ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള 25 വയസ്സുകാരിയായ റാവ്ലീൻ വർഗീസ് ഫാഷന്‍ ലോകത്തെ വലിയ റാമ്പുകളില്‍ ചുവടുവെയ്‌ക്കുന്നു. ഒക്ടോബർ 18-ന് ലോസ് ഏഞ്ചൽസിൽ നടന്ന ‘വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോ’യിൽ (Victoria’s Secret Fashion Show) റാവ്ലീന്‍ വര്‍ഗീസ് പങ്കെടുത്തു. ഇത് അവരുടെ അന്താരാഷ്‌ട്ര മോഡലിംഗ് കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
കേരളത്തിലെ കോടുമൺ സ്വദേശിയായ റാവ്ലീൻ, ഈ വർഷത്തെ ഷോയിൽ രണ്ടുതവണ റാംപിൽ പ്രത്യക്ഷപ്പെട്ടു. ജിജി ഹദീദ്, ബെല്ല ഹദീദ്, ഐറിന ഷെയ്‌ക്ക്, അലസ്സാൻഡ്ര അംബ്രോസിയോ തുടങ്ങിയ പ്രമുഖ ഫാഷന്‍ മോഡലുകള്‍ക്കൊപ്പമാണ് റാവ്ലീന്‍ വര്‍ഗീസ് ചുവടുകള്‍ വെച്ചത്. ഇതേ ഷോയിൽ ആദ്യമായി പങ്കെടുത്ത കൈലി ജെന്നറും പരിപാടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒരാളായിരുന്നു.
ആദ്യമായി വേദിയിലെത്തിയപ്പോൾ പിങ്ക് നിറത്തിലുള്ള ലേസ് ലിഞ്ചറി സെറ്റ് (lingerie set) ആയിരുന്നു റാവ്ലീൻ ധരിച്ചിരുന്നത്. തുടർന്ന്, കറുപ്പും വെളുപ്പും കലർന്ന വസ്ത്രധാരണത്തിൽ അവർ വീണ്ടും റാംപിലെത്തി; ലൂസ പെറോട്ട്, മലിക എൽ മസ്‌ലൂഹി എന്നീ മോഡലുകൾക്കൊപ്പമായിരുന്നു ഈ പ്രകടനം.
ഫാഷൻ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേദിയിൽ എത്തിനിൽക്കുമ്പോൾ, റാവ്ലീന്റെ ഈ യാത്ര ആരംഭിച്ചിട്ട് വർഷങ്ങളായി. ഡിസൈൻ പഠനത്തിനായി ദൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) ചേർന്ന അവർ, 18-ാം വയസ്സിൽ ‘അനിമ ക്രിയേറ്റീവ് മാനേജ്‌മെന്റ്’ (Anima Creative Management) എന്ന ഏജൻസിയുടെ ശ്രദ്ധയിൽപ്പെടുകയും മോഡലിംഗ് രംഗത്തേക്ക് കടന്നുവരികയുമായിരുന്നു.