• Mon. Jun 29th, 2026

24×7 Live News

Apdin News

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Byadmin

Jun 29, 2026



കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയിലുള്ള യു കെ ആസ്ഥാനമായ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിങ് കമ്പനിയുടെ ചരക്കു കപ്പലിന്റെ ഉള്‍ചുമരില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ‘ഐ ലവ് പാകിസ്ഥാന്‍’ എന്ന് എഴുതിയത് ശ്രദ്ധയില്‍പ്പെട്ടത് ഏതാനും ദിവസം മുമ്പാണ്. അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി വിദേശ കപ്പലിനുള്ളില്‍ ഇങ്ങനെ എഴുതിയത് പുറത്തുനിന്നുള്ളവര്‍ ആയിരിക്കില്ലെന്നാണ് പൊലീസ് നിഗമനം.

5500-ഓളം ജീവനക്കാരുള്ള സ്ഥാപനമാണ് കൊച്ചി കപ്പല്‍ശാല. ഇതില്‍ സ്ഥിരം തൊഴിലാളികള്‍ 1500-ല്‍ താഴെ മാത്രം. ബാക്കി നാലായിരവും കരാര്‍ ജീവനക്കാരാണ്. ഇതില്‍ 50% അന്യസംസ്ഥാന തൊഴിലാളികളാണെന്ന് കപ്പല്‍ നിര്‍മ്മാണ ശാലയിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. പണികള്‍ നടത്താനായി സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് കപ്പലില്‍ പ്രവേശനം അനുവദിച്ചിരുന്നു. സിസിടിവി ഇല്ലാത്ത ഭാഗത്താണ് പാക് അനുകൂല ലിഖിതമുള്ളത്.

കപ്പല്‍ശാല മാനേജ്മെന്റിന്റെയും സിഐഎസ്എഫിന്റെയും പരാതിയെ തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി ഭാരതീയ ന്യായ സംഹിത 152 വകുപ്പ് പ്രകാരം കേസ് എടുത്തു. കപ്പലിലെ ബയോ മെട്രിക് പഞ്ചിങ് വിവരങ്ങളും എന്‍ടി രജിസ്റ്ററും പരിശോധിച്ച ശേഷം തൊഴിലാളികളെ ചോദ്യം ചെയ്തു വരികയാണ്. വിദേശത്തു നിന്ന് എത്തിയ കപ്പല്‍ ആയതിനാല്‍ നേരത്തെ ആരെങ്കിലും എഴുതിയതാണൊ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ലിഖിതം പരിശോധിച്ചപ്പോള്‍ അത് ഏതാനും ദിവസം മുമ്പുമാത്രം എഴുതിയതാണെന്ന് വ്യക്തമായി. വിദേശ കമ്പനിയുടെ കപ്പലില്‍ ഇങ്ങനെ സംഭവിക്കാമെങ്കില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തുന്ന ഭാരത നാവിക സേനാ കപ്പലുകളില്‍ ഇതിലും വലിയ സുരക്ഷാവീഴ്ച സംഭവിക്കാനുള്ള സാധ്യത തള്ളാനാകില്ല.

ഐഎന്‍എസ് വിക്രാന്തിലെ മോഷണം

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2019-ല്‍ കൊച്ചി കപ്പല്‍ശാലയില്‍ ഡാറ്റാ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2019 ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലാണ് വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഹാര്‍ഡ് വെയറുകള്‍ മോഷണം പോയത്. മള്‍ട്ടി-ഫങ്ഷണല്‍ കണ്‍സോളുകളില്‍ ഘടിപ്പിച്ചിരുന്ന അഞ്ച് മൈക്രോപ്രൊസസ്സറുകള്‍, പത്ത് റാമുകള്‍, അഞ്ച് സോളിഡ്-സ്റ്റേറ്റ് ഡ്രൈവുകള്‍ എന്നിവ നഷ്ടപ്പെട്ടവയില്‍പ്പെടുന്നു. കപ്പലിന്റെ നിര്‍ണായക പ്രവര്‍ത്തന വിവരങ്ങളും ഡാറ്റയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. സംഭവം ചാരവൃത്തിയാണെന്ന സംശയത്തെ തുടര്‍ന്ന് എന്‍ഐഎ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് 2020-ല്‍, പ്രതികളായ ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്, രാജസ്ഥാന്‍ സ്വദേശി ദയാറാം എന്നിവരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
2022 നവംബറില്‍ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി പ്രതികളെ കഠിന തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇവരുടെ വിദേശ ബന്ധങ്ങള്‍ ലഭ്യമായില്ല.

