ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ കെ.എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. പുതിയ പന്തിൽ മികച്ച പ്രകടനം നടത്തുന്നതിൽ രാഹുൽ മിടുക്കൻ ആണെന്നാണ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ വിശകലനത്തിൽ അഭിപ്രായപ്പെട്ടത്.
“പുതിയ പന്തിനെ നേരിടുന്നതിൽ രാഹുൽ മിടുക്കനാണ്. വളരെ അനായാസമായി ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം. അറിയാതെ തന്നെ അദ്ദേഹം റൺസ് നേടും. രാഹുലിന്റെ പ്രകടനം വളരെ മികച്ചതാണ്. എന്നാൽ ആ സാഹചര്യത്തിൽ പോലും സെവാഗ് രാഹുലിനേക്കാൾ മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം എതിർ ടീമിന്റെ ബൗളർമാരെ ആക്രമിച്ച് സമ്മർദ്ദത്തിലാക്കാൻ സെവാഗിന് സാധിക്കും. ഇരുവരും തമ്മിൽ കടുത്ത മത്സരം ആണെങ്കിലും ബൗളർമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള കഴിവാണ് സെവാഗിന് രാഹുലിനേക്കാൾ മികച്ചവനാക്കുന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സെവാഗ് മികച്ച സെഞ്ച്വറികൾ നേടിയിട്ടുണ്ട്” ക്രിസ് ശ്രീകാന്ത് പറഞ്ഞു.
അതേസമയം, ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.