
തൃശൂര്‍: പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനും പി.കെ. ചാത്തന്‍ മാസ്റ്റര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് മുന്‍ എംഎല്‍എയും ചാത്തന്‍ മാസ്റ്റര്‍ സ്മൃതി സഭ സംഘാടക സമിതി ചെയര്‍മാനുമായ സി.സി. മുകുന്ദന്‍. ചാത്തന്‍ മാസ്റ്ററുടെ അനുസ്മരണത്തിനായി ബിജെപി സ്മൃതി സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സിപിഐയില്‍ വലിയ പരിഭ്രാന്തിയാണെന്നും ചാത്തന്‍ മാസ്റ്ററെക്കുറിച്ച് ഇപ്പോള്‍ സിപിഐക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തി മുന്നോട്ടുപോകുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സാധാരണക്കാരന് പ്രയോജനപ്പെടുന്ന പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു. ഇടതും വലതും ഒരുപോലെയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും പ്രഥമ മന്ത്രിസഭയിലെ അംഗവും ആദ്യ പട്ടികജാതി വകുപ്പ് മന്ത്രിയുമായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍ സിപിഐയുടെ മാത്രം സ്വത്തല്ലെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
ചാത്തന്‍ മാസ്റ്ററെ സിപിഐ അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന് സ്മാരകം നിര്‍മ്മിക്കാന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു മാസം മുമ്പുവരെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചാത്തന്‍ മാസ്റ്ററുടെ ചിത്രം ഉണ്ടായിരുന്നില്ലെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുടയിലാണ് പി.കെ. ചാത്തന്‍ മാസ്റ്റര്‍ സ്മൃതി സഭ നടക്കുന്നത്. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. കേരളത്തിലെ വിവിധ പട്ടികജാതി സാമുദായിക സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
സ്മൃതി സഭയുടെ ഭാഗമായി 17-ന് രാവിലെ 10-ന് തിരുവനന്തപുരത്തുനിന്ന് മുന്‍ എംഎല്‍എ കെ. അജിത് നയിക്കുന്ന ഛായാചിത്ര ഘോഷയാത്ര ആരംഭിക്കും. സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള ചാത്തന്‍ മാസ്റ്ററുടെ ഛായാചിത്രം അദ്ദേഹത്തിന്റെ സന്തതസഹചാരിയും പട്ടികജാതി വകുപ്പ് മുന്‍ ഡയറക്ടറുമായ 103 വയസുള്ള സി.സി. കുഞ്ഞന്‍ കൈമാറും. 18ന് രാവിലെ 10ന് മഹാത്മാഗാന്ധിയുടെ സന്ദര്‍ശനത്താല്‍ ചരിത്രപ്രാധാന്യമുള്ള പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമത്തില്‍നിന്ന് ചാത്തന്‍ മാസ്റ്റര്‍ സ്മൃതി ജ്യോതി യാത്ര ആരംഭിക്കും. മുന്‍ എംഎല്‍എ സി.സി. മുകുന്ദനാണ് യാത്ര നയിക്കുന്നത്. ഇരുയാത്രകളും 18ന് വൈകുന്നേരം അഞ്ചിന് ഇരിങ്ങാലക്കുടയില്‍ സമാപിക്കും.
എം.കെ. കുഞ്ഞോല്‍ മാസ്റ്ററും മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും ചേര്‍ന്ന് യാത്രകളെ സ്വീകരിക്കും. ചാത്തന്‍ മാസ്റ്റര്‍ സ്മൃതി സഭ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ വിവിധ പരിപാടികളുടെ പ്രഖ്യാപനവും സ്മൃതി സഭയില്‍ നടക്കും.
ബിജെപി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് സര്‍ജു തൊയ്‌കാവ്, ജില്ലാ മീഡിയ കണ്‍വീനര്‍ ദിനേഷ്‌കുമാര്‍ കരിപ്പേരില്‍, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് എന്നിവരും പങ്കെടുത്തു.