തിരുവനന്തപുരം:ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയല്‍വാസിയെ പൊലീസ് മര്‍ദിക്കുന്നത് തടഞ്ഞ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം.ഈ മാസം രണ്ടിനാണ് സംഭവം.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ പരിശോധനയില്‍ പെരുങ്കുഴിയിലെ വിഘ്‌നേശ്വരന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യം പൊലീസ് പിടികൂടി.ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം വിഘ്‌നേശ്വരനെ മര്‍ദിച്ചെന്നും സജി ഇത് തടഞ്ഞപ്പോള്‍ എട്ട് പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലിയെന്നുമാണ് പരാതി.നിലത്തുവീണപ്പോള്‍ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നുമാണ് ആരോപണം.പിന്നീട് വിഘ്‌നേശ്വരനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
സജി രാത്രി രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മരുന്ന് നല്‍കി വീട്ടിലേക്ക് മടക്കി.എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ സജി വീട്ടില്‍ കുഴഞ്ഞുവീണു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. പരാതിയില്‍ നടപടിയെടുക്കുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.