• Fri. Jul 3rd, 2026

24×7 Live News

Apdin News

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Byadmin

Jul 2, 2026


ശ്രീഹരിക്കോട്ട: ബഹിരാകാശ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി വിക്ഷേപണത്തിനൊരുങ്ങി വിക്രം-1. ദൗത്യത്തിന്റെ ഒന്നാം ഘട്ടമായി റോക്കറ്റ് വിക്ഷേപണത്തറയില്‍ സ്ഥാപിച്ചു. ഭാരതത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്വകാര്യ നിര്‍മിത റോക്കറ്റാണ് വിക്രം -1. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന കമ്പനിയാണ് റോക്കറ്റ് വികസിപ്പിച്ചത്.

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിവുള്ള മള്‍ട്ടി- സ്റ്റേജ് റോക്കറ്റാണ് വിക്രം- 1. ഭാരത ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ ഓര്‍മയ്‌ക്കാണ് റോക്കറ്റിന് വിക്രം എന്ന് പേര് നല്‍കിയിരിക്കുന്നത്.

ചന്ദ്രയാന്‍, മംഗള്‍യാന്‍ ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ ചരിത്ര ദൗത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഐഎസ്ആര്‍ഒയുടെ വിക്ഷേപണ തറയില്‍ പൂര്‍ണമായും സ്വകാര്യ മേഖല രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഒരു ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപണത്തിനായി സജ്ജമാകുന്നത് ഇതാദ്യമായാണ്.

റോക്കറ്റിന്റെ ഭീമന്‍ ഘടകങ്ങള്‍ അത്യാധുനിക ക്രെയിനുകളുടെ സഹായത്തോടെ ഉയര്‍ത്തി വിക്ഷേപണ തറയില്‍ മില്ലിമീറ്റര്‍ കൃത്യതയോടെ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സ്‌കൈറൂട്ട് എയറോസ്പേസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘ഓരോ ഭാഗങ്ങളായി വിക്രം-1 ജീവന്‍ പ്രാപിക്കുകയാണ്. ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെ ഉയര്‍ത്തി, കൃത്യമായി കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ റോക്കറ്റാക്കി മാറ്റുകയാണ്’ എന്നാണ് കമ്പനി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

വിക്ഷേപണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും സങ്കീര്‍ണമായ നടപടികളിലൊന്നായ റോക്കറ്റ് സ്റ്റാക്കിംഗ് വിജയകരമായി പൂര്‍ത്തിയായതോടെ ഇനി ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ സംവിധാനങ്ങളുടെ അന്തിമ പരിശോധനകള്‍, ഇന്ധനം നിറയ്‌ക്കാനുള്ള ഒരുക്കങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുക.

2022 നവംബറില്‍ ‘വിക്രം-എസ്’ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചരിത്രം കുറിച്ച സ്‌കൈറൂട്ടിന്റെ ഏറ്റവും വലിയ വാണിജ്യ ദൗത്യമാണ് ഇപ്പോഴത്തെ വിക്രം-1. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള ഈ വിക്ഷേപണം വിജയകരമായാല്‍ ആഗോള വാണിജ്യ ബഹിരാകാശ വിപണിയില്‍ ഭാരതത്തില്‍ സ്വകാര്യ കമ്പനികളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

സ്വകാര്യ ബഹിരാകാശ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഐഎസ്ആര്‍ഒയും INSPACeയും ശ്രീഹരിക്കോട്ടയിലെ അത്യാധുനിക വിക്ഷേപണ സൗകര്യങ്ങള്‍ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തുറന്നുനല്‍കിയതിന്റെ ഫലമാണ് ഈ ചരിത്രനേട്ടമെന്നും ബഹിരാകാശ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതത്തിന്റെ ബഹിരാകാശ സ്വയംപര്യാപ്തതയ്‌ക്കും ‘മേക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തിനും പുതിയ കരുത്ത് പകരുന്ന ചുവടുവെപ്പായാണ് വിക്രം-1 വിലയിരുത്തപ്പെടുന്നത്.



By admin