കെ.പി.എ മജീദ്
പ്രതിപക്ഷ ഉപനേതൃപദവിയെ കുറിച്ച് സി.പി.ഐ മിണ്ടരുതെന്നും സി.പി.എമ്മില്‍ നിന്ന് ആരാവണമെന്ന് ഞാന്‍ തീരുമാനിച്ച് കത്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നു. സി.പി.എം ഇടതു മുന്നണിയിലെ വല്ല്യേട്ടന്‍ ചമയുന്നു എന്ന ആരോപണത്തില്‍ നിന്ന് എല്ലാം തമ്പ്രാന്‍ കല്‍പിക്കുമെന്ന നിലയിലെത്തി. മേല്‍മുണ്ട് കക്ഷത്തില്‍ വെച്ച് തിരുമുമ്പില്‍ കുനിഞ്ഞ് നിന്ന് രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് സി.പി.എമ്മുകാരൊഴികെ കേരള രാഷ്ട്രീയത്തെകുറിച്ച് സാമാന്യ ബോധമുള്ള ആരും പറയില്ല.
തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറം ആധുനിക കേരള ചരിത്രത്തില്‍ സി.പി.ഐക്ക് തനതായൊരു വ്യക്തിത്വമുണ്ടെന്നത് വസ്തുതയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം സി.പി.എം ഇല്ലാതെ സി.പി.എം തുടര്‍ച്ചയായി മുഖ്യമന്ത്രി പദവും തുടര്‍ ഭരണവുമെല്ലാമായി പതിറ്റാണ്ടോളം അന്തസോടെ നിന്നിരുന്നു. സി.പി.എമ്മിന്റെ വലയില്‍ അകപ്പെട്ടതോടെയാണ് സി.പി.ഐ വരാന്തയിൽ തള്ളപ്പെട്ടത്. എല്‍.ഡി.എഫ് ചെയര്‍മാന്‍ കണ്‍വീനര്‍ സ്ഥാനങ്ങളും സി.പി.എമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ അടിമ വ്യവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ല.
കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്ത് സി.പി.ഐയുടെ വാക്കിനെക്കാള്‍ സി.പി.എം കീറച്ചാക്കിനായിരുന്നു വിലകണ്ടിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായിയും ശിവന്‍കുട്ടിയും പി.എം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ യു.ഡി.എഫിന്റെ അതേ ശബ്ദത്തില്‍ സി.പി.ഐ മുന്നണിയോഗത്തിലും പുറത്തുമെല്ലാം അരുതേയെന്ന് ഉറക്കെ പറഞ്ഞിരുന്നു. പി.എം ശ്രീ കരാരില്‍ ഒപ്പിച്ച അതേ പിണറായി ആ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിയാത്ത യു.ഡി.എഫ് സര്‍ക്കാറിനെതിരെ പറയാന്‍ എന്തെങ്കിലും അര്‍ഹതയുണ്ടോ. വീടിന് തീകൊടുത്ത സി.പി.എം അതു കെടുത്താനെന്ന പേരില്‍ പെട്രോള്‍ ഒഴിക്കുന്നതാണ് പി.എം ശ്രീ വിഷയത്തില്‍ തുടരുന്നു വിരോധാഭാസം.
മുസ്്‌ലിംലീഗും സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലമാണ് കേരള വളര്‍ച്ചയുടെ അടിത്തറദൃഢപ്പെടുത്തിയത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വിശ്വാസത്തര കേരളമോഡല്‍ രൂപപ്പെട്ടതു പോലും അക്കാലമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുന്ന ഒരേയൊരു പാര്‍ട്ടിയേയൊള്ളൂ; സി.പി.എം. 1969 നവംബര്‍ 1 മുതല്‍ 1977 മാര്‍ച്ച് 25 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോനാണ് കേരളത്തില്‍ ഭൂപരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കിയത്. കുടിയാന്‍മാര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കിയ, കേരളത്തിന്റെ സാമൂഹിക ഘടന തന്നെ മാറ്റിമറിച്ച ആ വിപ്ലവകരമായ നിയമം നടപ്പാക്കിയത് സി.പി.ഐ നേതൃത്വം നല്‍കിയ സര്‍ക്കാരാണ്.
