• Sat. Aug 29th, 2026

24×7 Live News

Apdin News

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

Byadmin

Aug 29, 2026


സംസ്‌കൃതം ദേവഭാഷയായും ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഷയായും ആദരിക്കപ്പെടുന്നു. ശക്തമായ പൈതൃകവേരുകളുള്ള ഈ ഭാഷ നൂറ്റാണ്ടുകളായി അതിന്റെ പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് വളര്‍ന്നുവരികയാണ്. ഇന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സംസ്‌കൃതത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വികസനത്തിനുമായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരുന്നു.

പ്രീപ്രൈമറി സ്‌കൂള്‍തലം മുതല്‍ സര്‍വകലാശാലാതലം വരെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം പഠിക്കാന്‍ അവസരമുണ്ട്. സംസ്‌കൃത ഭാഷയുടെയും വേദങ്ങളുടെയും പ്രചാരണത്തിനും ഗവേഷണത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 18 സംസ്‌കൃത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു.

സംസ്‌കൃതത്തിലെ പ്രാചീനവും ആധുനികവുമായ കൃതികള്‍ വിവിധ ഭാരതീയ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുന്നു. അതോടൊപ്പം മറ്റു ഭാഷകളിലെ മികച്ച കൃതികളും സംസ്‌കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ശാസ്ത്ര-സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ആധുനിക വിജ്ഞാനമേഖലകളുമായി ബന്ധപ്പെട്ട
സാഹിത്യങ്ങളും സംസ്‌കൃതത്തില്‍ ലഭ്യമാണ്. ഇതിലൂടെ, പാരമ്പര്യത്തിന്റെ മഹത്വം നിലനിര്‍ത്തിക്കൊണ്ട് കാലത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുന്ന ഭാഷയായി സംസ്‌കൃതം മാറുന്നു. അതിനാല്‍ സംസ്‌കൃതഭാഷയ്‌ക്ക് ശോഭനവും പ്രത്യാശാപൂര്‍ണവുമായ ഭാവിയുണ്ടെന്ന് ഉറപ്പോടെ പറയാം.

സംസ്‌കൃതം ജീവിതത്തിന്റെ ഭാഷയാണ്. മനുഷ്യജീവിതത്തിന് ആവശ്യമായ ധാര്‍മികവും സാംസ്‌കാരികവും മാനവികവുമായ മൂല്യങ്ങള്‍ ഈ ഭാഷ നമ്മില്‍ വളര്‍ത്തിയെടുക്കുന്നു. സംസ്‌കൃതം ഒരു പ്രത്യേക വിഭാഗത്തിനുമാത്രം പരിമിതമായ ഭാഷയാണെന്നത് യാഥാര്‍ഥ്യവിരുദ്ധമാണ്. സംസ്‌കൃതഭാരതി (വിശ്വസംസ്‌കൃതപ്രതിഷ്ഠാനം) എന്ന സംഘടന സംഘടിപ്പിച്ച വിവിധ സംസ്‌കൃതപഠന ക്യാമ്പുകളില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ സംസ്‌കൃതം അഭ്യസിക്കുന്നു. ഇന്നും അവര്‍ പഠനം തുടരുകയാണ്. സംസ്‌കൃതം പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. ശാസ്ത്രീയമായ പഠനരീതിയിലൂടെ ഏത് പ്രായക്കാരനും സംസ്‌കൃതം എളുപ്പത്തില്‍ അഭ്യസിക്കാനാവും. സംസ്‌കൃതം അഭ്യസിച്ചവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്യാപനം, ഗവേഷണം, വിവര്‍ത്തനം, പ്രസാധനം, പൈതൃകപഠനം, സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്.

