• Sat. Aug 29th, 2026

24×7 Live News

Apdin News

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

Byadmin

Aug 29, 2026


കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ ബ്രൂണോയിൽ കണ്ടെത്തിയെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ്. കേസിന്റെ അന്വേഷണ ചുമതല നിലവിലെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതേസമയം, സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചാരണത്തിൽ അന്താരാഷ്‌ട്ര ഏജൻസിയായ ഇന്റർപോളിന് കത്തയക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങൾ തീരുമാനിച്ചു. വാർത്തയിലെ ദുരൂഹത നീങ്ങിയ സാഹചര്യത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. സുകുമാരക്കുറുപ്പെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ സ്വദേശിയുടേതാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സൈബർ ഹാക്കറുടെ സഹായത്തോടെ ഇത്തരമൊരു പ്രചാരണം ഉണ്ടായേക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ വെളിപ്പെടുത്തലുകൾ വന്ന ഘട്ടത്തിൽ പൊലീസ് കൂടുതൽ പ്രതികരണങ്ങൾക്ക് മുതിരാതെ ജാഗ്രത പാലിക്കുകയായിരുന്നു.

ബ്രൂണെയിലുള്ളത് കുറുപ്പല്ലെന്ന് വ്യക്തമായതോടെ ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക സംശയം. കേസന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒരു മാസത്തിനകം സുകുമാരക്കുറുപ്പ് കേസിലെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, കേസ് അവസാനിപ്പിക്കും മുൻപ് ഈ വ്യാജ പ്രചാരണത്തിന്റെ യാഥാർത്ഥ്യം കൂടി അന്വേഷിച്ച് റിപ്പോർട്ടിന്റെ ഭാഗമാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.



By admin