പക്ഷേ, സി.പി.എം ചരിത്രത്തിന് നേരെ കണ്ണടച്ച് ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ഇ.എം.എസിലും കെ.ആര്‍ ഗൗരിയമ്മക്കും മാത്രം നല്‍കുന്നു. 2019ല്‍ ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ അച്യുത മേനോന്റെ പേര് പോലും പറഞ്ഞില്ല. ഇതിനെതിരെ സി.പി.ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിലൂടെ പ്രതിഷേധിച്ചപ്പോഴും പിണറായി തിരുമനസ്സ് മൈന്റ് ചെയ്തില്ല. മുസ്്‌ലിംലീഗും കോണ്‍ഗ്രസ്സും സി.പി.ഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയതെന്ന് എത്രകഴിഞ്ഞാലും സി.പി.എമ്മിന് കഴിയില്ല. സാര്‍വത്രിക സ്‌കൂള്‍ വിദ്യാഭ്യാസവും പി.എച്ച്.സികളും മുതല്‍ പി.എസ്.സി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്റര്‍, മികച്ച വ്യവസായ നയങ്ങള്‍ തുടങ്ങി മിന്നുന്ന ട്രാക്ക് റിക്കോര്‍ഡുളള സി.പി.ഐ നേതൃത്വം നല്‍കിയ ഭരണത്തെ അംഗീകരിക്കുന്നില്ലെന്നതിന് അര്‍ത്ഥം ഒന്നേയൊള്ളൂ; അഹന്ത.
ഇ.എം.എസ് രാജിവെച്ച് ഒരാഴ്ചക്കുള്ളില്‍ സി.അച്യുത മേനോനെ മുഖ്യമന്ത്രിയാക്കിയ ബാഫഖി തങ്ങളും ആ ഭരണത്തില്‍ മന്ത്രിമാരായി തിളങ്ങിയ സി.എച്ച് മുഹമ്മദ് കോയയും, കെ.അവുക്കാദര്‍ക്കുട്ടി നഹയുമെല്ലാം മുസ്്‌ലിംലീഗിനെയും സി.പി.ഐയെയും ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളിലെഴുതിയ ഒരേ താളില്‍ വായിച്ചെടുക്കാനാവും. മുന്നണിവിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ശേഷവും മുസ്്‌ലിംലീഗും സി.പി.ഐയും ആരോഗ്യകരമായ വിമര്‍ഷനങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പരസ്പരം അന്തസ്സ് ഹനിക്കുന്ന സമീപനം കൈകൊണ്ടിട്ടില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫില്‍ സി.പി.ഐ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ പിണറായി സര്‍ക്കാറിന്റെ പതനത്തോടെ പരമ്യതയിലെത്തുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും വേദനയുണ്ടാവും.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 35 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍, സി.പി.ഐ 17ല്‍ നിന്ന് എട്ടിലേക്ക് താഴ്ന്നു. എങ്കിലും ആ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ. അവര്‍ക്ക് പ്രതിപക്ഷ ഉപ നേതൃപദവി നല്‍കണമോ വേണ്ടയോ എന്നത് ആ മുന്നണിയുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ, അതു മിണ്ടാന്‍പോലും അവകാശമില്ലെന്നും എല്ലാം തമ്പ്രാന്‍ കല്‍പ്പിക്കുമെന്ന് പൊതു സമൂഹത്തില്‍ വന്ന് മാധ്യമങ്ങളോട് തുറന്നടിക്കുമ്പോള്‍ സി.പി.ഐ എന്തിനിത്ര ആട്ടുംതുപ്പും സഹിക്കണമെന്ന് ചിന്തിക്കാതെങ്ങനെ.
പിണറായിയുടെ പത്താണ്ടിന്റെ വലതുപക്ഷ ഭരണത്തില്‍ പലതും പൂവണിയാതെ പോയതില്‍ ആ സര്‍ക്കാറിലെ സി.പി.ഐയുടെ സാനിധ്യം ഒരു കാരണമാണെന്നതു കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കും നോക്കും കടുത്തതാകാന്‍ കാരണം. സി.പി.ഐ മുന്നണി വിടണമെന്നോ യു.ഡി.എഫില്‍ അംഗമാവണമെന്നോ ഉള്ള ചര്‍ച്ചകളൊക്കെ അവര്‍ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍, കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന തലത്തിലേക്ക് ഗുണവും മണവുമെല്ലാം മാറിക്കഴിഞ്ഞ സി.പി.എം നയിക്കുന്ന മുന്നണിയില്‍, കേരള രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണത്തിനും സീറ്റുകള്‍ക്കുമപ്പുറം സ്ഥാനം നേടിയ സി.പി.ഐക്ക് എന്തു പ്രസക്തിയെന്ന് ആശങ്ക പ്രകടിപ്പിക്കാതെങ്ങനെ.
ഏതെങ്കിലുമൊരു പാര്‍ട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോള്‍ യു.ഡി.എഫിന് ഭീഷണിയോ ആശങ്കയോ സൃഷ്ടിക്കുന്നില്ല. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്ത പക്ഷം സി.പി.ഐക്ക് എല്‍.ഡി.എഫില്‍ തുടരുന്നത് ദുഷ്‌കരമാവും. കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷം യു.ഡി.എഫാണെന്ന് നൂറുദിന വി.ഡി.എസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എല്‍.ഡി.എഫ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷമാവില്ലെന്ന് സി.പി.ഐക്കെങ്കിലും മനസ്സിലാകാതാരിക്കില്ലല്ലോ.
(മുസ്്‌ലിംലീഗ് ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)