സംഭാഷണഭാഷ എന്ന നിലയിലും സംസ്‌കൃതം ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കുകയാണ്. ദൈനംദിന ജീവിതത്തില്‍ സംസ്‌കൃതം ഉപയോഗിക്കുന്ന ഗ്രാമങ്ങളും സംഘടനകളും പഠനകേന്ദ്രങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

സംസ്‌കൃതത്തിന്റെ പുനരുജ്ജീവനവും ജനകീയവല്‍ക്കരണവും എന്ന മഹത്തായ ലക്ഷ്യത്തോടെ സംസ്‌കൃത ഭാഷയുടെ തുടര്‍ച്ചയായ സംരക്ഷണം, വികസനം, പ്രചാരണം, അതില്‍ ഉള്‍ച്ചേര്‍ത്ത സാഹിത്യം, പാരമ്പര്യം, വിജ്ഞാന സംവിധാനങ്ങള്‍ എന്നിവയ്‌ക്കുള്ള ഒരു പ്രസ്ഥാനമായാണ് സംസ്‌കൃത ഭാരതി 1981 സ്ഥാപിതമായത്. പത്ത് ദിവസത്തെ സംസ്‌കൃത സംഭാഷണ ശിബിരം എന്ന ആശയവും തപാല്‍ വഴിയുള്ള സംസ്‌കൃത വിദ്യാഭ്യാസം എന്ന പദ്ധതിയും ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളായിരുന്നു.

ചുരുക്കം ചില സംസ്‌കൃതസ്‌നേഹികളുടെ പരിശ്രമത്തിലൂടെ ആരംഭിച്ച ഈ സംരംഭത്തിന് പിന്നീട് നിരവധി സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെയും സംസ്‌കൃതാനുരാഗികളുടെയും വിശാലമായ പിന്തുണ ലഭിച്ചു. സംസ്‌കൃതത്തെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഷയാക്കുകയും ആധുനിക സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുകയും ചെയ്യണമെന്ന ലക്ഷ്യമാണ് ഈ പ്രസ്ഥാനത്തെ നയിച്ചത്. ഈ പ്രസ്ഥാനം ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യവ്യാപകമായി വികസിക്കുകയും സംസ്‌കൃത ഭാരതി എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ന് ബെംഗളൂരുവിലും ന്യൂദില്ലിയിലും ആസ്ഥാനങ്ങളുള്ള സംസ്‌കൃത ഭാരതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്‌കൃത പ്രചാരണ-പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഭാരതത്തിന് പുറമെ ലോകത്തെ 27-ലധികം രാജ്യങ്ങളിലായി സംഘടനയുടെ പഠനകേന്ദ്രങ്ങളും പ്രവര്‍ത്തനകേന്ദ്രങ്ങളും സജീവമാണ്. 200-ലധികം മുഴുവന്‍സമയ പ്രവര്‍ത്തകരുടെയും ആയിരക്കണക്കിന് സമര്‍പ്പിത സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സംസ്‌കൃതത്തിന്റെ മാധുര്യവും സാംസ്‌കാരിക മഹത്വവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സംഭാഷണ ശിബിരങ്ങള്‍, അധ്യാപകപരിശീലനം, ശില്പശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്രീഡോത്സവങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഗവേഷണ-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സംസ്‌കൃതത്തെ ജനകീയമാക്കുകയും ആധുനിക സമൂഹത്തില്‍ കൂടുതല്‍ സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്‌കൃത ഭാരതി മുന്നേറുന്നത്.

സംസ്‌കൃത ഭാഷയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന് ഭാരതീയ സാംസ്‌കാരിക ചൈതന്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സംഘടനയുടെ അടിസ്ഥാന ലക്ഷ്യം. അതോടൊപ്പം, സംസ്‌കൃതത്തിലെ പ്രാചീന ഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന വിജ്ഞാനവും ശാസ്ത്രീയ പഠനത്തിന് വിധേയമായ അറിവുകളും ഗവേഷണങ്ങളിലൂടെ കണ്ടെത്തി മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രചരിപ്പിക്കാനും സംഘടന ശ്രമിക്കുന്നു.