അഫ്ഗാന്‍ പൗരന്‍ വിക്രാന്തില്‍ അനധികൃതമായി കുടിയേറിയ അഫ്ഗാന്‍ പൗരന്‍ ഈദ് ഗുല്‍, ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണത്തിനിടെ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്തത് ഒന്നര വര്‍ഷം. അബ്ബാസ് ഖാന്‍ എന്ന പേരിലാണ് കൊച്ചിയിലുള്ള കരാര്‍ സ്ഥാപനത്തില്‍ ഇയാള്‍ ചേര്‍ന്നത്. അസം സ്വദേശിയെന്ന് തെളിയിക്കുന്ന വ്യാജ ആധാര്‍ കാര്‍ഡ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. പക്ഷേ അസം ഭാഷ വശമില്ലാത്ത ഇയാളെ കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. വൈകാതെ ഇയാള്‍ ജോലി ഉപേക്ഷിച്ച് കടന്നു. തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്നും യഥാര്‍ത്ഥ പേര് ഈദ് ഗുല്‍ എന്നാണെന്നും വ്യക്തമായത്. പിന്നീട് ഇയാള്‍ കൊല്‍ക്കത്തയില്‍ അറസ്റ്റിലായി.

സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ഐബി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. വിമാനവാഹിനിയുടെ നിര്‍മാണം പുരോഗമിക്കുന്ന കപ്പല്‍ശാലയില്‍ ഇയാള്‍ ജോലി ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ചാരപ്രവര്‍ത്തനം ഉള്‍പ്പടെ അന്വേഷണ പരിധിയില്‍ വരുമെന്നുമാണ് ഏജന്‍സികള്‍ നല്‍കിയ സൂചന. തുടര്‍ നീക്കങ്ങള്‍ എവിടെയെത്തി എന്നു വ്യക്തമല്ല.

കപ്പല്‍ശാലയില്‍ ചാര പ്രവര്‍ത്തനം

2023-ല്‍ കപ്പല്‍ ശാലയില്‍ നടന്ന ചാരപ്രവര്‍ത്തനം കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദത്തിന്റെയും ഭീകര സാന്നിധ്യത്തിന്റേയും സൂചനയാണ്.

നാവികസേനക്കായി നിര്‍മ്മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതിന് മലപ്പുറം സ്വദേശിയായ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ പേരൊ മറ്റ് വിവരങ്ങളൊ പുറത്തു വന്നിട്ടില്ല. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്നു പ്രതി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കപ്പലിന്റെ മര്‍മ്മ പ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പാക് ചാരവനിതയ്‌ക്ക് ഇയാള്‍ കൈമാറിയെന്നും പറയുന്നുണ്ട്

ഇന്റലിജന്‍സ് ബ്യൂറോയും കപ്പല്‍ശാലയിലെ ആഭ്യന്തര സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിലാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. കപ്പല്‍ശാലയില്‍ മുന്‍പും വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഉഡുപ്പി മാല്‍പെയിലുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡിവിഷനില്‍ കരാര്‍ ജോലിക്കാരന്‍ നാവികസേന കപ്പലുകളുടെ വിവരങ്ങള്‍ പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിയതാണ് ഇതിലൊന്ന്.

പ്രശ്‌നം ഗുരുതരം

കേരളത്തില്‍ ഏറ്റവും അധികം സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള സ്ഥാപനമാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല . 24 മണിക്കൂറും വ്യവസായ സംരക്ഷണ സേനയുടെ കാവല്‍. ഓരോ മുക്കിലും മൂലയിലും സിസിടിവി നിരീക്ഷണം. പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ദേഹപരിശോധന, മെറ്റല്‍ ഡിറ്റക്ടറില്‍ കൂടിയല്ലാതെ ആര്‍ക്കും ഉള്ളില്‍ കടക്കാനാവില്ല. ജീവനക്കാര്‍ക്ക് മേല്‍ കര്‍ശന നിരീക്ഷണം.

ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇവിടെ രാജ്യവിരുദ്ധ, ചാര പ്രവര്‍ത്തനങ്ങളും മോഷണവും നടന്നെങ്കില്‍ അതിന് കാരണം സുരക്ഷാ പിഴവുകള്‍ നിലനില്‍ക്കുന്നു എന്നതാണ്.

ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറി എത്തുന്നവര്‍ക്കുപോലും വ്യാജ രേഖകളുടെ മറവില്‍ ഇവിടെ കരാര്‍ ജോലി ലഭിക്കുന്നതിന് തടയിടാന്‍ എന്തു ചെയ്യാനാകും എന്നതാണ് ഗൗരവകരമായ ചോദ്യം.

ആധാര്‍ സംവിധാനം കാര്യക്ഷമമാക്കണം

ആധാര്‍ സംവിധാനത്തിലെ പോരായ്‌മകളും സുരക്ഷാവീഴ്ചയുമാണ് പ്രധാന വിഷയം. വ്യാജ ആധാറുകള്‍ കണ്ടെത്താന്‍ സംവിധാനം വേണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രധാന സ്ഥാപനങ്ങളിലും ഇതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. സ്വകാര്യ മേഖലയിലുള്ള അക്ഷയ കേന്ദ്രങ്ങള്‍, മറ്റ് പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷണ വിധേയമാക്കണം.

