• Thu. Nov 19th, 2026

24×7 Live News

Apdin News

ഞാൻ ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല: മെസിയുടെ പത്താം നമ്പർ ജേഴ്സിയെക്കുറിച്ച് നിക്കോ പാസ്

Byadmin

Nov 19, 2026


ലയണൽ മെസ്സിയുടെ ഐകോണിക് ജേഴ്സി പത്താം നമ്പർ നമ്പറിന്റെ അവകാശി നിക്കോ പാസ് ആയിരിക്കുമെന്ന് ചർച്ചകൾ നടക്കുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി പാസ്‌. ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കളിക്കളത്തിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നുമാണ് പാസ് ടൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇന്നത്തെ ദിവസം സന്തോഷത്തോടെ ആസ്വദിക്കാനും മൈതാനത്ത് നന്നായി കളിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടം ഫുട്ബോൾ കളിക്കാനാണ്. അതോടൊപ്പം ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയുന്നത് വലിയ സന്തോഷമാണ്. അതിന് വേണ്ടിയാണ് ഞാൻ കളിക്കുന്നത് ഇനിയും അത് തുടരാനാണ് എന്റെ ലക്ഷ്യം” നിക്കോ പാസ്‌ വ്യക്തമാക്കി.

മെസ്സിയുടെ പടിയിറക്കത്തിന് ശേഷം അർജന്റീനൻ നിരയിലെ ഏറ്റവും നിർണ്ണായക താരമായി നിക്കോ പാസ് മാറിക്കഴിഞ്ഞു. കോസ്റ്റാറിക്കയ്‌ക്കെതിരെ നേടിയ ഇരട്ട ഗോളോടെ ദേശീയ ടീമിനായി കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് താരം അഞ്ച് ഗോളുകൾ സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ്ബായ കോമോയ്ക്കായി ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി യൂറോപ്യൻ ഫുട്ബോളിലും നിക്കോ പാസ് തരംഗം സൃഷ്ടിക്കുകയാണ്.

അതേസമയം, ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.

രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്. 2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്.

രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്. കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്. 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.







By admin