
ഹൈദരാബാദ്: ഭാരതത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട്, സ്വകാര്യ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച ‘വിക്രം-1’ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം പ്രഖ്യാപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ വിക്ഷേപണ തറയിൽ നിന്ന് ജൂലൈ 18-ന് രാവിലെ 11:30-നാണ് റോക്കറ്റ് കുതിച്ചുയരുക. പൂർണ്ണമായും സ്വകാര്യ മേഖലയിൽ രൂപകൽപ്പന ചെയ്‌തും വികസിപ്പിച്ചെടുത്തതുമായ ഒരു ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ഭാരത
മണ്ണിൽ നിന്ന് വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്.
‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കുള്ള ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ ശക്തമായ കടന്നുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി വ്യോമപാതയിലും സമുദ്രത്തിലും ആവശ്യമായ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ചുകൊണ്ട് അതോറിറ്റികൾ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതായി സ്കൈറൂട്ട് അറിയിച്ചു.
വിക്രം-1 റോക്കറ്റിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി സംയോജിപ്പിച്ച് വിക്ഷേപണ തറയിൽ സ്ഥാപിച്ചുകഴിഞ്ഞു. വിക്ഷേപണ നിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള അവസാന ഘട്ട പരിശോധനകളും പൂർത്തിയായിട്ടുണ്ട്. ഗ്രഹാ സ്പേസ്, കോസ്മോസർവ്, ഡിക്യൂബ്‌ഡ്, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് എന്നിവയിൽ നിന്നുള്ള സാങ്കേതിക പ്രകടന പേലോഡുകളാണ് വിക്രം-1 ബഹിരാകാശത്ത് എത്തിക്കുക. ഇതോടൊപ്പം കോസ്മോസ് ഡയമണ്ട്സിന്റെ ‘കോസ്‌മിക് ബ്ലൂം’ എന്ന കലാസൃഷ്‌ടിയും ഒരു മൈക്രോ ആർട്ടും റോക്കറ്റിലുണ്ടാകും.
ഏഴ് നിലകളുടെ ഉയരമുള്ള വിക്രം-1 ഒരു മൾട്ടി-സ്റ്റേജ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ്. പൂർണ്ണമായും കാർബൺ കോമ്പോസിറ്റ് ഘടനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രൊപ്പൽഷൻ സിസ്റ്റം, 3D പ്രിൻ്റഡ് ലിക്വിഡ് എഞ്ചിനുകൾ, ഉയർന്ന ശേഷിയുള്ള സോളിഡ് ഫ്യുവൽ റോക്കറ്റ് ബൂസ്റ്ററുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. 350 കിലോഗ്രാം വരെയുള്ള ചെറുകിട ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ (LEO) എത്തിക്കാൻ ശേഷിയുള്ള റോക്കറ്റാണിത്. ഈ ആദ്യ പരീക്ഷണത്തിലൂടെ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥമാണ് ലക്ഷ്യമിടുന്നത്.
“വിക്രം-1 റോക്കറ്റ് ഭൂമിയിൽ വെച്ച് പരീക്ഷിക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്‌തിട്ടുണ്ട്. ജൂലൈ 18-ന് യഥാർത്ഥ വിക്ഷേപണ അന്തരീക്ഷത്തിൽ ഈ റോക്കറ്റ് എങ്ങനെ പ്രവർത്തിക്കുമെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ നിന്ന് ലഭിക്കുന്ന വിലയേറിയ വിവരങ്ങൾ സ്കൈറൂട്ടിന്റെ ഭാവി ദൗത്യങ്ങൾക്ക് നിർണായക അടിത്തറയാകും.” സ്കൈറൂട്ട് എയറോസ്പേസ് കോ-ഫൗണ്ടറും സി.ഇ.ഒയും ആയ പവൻ കുമാർ ചന്ദന പറഞ്ഞു.