• Sat. Jul 25th, 2026

24×7 Live News

Apdin News

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Byadmin

Jul 25, 2026


കോരുത്തോട്: ലക്ഷങ്ങള്‍ മുടക്കി ശബരിമലതീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രം നിര്‍മ്മിച്ചു നാലുവര്‍ഷം പിന്നിട്ടിട്ടും കെട്ടിടം തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമായി തീര്‍ന്നില്ല. പരമ്പരാഗത കാനന പാതവഴി യാത്രചെയ്യുന്ന അയ്യപ്പഭക്തര്‍ കടന്നുപോകുന്ന വഴിയില്‍ സ്വകാര്യ ഇടത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍.

തടസ്സങ്ങള്‍ മാറ്റി കെട്ടിടം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുക്കുവാന്‍ ഇക്കുറിയും നടപടി ഉണ്ടാകില്ലെന്നാണ് സൂചന. ഗ്രാമപഞ്ചായത്ത് പരിധിയില്‍ കോരുത്തോട് ജംക്ഷന് സമീപം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്താണ് അയ്യപ്പഭക്തര്‍ക്കായുള്ള ഇടത്താവളം നിര്‍മ്മിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 12.5 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപ വിനിയോഗിച്ച് 15 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് ഹാളുകളും, നാല് ബാത്ത് റൂമുകളോടും കൂടിയ വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്.

ടൗണില്‍ നിന്നും 500 മീറ്റര്‍ ഉള്ളിലായി അഴുതയാറിന്റെ തീരത്ത് നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ കാട് മൂടി നാശത്തിന്റെ വക്കിലായി. നിര്‍മ്മാണത്തിന് ശേഷം തുറന്നിട്ടിരുന്ന ബാത്ത് റൂമുകള്‍ ഉപകരണങ്ങള്‍ നശിച്ച നിലയിലാണ്. കെട്ടിടം അനാഥമായതോടെ മദ്യപാനികളും ചീട്ടുകളിസംഘങ്ങളും ഇവിടം സാമൂഹിക വിരുദ്ധ കേന്ദ്രവുമാക്കി മാറ്റി. ഉമടസ്ഥാവകാശം ആരുടേതെന്ന് അധികൃതര്‍ക്കും ബോധ്യമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. 2015 സെപ്തം. 24നാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിടം ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും പറയുന്നു.

ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ നടത്തിയ കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.കോരുത്തോട് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കാനാണ് 2005ല്‍ സ്ഥലം വാങ്ങിയത്. പക്ഷേ, ഇതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നേരിട്ടിരുന്നു. ഇവിടേയ്‌ക്കുള്ള പൊതുവഴിക്കായി ഗ്രാമപഞ്ചായത്ത് വീണ്ടും പണം നല്‍കി ഒന്‍പത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിനിടെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീര്‍ത്ഥാടക വിശ്രമകേന്ദ്രം പദ്ധതി ഇതേ സ്ഥലത്ത് നിര്‍മ്മിക്കാവാന്‍ അന്നത്തെ യുഡിഎഫ് ഭരണ സമിതി തീരുമാനിച്ചത്. ഒടുവില്‍ ബസ് സ്റ്റാന്‍ഡുമില്ല തീര്‍ത്ഥാടക വിശ്രമകേന്ദ്രവും ഇല്ലാതായതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ജീപ്പ് മാത്രം കടന്നു പോകാവുന്ന വഴിയില്‍ ബസുകള്‍ ഇറങ്ങണമെങ്കില്‍ വഴിക്കായി ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇതിനിടെ നിര്‍മ്മിച്ച കെട്ടിടം ഇതോടെ നാശത്തിലേയ്‌ക്ക് നീങ്ങുന്നതിനാല്‍ അധികൃതര്‍ തമ്മിലുള്ള രാഷ്‌ട്രീയ വടംവലി ഉപേക്ഷിച്ച് ഇക്കുറിയെങ്കിലും കെട്ടിടം വൃത്തിയാക്കി തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമാക്കിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



By admin