള്‍ഡുമായുള്ള പങ്കാളിത്തം അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി വിപണിയില്‍ വലിയ സാന്നിധ്യം നേടാനുള്ള വഴിതുറക്കുന്നു. അടിസ്ഥാനസൗകര്യ വികസനവും നൈപുണ്യവികസനവും ഈ രണ്ട് മേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്നു.
അതിനാല്‍ കൊച്ചിയുടെ സമുദ്രവ്യവസായ മുന്നേറ്റം ഒരു കപ്പലിന്റെയോ കരാറിന്റെയോ കഥ മാത്രമല്ല. നാവികസേനയുടെ ആധുനികവല്‍ക്കരണത്തെ വ്യവസായശേഷിയാക്കി മാറ്റാനും ഭൂമിശാസ്ത്രപരമായ അനുകൂല്യത്തെ സമുദ്രസമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്കുള്ള അവസരമാക്കി പ്രയോജനപ്പെടുത്താനുമുള്ള വലിയൊരു ശ്രമമാണിത്.
ഈ തന്ത്രം വിജയിച്ചാല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ആസ്ഥാനമെന്നതിലുപരി, ഇന്ത്യയുടെ വളര്‍ന്നുവരുന്ന സമുദ്രവ്യവസായ സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറും.