ജാതി, മതം, ഭാഷ, പ്രദേശം, ലിംഗം എന്നീ വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിലെ എല്ലാ പ്രായക്കാരിലേക്കും സംസ്‌കൃതപഠനം എത്തിക്കുക, സംസ്‌കൃതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക, അതിലൂടെ ദേശീയ ഐക്യവും സാമൂഹിക സൗഹാര്‍ദവും ശക്തിപ്പെടുത്തുക എന്നിവയും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ട് സംസ്‌കൃതത്തെ ജനകീയവും ജീവസ്സുറ്റതുമായ ഭാഷയാക്കി വളര്‍ത്തുന്നതിനാണ് സംഘടന നിരന്തരം പ്രവര്‍ത്തിച്ചുവരുന്നത്.

വിദ്യാഭ്യാസവും ഗവേഷണവും

സംസ്‌കൃത ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിദ്യാഭ്യാസം, ഗവേഷണം എന്നീ രണ്ട് മേഖലകളെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മുഖ്യആകര്‍ഷണം വളരെ ലളിതവും പ്രായോഗികവുമായ രീതിയില്‍ സംസ്‌കൃത സംഭാഷണം അഭ്യസിപ്പിക്കുന്ന ശിബിരം ആണ്. ക്യാമ്പുകളിലൂടെ സംസ്‌കൃതം സംസാരിക്കാന്‍ പഠിപ്പിക്കാന്‍ 70,000 ത്തിലധികം സംസ്‌കൃത അധ്യാപകര്‍ പരിശീലനം നേടി. ഭാരതത്തിലെയും വിദേശരാജ്യങ്ങളിലെയും ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ ഇത്തരം ശിബിരങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്‍പ്പെടെ നടത്തിയ സംഭാഷണ ശിബിരം സവിശേഷശ്രദ്ധനേടി. ഇതുവരെ ഏകദേശം 1.35 ലക്ഷം ശിബിരങ്ങളിലൂടെ 90 ലക്ഷത്തിലധികം ആളുകള്‍ക്ക് സംസ്‌കൃതം സംസാരിക്കാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ഹിന്ദി, ബംഗാളി, ഒഡിയ, അസമീസ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലൂടെ തപാല്‍ വഴിയുള്ള സംസ്‌കൃത വിദ്യാഭ്യാസവും സംഘടന ഒരുക്കിയിട്ടുണ്ട്. കൂടാതെ ബാലകേന്ദ്രങ്ങള്‍, സരളസംസ്‌കൃതപരീക്ഷകള്‍, ഭഗവദ്ഗീത പഠനകേന്ദ്രങ്ങള്‍, ശ്ലോകപാരായണ കേന്ദ്രങ്ങള്‍, മുഴുവന്‍സമയ പ്രവര്‍ത്തക പരിശീലനകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കായുള്ള സംവാദ് സ്‌കൂളുകള്‍ (സംസ്‌കൃത പരിശീലന കേന്ദ്രങ്ങള്‍) എന്നിവയും സംഘടന വിജയകരമായി നടത്തിവരുന്നു.

