
പത്തനംതിട്ട: കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാന്ത് പി ചന്ദ്രനെ ജില്ലാ പൊലീസ് മേധാവി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ഭാരവാഹിയാണ് നിഷാന്ത്.
കാപ്പ കേസില്‍ നാടുകടത്തിയ റോഷന്‍ വര്‍ഗീസ്, പീച്ചി സ്വര്‍ണക്കവര്‍ച്ച, ഹൈവേ റോബറി കേസിലെ പ്രതി കിരണ്‍ എന്നിവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും പ്രതികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്ത നിഷാന്ത്, പ്രതികളുമായി ചേര്‍ന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്നും കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായം നല്‍കിയെന്നും വ്യക്തമായിരുന്നു.
ഷോക്കോസ് നോട്ടീസിന് ഇയാള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.