തിരുവനന്തപുരം:ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍.കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നുള്ളത് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.
അടുത്ത ഇ ടെന്‍ഡര്‍ നടക്കുമ്പോള്‍ പരിശോധന നടക്കും. റെജിമോന്റെ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കെ ജയകുമാര്‍ പറഞ്ഞു.110 കടകളുടെ ലേല വിവരം ചോര്‍ന്നതിന് പിന്നാലെ ടെന്‍ഡര്‍ നടപടി റദ്ദാക്കിയിരുന്നു.
ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.മണ്ഡല കാലത്ത് കച്ചവടത്തിനായി കടകള്‍ നല്‍കുന്നതിന് നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് റദ്ദാക്കിയത്.
ഓരോ കടയിലേക്കും ടെന്‍ഡറില്‍ പങ്കെടുത്ത ആളുകളുടെ പേര് വിവരം പുറത്തായ പശ്ചാത്തലത്തില്‍ ഇനി ഇ ലേലം നടത്തിയാല്‍ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെന്‍ഡറും റദ്ദാക്കുന്നത്. ഈ 110 കടകള്‍ക്കായി റീ ടെന്‍ഡര്‍ നടത്തും.