കേന്ദ്രീകൃതമായ ഡാറ്റാബേസ് കുറ്റമറ്റതാക്കണം. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നത് വലിയ ഭീഷണിയാണ്. വിരലടയാളം, ഐറിസ് എന്നിവ പൊരുത്തപ്പെടാതെ വരികയോ, പ്രായമായവരിലും തൊഴിലാളികളിലും ബയോമെട്രിക് വിവരങ്ങളില്‍ മാറ്റം വരികയോ ചെയ്യുന്നത് പതിവാണ്. ആധാര്‍ അപ്ഡേഷനിലെ പിഴവാണ് മറ്റൊന്ന്. ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് വ്യാജ സിം കാര്‍ഡ് എടുക്കാനും, ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനും സാധ്യതയുണ്ട്.

സ്മാര്‍ട്ട് ബോര്‍ഡര്‍ സംവിധാനം

മമത ബാനര്‍ജി അധികാരത്തിനു പുറത്തായതോടെ, ഭാരതം – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി രക്ഷാ സേനയുടെ നേതൃത്വത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകളോടെ ‘സ്മാര്‍ട്ട് ബോര്‍ഡര്‍’ സംവിധാനം നടപ്പാക്കിവരുന്നു. കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയാന്‍ അതിര്‍ത്തി ഗ്രിഡുകള്‍ വിപുലീകരിച്ചു തുടങ്ങി. തുറന്ന പ്രദേശങ്ങളില്‍ സുരക്ഷാ വേലികളും, നദീതടങ്ങളിലും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലും പ്രത്യേക ഫെന്‍സിങ് ഒരുക്കുന്നതും പുരോഗമിക്കുന്നു. വേലിയില്ലാത്ത പ്രദേശങ്ങള്‍ പൂര്‍ണ്ണമായി സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബിഎസ്എഫിന് ഭൂമി കൈമാറിക്കഴിഞ്ഞു.

പൂര്‍ണ്ണമായും മനുഷ്യശക്തിയെ മാത്രം ആശ്രയിക്കാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറകള്‍, ഡ്രോണുകള്‍, തെര്‍മല്‍ ഇമേജിംഗ് സംവിധാനങ്ങള്‍, റഡാറുകള്‍ എന്നിവ ഉപയോഗിച്ചുള്ള ത്രിതല ഡിജിറ്റല്‍ നിരീക്ഷണം ആണ് സ്മാര്‍ട്ട് ബോര്‍ഡര്‍ സംവിധാനം.

രാത്രികാല നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ബോര്‍ഡര്‍ പൊലീസുമായി ചേര്‍ന്ന് സംയുക്ത പട്രോളിംഗും യോഗങ്ങളും ആരംഭിച്ചു. അതിനാല്‍ പഴയതുപോലെ ബംഗാളിലൂടെ നുഴഞ്ഞുകയറ്റം അസാധ്യമായിട്ടുണ്ട്. അതിനാല്‍ ബംഗ്ലാദേശികള്‍ വിമാന മാര്‍ഗം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ എത്തി അവിടെ നിന്നും ഭാരത അതിര്‍ത്തി കടക്കുകയാണ്. ഇവിടെയും അതിര്‍ത്തി രക്ഷാസേന നിരീക്ഷണം ശക്തമാക്കി വരികയാണ്.

കേരളം ചെയ്യേണ്ടത്

ഇതര സംസ്ഥാന തൊഴിലാളികളിലെ അന്യരാജ്യക്കാരെ കണ്ടെത്താന്‍ ലേബര്‍ ക്യാമ്പുകളില്‍ നിരീക്ഷണം ശക്തമാക്കണം. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ആധാര്‍ അടക്കമുള്ളവയുടെ സാധുത ഉറപ്പാക്കണം. ഭാഷ, രൂപം, നിറം എന്നിവ അന്യരാജ്യക്കാരെ തിരിച്ചറിയാന്‍ സഹായകമാണ്.

ലേബര്‍ കരാറുകാരെയും നിരീക്ഷിക്കണം. അന്യദേശ തൊഴിലാളികളെ നിരീക്ഷിക്കാന്‍ നാട്ടുകാര്‍ക്കും കഴിയും. തൊഴിലാളികളില്‍ അന്യരാജ്യക്കാര്‍ ഉണ്ടെന്നു സംശയം തോന്നിയാല്‍ പൊലീസിന് ഉടന്‍ വിവരം കൈമാറണം.

(അവസാനിച്ചു)

By admin