തിരുവനന്തപുരം : ചേന്തി അനിലിന്റെ അറസ്റ്റിന് എതിരെ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണ് . കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ അംഗീകരിക്കാനാകില്ലെന്നും സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു.
‘ ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ. ആര്‍ക്കും എങ്ങനെയും സംസാരിക്കാമല്ലോ. കേസെടുക്കണ്ട എന്ന് പറഞ്ഞെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്. ആരുടെ താത്പര്യത്തിന്റെ മേലെയാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല. – അദ്ദേഹം പറഞ്ഞു. വാഹനം തടഞ്ഞിട്ടില്ലെന്നും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.