ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹൈക്കമാന്‍റിന് സുസ്ഥിരമായ അനുയായികള്‍ കുറവാണ്. വേണുഗോപാല്‍ ഒമ്പത് വര്‍ഷമായി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കെ.സി.വേണുഗോപാല്‍. 2017ലാണ് കെ.സി. വേണുഗോപാല്‍ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒമ്പത് വര്‍ഷം എന്നത് ഒരു ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം വലിയൊരു കാലയളവാണ്. സാധാരണ ഗാന്ധി കുടുംബം ഏഴ് വര്‍ഷത്തിലധികം ജനറല്‍ സെക്രട്ടറിമാരെ വാഴിക്കാറില്ലത്രെ.
ഇനി അധികകാലം ഈ പദവിയില്‍ തനിക്ക് തുടരാന്‍ കഴിയില്ലെന്ന ഒരു തിരിച്ചറിവ് വേണുഗോപാലിനുണ്ട്. ഇതാണ് കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം കിട്ടിയാല്‍ എടുക്കുക എന്ന തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. അല്ലെങ്കില്‍ വി.ഡി. സതീശന്‍ നിറഞ്ഞുനിന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കി മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കാന്‍ വേണുഗോപാല്‍ ശ്രമിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കാണാനില്ലെന്ന് മുതിര്‍ന്ന ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, കോണ്‍ഗ്രസ് സംഘടന കെ.സി. വേണുഗോപാലിന്റെ കാലത്ത് ദുര്‍ബലമായി എന്ന വിമര്‍ശനം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനുള്ളില്‍ ശക്തമാണ്. ഓരോ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങുമ്പോഴും കെ.സി. വേണുഗോപാലിനെതിരായ നീക്കവും പാര്‍ട്ടിയ്‌ക്കുള്ളില്‍ ശക്തമാണ്. 95 തെരഞ്ഞെടുപ്പുകളിലാണ് അടുപ്പിച്ചടുപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയത്. മാത്രമല്ല, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഏഴ്കോടി രൂപ വാങ്ങിയെന്ന കൈക്കൂലി ആരോപണം വേണുഗോപാലിനെതിരെ ശക്തമാണ്. ഒരു മഹിളാകോണ്‍ഗ്രസ് നേതാവിന് മത്സരിക്കാന്‍ അവരുടെ ഭര്‍ത്താവ് തന്നെയാണ് പണം നല്‍കിയതായി ആരോപിക്കുന്നു. ഇതും വേണുഗോപാലിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്.
അതിനാല്‍ വേണുഗോപാല്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസിലെ കേരള നേതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം ഇരിക്കാനുള്ള ഒരു അവസരം ഭാവിയില്‍ കിട്ടിയേക്കില്ല എന്ന ഒരു ചിന്തയും വേണുഗോപാലില്‍ ഇല്ലാതില്ല. സംസ്ഥാന മുഖ്യമന്ത്രി പദവിയിലേക്ക് വേണുഗോപാലിനെ പറഞ്ഞയച്ച് കേന്ദ്രത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിക്കണമെന്ന നിലപാടും കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തില്‍ ശക്തമാണ്.
വീണുകിട്ടുന്ന അവസരം മുതലാക്കുക, അല്ലെങ്കില്‍ കിട്ടാവുന്ന സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് കോണ്‍ഗ്രസിലെ ഒരു ലൈന്‍. അതാണ് വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനുള്ള തിടുക്കത്തിന് പിന്നില്‍.
കെസിക്ക് അനുകൂലമായ പോയിന്‍റുകള്‍
കെസി വേണുഗോപാലിന് മുഖ്യമന്ത്രിക്കസേര കിട്ടാന്‍ നിരവധി ഘടകങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസിന്റെ 63 എംഎല്‍എമാരില്‍ വേണുഗോപാലിന് കൂടുതല്‍ പേരുടെ പിന്തുണയുണ്ട് എന്നതാണ്. മറ്റൊന്ന് ജമാ അത്തെ ഇസ്ലാമിയും മുസ്ലിംലീഗും ശക്തമായി പിന്തുണയ്‌ക്കുന്ന വി.ഡി. സതീശന് എതിരായി ചിന്തിക്കുന്ന നല്ലൊരു പങ്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട് എന്നതാണ്. മുസ്ലിംലീഗ് കോണ്‍ഗ്രസിന് മേല്‍ കൂടുതല്‍ മന്ത്രിമാരും ഉപമുഖ്യമന്ത്രിസ്ഥാനവും ആവശ്യപ്പെട്ട് ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ സതീശന് എതിരായാണ് കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. മറ്റൊന്ന് ദല്‍ഹിയില്‍ പരിചയസമ്പന്നനായതിനാല്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കൂടുതല്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കെ.സി. വേണുദോപാലിന് കഴിവുണ്ട് എന്നതാണ്.