ചെന്നൈ: റോഡുകള്‍ക്കും മറ്റ് പൊതു സ്ഥലങ്ങള്‍ക്കും നിലവിലുള്ള ജാതീയമായതും അവഹേളന പരവുമായ പേരുകള്‍ നീക്കം ചെയ്യാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഈ നടപടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വീകരിക്കേണ്ടതായിരുന്നുവെന്നും നിലവിലുള്ള ചില പേരുകള്‍ വളരെ അപമാനകരമാണെന്നും തുറന്ന കോടതിയില്‍ അവ ഉച്ചരിക്കാന്‍ പോലും കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പേരുകള്‍ മാറ്റുന്നതുവഴി ‘ മനസ്സില്‍ നിന്ന് ജാതി നീക്കം ചെയ്തവരുടെ മനസ്സില്‍ ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെ’ന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ച 2025 ലെ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി.
പല സ്ഥലങ്ങളുടെയും പേരുമാറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. ചെങ്കല്‍പട്ടിലെ ഹരിജന്‍ കോളനി തിരുവള്ളുവര്‍ തെരുവായും നാമക്കലിലെ അരുന്തതിയാര്‍ തെരു കാമരാജര്‍ നഗറായും തിരുവണ്ണാമലയിലെ ഇരുളര്‍ കോളനി കബിലാര്‍ തെരുമായും റാണിപ്പേട്ടയിലെ നരിക്കുരവര്‍ കോളനി പേരറിഞ്ജര്‍ അന്നത്തെരുമായും വെല്ലൂരിലെ ആദി ദ്രാവിഡര്‍ കോളനി കമ്പാര്‍ സ്ട്രീറ്റായും, തിരുനെല്‍വേലിയിലെ സ്വീപ്പര്‍ കോളനി ഭാരതിദാസന്‍ സ്ട്രീറ്റായും, കാഞ്ചീപുരത്തെ അരുന്ധതിയാര്‍ കുടിയിരുപ്പ് അവ്വയ്യാര്‍ കുടിയിരുപ്പ് ആയും മാറി.