കോഴിക്കോട്: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വീണ തൈക്കണ്ടിയിൽ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ കേസെടുക്കണമെന്ന ഇഡിയുടെ നിർദേശത്തിൽ പിണറായി മുൻപ് തങ്ങൾക്കെതിരെ പ്രയോഗിച്ച പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിയാക്കപ്പെട്ട അലൻ ഷുഹൈബ്.
പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു. ‘ചായ കുടിക്കാൻ പോയതല്ലല്ലോ’ എന്നായിരുന്നു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അലൻ പ്രതികരിച്ചത്. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന് അനുകൂലിച്ചും എതിർത്തും വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സമയത്ത്, അവർക്കെതിരായ പോലീസ് നടപടിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവാദ വാചകമായിരുന്നു ഇത്. 2019 നവംബർ ഒന്നിനാണ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹ ഫൈസലും അറസ്റ്റിലായത്. സിപിഎമ്മിന്റെ നിലപാടു മാറ്റത്തിലൂടെ കേസ് വലിയ ചർച്ചയായിരുന്നു.
സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം ഇരുവരെയും അനുകൂലിച്ച് രംഗത്തെത്തിയിരുന്നുവെങ്കിലും ആ സമയം ഇരുവരും ചായ കുടിക്കാൻ പോയപ്പോഴല്ലല്ലോ അറസ്റ്റിലായതെന്നായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം. വർഷങ്ങൾക്കിപ്പുറം, മാസപ്പടി കേസിൽ വീണ വിജയന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി റെയ്ഡുകളും അന്വേഷണങ്ങളും ശക്തമാക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി നിർദ്ദേശം നൽകുകയും ചെയ്ത പുതിയ രാഷ്‌ട്രീയ സാഹചര്യത്തിലാണ്, പിണറായിയുടെ പഴയ വാക്കുകൾ തന്നെ ആയുധമാക്കി അലൻ ഷുഹൈബ് രംഗത്തെത്തിയിരിക്കുന്നത്.