തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് വാഴോട്ടുകോണം ബിജെപി വാര്‍ഡ് കൗണ്‍സിലറായ സുഗതനെ ജയിലിലിട്ടെങ്കിലും നിയമപോരാട്ടത്തിലൂടെ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശം ബിജെപി നേടിയെടുത്തിരുന്നു. വിയ്യൂര്‍ ജയിലില്‍ ജൂലായ് 14ന് ചൊവ്വാഴ്ച സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, 288 കിലോമീറ്റര്‍ അകലെയിരുന്ന് ഒരു കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണെന്ന പുതിയ വാദവുമായി കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍.
നേരത്തെ, തന്റെ കൊക്കിന് ജീവനുള്ളിടത്തോളം സുഗതനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ ആളാണ് കെ.എസ്. ശബരീനാഥന്‍. സുഗതനെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ചതോടെ ശബരിനാഥിന്റെ കൊക്ക് ചത്തു എന്ന രീതിയില്‍ വലിയ തോതില്‍ ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 288 കിലോമീറ്റര്‍ ദൂരത്തിലിരുന്ന് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണെന്ന പ്രസ്താവന ശബരീനാഥന്‍ ഇറക്കിയിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്തവിധം സുഗതനെ ജയിലില്‍ പൂട്ടാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് പിടിച്ച് നടത്തിയ ശ്രമമായിരുന്നു അത്. അതുവഴി തിരുവനന്തപരും കോര്‍പറേഷനിലെ ബിജെപി ഭരണം അട്ടിമറിക്കാമെന്നതായിരുന്നു കണക്കുകൂട്ടല്‍. സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഈ ഗൂഢാലോചനയാണ് പൊളിയുന്നത്.