• Fri. Nov 27th, 2026

24×7 Live News

Apdin News

കുടില്‍ വ്യവസായത്തിലൂടെ അമ്പത് ലക്ഷത്തിന്റെ വിറ്റുവരവ്; സേവാഭാരതിയുടെ പദ്ധതി വിസ്മയമാകുന്നു

Byadmin

Nov 27, 2026


ജോര്‍ഹട്ട്(ആസാം): കരകൗശലമേഖലയില്‍ സേവാഭാരതി നടപ്പാക്കിയ പാഞ്ചജന്യ പദ്ധതിയിലൂടെ അമ്പത് ലക്ഷത്തിന്റെ വിറ്റുവരവ് നേടിയെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ആസാമിലെ വനവാസി സമൂഹം. അറുപത് വനവാസി ഊരുകളാണ് പദ്ധതിയുടെ ഭാഗമായത്.

പരമ്പരാഗതമായി മുളയില്‍ നിന്ന് ഉത്പന്നങ്ങള്‍ ഉണ്ടാക്കി ഉപജീവനം നേടിയിരുന്ന വനവാസികള്‍ക്ക് ആധുനിക പരിശീലനം നല്കിയാണ് സേവാ ഭാരതി സംരംഭകരാക്കി മാറ്റിയത്. ആയിരക്കണക്കിന് കലാസൃഷ്ടികളാണ് പ്രാദേശിക വിപണികളിലും, സൗരാഷ്‌ട്ര മേളയിലും, അപ്ന വ്യാപാരമേളയിലും, ബിഹു മേളയിലും, ആസാം മേളയിലുമായി ഇവര്‍ വില്‍ക്കുന്നത്. 2009 മുതല്‍ സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അവിനാശ് ഹസാരികയാണ് മുള കൊണ്ടുള്ള ഉത്പന്നങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയത്.

2022 ആയപ്പോഴേക്കും ആയിരക്കണക്കിന് ആളുകളെയാണ് അവിനാശ് പരിശീലിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഏഴോ എട്ടോ തരം ഉല്‍പ്പന്നങ്ങള്‍ മാത്രമേ നിര്‍മ്മിക്കപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ ഇന്ന്, ആസാമിലെ പ്രധാന പ്രദര്‍ശനമേളകളിലെല്ലാം ഇരുപതിലധികം തരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

പാഞ്ചജന്യ കോട്ടേജ് ഇന്‍ഡസ്ട്രി സംരംഭത്തിന് കീഴില്‍ ജോര്‍ഹട്ടിലുടനീളമുള്ള ഗ്രാമങ്ങളില്‍ സേവാ ഭാരതി ഇത്തരം കരകൗശല പരിശീലന ക്യാമ്പുകള്‍ നടത്തുന്നു. അവിനാശിനൊപ്പം, നാഗന്‍ കലിതയും റോമന്‍ ഹസാരികയും അധ്യാപകരായും സഹകാരികളായും ഇതിന്റെ ചുമതല വഹിക്കുന്നു. നിരവധി സ്ത്രീകളാണ് അവരുടെ നിത്യവരുമാനം ഇതില്‍ നിന്ന് നേടിയെടുക്കുന്നത്.

2019 മുതല്‍, സേവാഭാരതിയുടെ കെയ്ന്‍ ആന്‍ഡ് ബാംബൂ ക്രാഫ്റ്റ് മേഘാലയയിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 250 ല്‍ അധികം ആളുകള്‍ക്ക് അവിടെ പരിശീലനം ലഭിച്ചു. 15 ഗ്രാമങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം കുടുംബങ്ങള്‍ ഇതിന്റെ പ്രയോജനം നേടുന്നു.

By admin