• Sat. Nov 21st, 2026

24×7 Live News

Apdin News

‘ചെങ്കൊടി’ മുടക്കിയ സെമികണ്ടക്ടർ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി; ഇന്ന് ഭാരതം ചിപ്പുകൾ കയറ്റുമതി ചെയ്യുന്നു: മോദി

Byadmin

Nov 21, 2026



ഖരഗ്പൂർ: രാജ്യത്തെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയായ ഐഐടി ഖരഗ്പൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ’75 വോയ്‌സസ് ഫോർ വികസിത ഭാരതം’ എന്ന സംരംഭത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിലെ നേതാജി ഓഡിറ്റോറിയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. കഴിഞ്ഞ 75 വർഷമായി രാജ്യത്തിന്റെ പരിവർത്തനത്തിലും പുരോഗതിയിലും ഐഐടി ഖരഗ്പൂർ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരുകാലത്ത് തടങ്കൽപ്പാളയങ്ങളായിരുന്ന ഈ കാമ്പസ് സ്വയംഭരണത്തിനായി കൊതിക്കുകയും ഭാരതം വലിയ ഉയരങ്ങളിലെത്തുമെന്ന് സ്വപ്നം കാണുകയും ചെയ്ത ദേശാഭിമാനികളുടെ അജയ്യമായ ആത്മാവിനും ധൈര്യത്തിനും സാക്ഷ്യം വഹിച്ച മണ്ണാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇന്ന് ഇതേ മണ്ണിൽ യുവമനസ്സുകൾ വളർത്തിയെടുക്കപ്പെടുന്നു. അവരുടെ നൂതനാശയങ്ങളും ആശയങ്ങളും ഭാരതത്തെ സ്വാശ്രയമാക്കുന്നതിന് പിന്നിലെ പ്രേരകശക്തിയായി മാറുകയാണ്. സ്വയംഭരണത്തിനായുള്ള അഭിലാഷത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കുള്ള ഈ യാത്രയാണ് വികസിത ഭാരതത്തെ സൃഷ്ടിക്കുന്നതിനുള്ള യഥാർത്ഥ ശക്തി,” അദ്ദേഹം വ്യക്തമാക്കി.

50 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ സെമികണ്ടക്ടറുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കമ്പനി വന്നിരുന്നതായും എന്നാൽ ചെങ്കൊടി കാണിച്ച് അവരെ തിരിച്ചയക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇത് ചെങ്കൊടിയുടെ പ്രവൃത്തിയായിരുന്നു. സെമികണ്ടക്ടർ മിഷനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, നമ്മൾ ഒരുപാട് വൈകിപ്പോയെന്നാണ് പലരും പറഞ്ഞത്. എന്നാൽ വെറുതെ ഇരിക്കാൻ ഭാരതം തയ്യാറല്ലായിരുന്നു. കൃത്യമായ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോയതിന്റെ ഫലമായി വെറും നാല് വർഷത്തിനുള്ളിൽ ചിപ്പുകൾ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് ഭാരതം വളർന്നു,” നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിന്റെ ബഹിരാകാശ, ആണവോർജ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഗോള സോഫ്റ്റ്‌വെയർ വ്യവസായത്തെ നയിക്കുന്നതിലും ഐഐടി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥികൾ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. എല്ലാ യുഗങ്ങളിലും രാഷ്‌ട്രനിർമ്മാണത്തിനായുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സ്ഥാപനം നേതൃത്വം വഹിച്ചിട്ടുണ്ട്. വെല്ലുവിളികളെ നേരിടുന്നതിലാണ് യഥാർത്ഥ കഴിവ് തെളിയുന്നതെന്നും, വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾ മുന്നിലുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, ഗവർണർ ആർ.എൻ. രവി, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

By admin