സംസ്‌കൃതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടകയിലെ ശിവമൊഗ്ഗ ജില്ലയിലെ മത്തൂര്‍ ഗ്രാമത്തിനുപുറമേ ബെളഗാവി ജില്ലയിലെ നന്ദീശ്വര്‍ (അത്താണി) ഗ്രാമവും ഉള്‍പ്പെടെ രാജ്യത്തിന്റ വിവിധപ്രദേശങ്ങളില്‍ സംസ്‌കൃതഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംഘടന നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്ന ഇ-ലേണിംഗ് പദ്ധതികളും വിജയകരമായി നടപ്പിലാക്കിവരുന്നു. സംസ്‌കൃത ഭാരതി ഇതുവരെ 300-ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50 ഓഡിയോ / വീഡിയോ സിഡികളും പുറത്തിറക്കി. ഒരു ഭാഷയുടെ വളര്‍ച്ചയ്‌ക്ക് സംസാരഭാഷ എന്ന നിലയിലുള്ള പ്രചാരവും സമ്പന്നമായ സാഹിത്യസൃഷ്ടികളും ഒരുപോലെ അനിവാര്യമാണ്. നാല് പതിറ്റാണ്ടിലേറെയായി സംസ്‌കൃത ഭാരതി നടത്തിയ അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി സംസ്‌കൃതം ഇന്ന് ദൈനംദിന ആശയവിനിമയത്തിന് അനുയോജ്യമായ ഒരു സജീവ ഭാഷയായി വളര്‍ന്നുവരുന്നു. 1994 സെപ്റ്റംബര്‍ മുതല്‍ സംസ്‌കൃത സാഹിത്യത്തിനും ആശയവിനിമയത്തിനും പ്രോത്സാഹനം നല്‍കുന്നതിന് സംഭാഷണ സന്ദേശം എന്ന സമകാലിക സംസ്‌കൃത മാസികയും സംസ്‌കൃത ഭാരതി സ്ഥിരമായി പ്രസിദ്ധീകരിക്കുന്നു.

സംസ്‌കൃതത്തിലെ ശാസ്ത്രീയവും വിജ്ഞാനപരവുമായ പൈതൃകത്തെ കണ്ടെത്തുകയും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് സംസ്‌കൃത ഭാരതിയുടെ പ്രധാന പ്രവര്‍ത്തനമേഖലകളിലൊന്നാണ്. പൂര്‍വികര്‍ സംസ്‌കൃത ഗ്രന്ഥങ്ങളില്‍ സംരക്ഷിച്ച അറിവും വിജ്ഞാനസമ്പത്തും ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇ-ഭാരതി സമ്പത്ത് എന്ന ഡിജിറ്റല്‍ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്. ഭാരതീയ വിജ്ഞാനപാരമ്പര്യവുമായി ബന്ധപ്പെട്ട ഏകദേശം 14,000 ഗ്രന്ഥങ്ങള്‍ ഈ ഡിജിറ്റല്‍ ശേഖരത്തില്‍ ലഭ്യമാണ്.

ഡിജിറ്റല്‍ യുഗത്തില്‍ സംസ്‌കൃതത്തിന്റെ പ്രചാരണത്തിനും
വിജ്ഞാനസംരക്ഷണത്തിനും സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണ് സംസ്‌കൃത വിക്കിപീഡിയയുടെ വികസനത്തിന് നല്‍കിയ സംഭാവന. ലോകത്തിലെ നൂറുകണക്കിന് ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപീഡിയ ശൃംഖലയില്‍ സംസ്‌കൃതത്തിന്റെ സാന്നിധ്യം ഈ ഭാഷയുടെ വളര്‍ച്ചയ്‌ക്കും ആഗോളതലത്തിലുള്ള പ്രചാരണത്തിനും വലിയ പ്രോത്സാഹനമാണ്. സംസ്‌കൃത വിക്കിപീഡിയയില്‍ ക്ലാസിക്കല്‍ സാഹിത്യം മുതല്‍ ആധുനിക വിജ്ഞാനശാഖകള്‍ വരെ ഉള്‍ക്കൊള്ളുന്ന ഏകദേശം 20,000-ത്തിലധികം ലേഖനങ്ങള്‍ ലഭ്യമാണ്. കൂടാതെ ആയിരത്തിലധികം പ്രാചീന ഗ്രന്ഥങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയവയുടെ വിപുലമായ ഡിജിറ്റല്‍ ശേഖരം, സംസ്‌കൃതത്തിന്റെയും വിവിധ ഭാരതീയ ഭാഷകളുടെയും നിഘണ്ടുക്കള്‍ എന്നിവയും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ വിജ്ഞാനലോകത്തില്‍ സംസ്‌കൃതത്തിന് ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുന്നതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

 

 

 



By admin