തിരുവനന്തപുരം: എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ മറവിൽ കോൺഗ്രസിനുള്ളിൽ അധികാരപ്പോര് ശക്തമാകുകയാണോയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് കേരള സർക്കാരിനെ ‘ഇലീഗൽ’ എന്ന് വിശേഷിപ്പിക്കുന്ന പരാമർശം നടത്തിച്ചതിന് പിന്നിൽ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കമുണ്ടോയെന്നും അവർ ചോദിച്ചു. വി.ഡി. സതീശനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള ഡൽഹിയിലെ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) എന്ന് ശോഭ കരന്തലജെ പറഞ്ഞു. വീടുതോറുമുള്ള പരിശോധനയിലൂടെ മരണപ്പെട്ടവർ, താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ എന്നിവരുടെ വിവരങ്ങൾ പരിശോധിച്ച് അർഹരായ വോട്ടർമാരെ ഉൾപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. 1952 മുതൽ രാജ്യത്ത് 12 തവണ എസ്.ഐ.ആർ നടപടികൾ നടന്നിട്ടുണ്ടെന്നും അതിൽ പത്ത് തവണയും കോൺഗ്രസ് ഭരണകാലത്തായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സമഗ്രമായ വോട്ടർപട്ടിക പരിശോധന നടന്നിട്ടില്ലെന്നും അതിനാൽ ഇപ്പോഴത്തെ നടപടി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ എസ്.ഐ.ആർ നടപടികൾക്കുശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതെന്നും അന്ന് എതിർപ്പില്ലാതിരുന്ന നടപടിക്കെതിരെ ഇപ്പോൾ രാഷ്ട്രീയ പ്രതിഷേധം ഉയർത്തുന്നതിലെ വൈരുധ്യം കോൺഗ്രസ് വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എസ്.ഐ.ആറിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വോട്ടർപട്ടിക പരിഷ്കരണത്തെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിച്ച് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത് ശരിയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിവാദമാക്കരുതെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പദം ഉൾപ്പെടെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ശോഭ കരന്തലജെ ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.
കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പട്ടികജാതി വിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ 25 വർഷത്തെ കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ഗുണഫലങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭിച്ചിട്ടില്ല. വീട്, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, പ്രതിശീർഷ വരുമാനം തുടങ്ങിയ മേഖലകളിൽ പട്ടികജാതി വിഭാഗം ഇപ്പോഴും പിന്നാക്കാവസ്ഥ നേരിടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കപ്പുറം പട്ടികജാതി വിഭാഗത്തിന്റെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും സമുദായത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന് ചാത്തൻ മാസ്റ്റർ സ്മൃതി സഭയുടെ നേതൃത്വത്തിൽ ശക്തമായ പൊതുവേദി രൂപീകരിക്കണമെന്നും ശോഭ കരന്തലജെ നിർദേശിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട പട്ടികജാതി സംവരണ ആനുകൂല്യങ്ങളുടെ വിഷയമുൾപ്പെടെ ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം. ഇത്തരം പ്രവർത്തനങ്ങൾക്ക് ബിജെപിയുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
രാഷ്ട്രീയത്തിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുകയും വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയുമാകണം. പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശങ്ങളും അവസരങ്ങളും തുല്യമായി ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കാൻ ഭരണകൂടങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി കേരള പ്രഭാരി പ്രൊഫ. എം. നാഗരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു.