രാജ്യത്ത് പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99.51 രൂപയായും ഡീസല്‍ വില 92.49 രൂപയായും ഉയര്‍ന്നതായി ഇന്ധന ഡീലര്‍മാര്‍ അറിയിച്ചു.
ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ധനവിലയില്‍ മൂന്ന് രൂപയുടെ വര്‍ധനവുണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരാന്‍ കാരണം. ഫെബ്രുവരി മാസത്തില്‍ ബാരലിന് ശരാശരി 69 ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങല്‍ ചെലവ്, നിലവില്‍ 113 മുതല്‍ 114 ഡോളര്‍ വരെയായി ഉയര്‍ന്നു.