ന്യൂദൽഹി: കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസിൽ ഒരു കൂട്ടം ഭ്രാന്തന്മാരാണുള്ളത്. ഭ്രാന്തന്മാരെക്കുറിച്ച് നമുക്ക് എന്ത് ചർച്ച ചെയ്യാൻ കഴിയും, രാഹുൽ ഗാന്ധി ഭ്രാന്തനാണ്, ഖാർഗെയും അങ്ങനെ തന്നെ എന്ന് ദുബെ പറഞ്ഞു.
ഭ്രാന്തന്മാരെക്കുറിച്ച് എന്തിന് ചർച്ച ചെയ്യണം എന്നും നിഷികാന്ത് ദുബെ ചോദിച്ചു. ബിഹാരിയിൽ ഒരു വാക്ക് ഉണ്ട് , ഫസ്റ്റ്യാന. കോൺഗ്രസ് നേതൃത്വം മുഴുവൻ ഫസ്റ്റ്യാനായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പട്നയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി മോദിയുടെ പിതാവിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെയാണ് നിഷികാന്തിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ പിതാവിനെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശത്തിന് ശേഷം ബിജെപി നേതാക്കളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഖാർഗെ നേരിടുന്നത്.
ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രസംഗത്തിനിടെ അദ്ദേഹത്തിന്റെ മുന്നിൽ നിന്നിരുന്ന ഒരാൾ മോദി പോകില്ല എന്ന് വിളിച്ചു പറഞ്ഞു. ഇതിൽ ഖാർഗെ ദേഷ്യപ്പെട്ടു, മോദിയുടെ അച്ഛനും പോകും എന്ന് ഖാർഗെ തിരിച്ചടിച്ചു. മോദിക്ക് കള്ളം പറയുന്ന ശീലമുണ്ടെന്നും ഖാർഗെ പറഞ്ഞു.
എന്നാൽ പിന്നീട് ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു. ഖാർഗെയുടെ ഭാഷയെ കൊള്ളക്കാരുടെ ഭാഷയാണെന്ന് വിശേഷിപ്പിച്ച് ബിജെപി ഉടൻ തന്നെ ആക്രമണത്തിലേക്ക് നീങ്ങി. ഇതിനെത്തുടർന്ന് മോദി സർക്കാരിലെ നിരവധി കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഖാർഗെയെ ആക്രമിക്കാനും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിക്കാനും തുടങ്ങി.
ഖാർഗെയ്ക്കെതിരെ പട്നയിൽ ഒരു പോലീസ് പരാതി പോലും ഫയൽ ചെയ്തിട്ടുണ്ട്. ബിജെപിയുടെ ഉന്നത നേതൃത്വവും കേന്ദ്രമന്ത്രിമാരും ഖാർഗെ മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഖാർഗെയുടെ പ്രസ്താവന എല്ലാ മര്യാദകളും ലംഘിച്ചുവെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നു.