ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന് ഈ സമനില ഇന്ത്യൻ വലിയ വിജയമാണെന്ന് മുൻ ഇന്ത്യൻ താരം സബ കരീം. ഇതിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.
“ക്യാപ്റ്റൻ എന്ന നിലയിൽ ശുഭ്മാൻ ഗില്ലിന് ഈ ടെസ്റ്റ് മത്സരം ഒരു വിജയമാണ്. കാരണം ഇതിലൂടെ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഒരു നേതാവും ക്യാപ്റ്റനും എന്ന നിലയിൽ കൃത്യമായ പദ്ധതികൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും വേണം. പ്രസിദ്ധ് കൃഷ്ണ നേടിയ രണ്ട് വിക്കറ്റുകളിൽ ഇത് വ്യക്തമായി കാണാം. മികച്ച ആശയവിനിമയും കൃത്യമായ ബൗളിംഗ് പ്ലാനുമാണ് അവിടെ കണ്ടത്. ഫീൽഡർമാരെ കൃത്യമായ സ്ഥലങ്ങളിൽ നിർത്തിയതും ക്യാച്ച് അതേ സ്ഥലത്ത് തന്നെ ലഭിച്ചതും ഗില്ലിനെ ഏറെ സന്തോഷിപ്പിച്ചു. ബൗളർമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും അവരുടെ പ്രകടനത്തിൽ ഇടപെടാനും കഴിയുമ്പോഴാണ് ഒരു ക്യാപ്റ്റന് ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നത്” സബ കരീം സോണി സ്പോർട്സിലൂടെ വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. സമനിലയോടെ പോയിന്റ് പട്ടികയിൽ കുതിക്കാനുള്ള അവസരം നഷ്ടമായത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമായി. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.