• Tue. Nov 17th, 2026

24×7 Live News

Apdin News

വൃശ്ചിക പുലരിയിൽ ശരണമന്ത്രങ്ങളുമായി ശബരിമലയിൽ ഭക്തജനപ്രവാഹം

Byadmin

Nov 17, 2026



വൃശ്ചിക പുലരിയിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല സന്നിധാനം. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതോടെ അയ്യപ്പ ദർശനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും വൻ ഭക്തജനപ്രവാഹമാണ് ശബരിമലയിലേക്ക് എത്തുന്നത്. പുലർച്ചെ നിർമ്മാല്യ ദർശനത്തോടെയും അഭിഷേകത്തോടെയുമാണ് വൃശ്ചികം ഒന്നിലെ പൂജകൾക്ക് തുടക്കമായത്.

പുലർച്ചെ മുതൽ തന്നെ പതിനെട്ടാം പടി കയറാനും അയ്യപ്പനെ ദർശിക്കാനുമായി തീർത്ഥാടകരുടെ നീണ്ട നിരയാണ് സന്നിധാനത്തും പരിസരങ്ങളിലും കാണാൻ സാധിക്കുന്നത്.മാളികപ്പുറം നട പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി തുറന്നു. അറുപതിനായിരത്തില്‍ അധികം ഭക്തരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ തിരുവാഭരണ ദര്‍ശനത്തിനും തുടക്കമായി.

മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമല ദര്‍ശനത്തിന് എത്തും. ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്കാണ് ദര്‍ശന സൗകര്യം. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും പതിനാലായിരം പേര്‍ക്ക് തത്സമയ ബുക്കിങിലൂടെയും ദര്‍ശനം നടത്താം.

അതേസമയം നിലയ്‌ക്കലിലെത്തുന്ന സ്വാമിമാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സുരക്ഷാ വിന്യാസമൊരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്വാമിമാര്‍ തിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള അപകടസാധ്യത വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം നിയന്ത്രിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള സ്വാമിമാരുടെ എണ്ണം കൂടിയതിനാല്‍ തിരക്ക് ഓരോ മണിക്കൂറിലും ഉയരുമെന്നാണ് വിലയിരുത്തല്‍. കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളുടെ എണ്ണം 90 ആയി ഉയര്‍ത്തിയിട്ടുണ്ട്.

By admin