• Thu. Nov 19th, 2026

24×7 Live News

Apdin News

‘ചക്രം’ ആദ്യം മോഹൻലാലിനൊപ്പം തുടങ്ങിയത്; തിരക്കഥയിലെ മാറ്റങ്ങൾക്കൊടുവിൽ പൃഥ്വിരാജിലേക്ക് എത്തിയ കഥ വെളിപ്പെടുത്തി കമൽ

Byadmin

Nov 19, 2026


കൊച്ചി: എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങിയ ‘ചക്രം’ എന്ന ചിത്രം ആദ്യം മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്യാനിരുന്നതാണെന്ന വിവരങ്ങൾ പങ്കുവെച്ച് സംവിധായകൻ കമൽ. ദി ഷോകേസ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ പിറവിയും തിരക്കഥയിൽ വന്ന മാറ്റങ്ങളും ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്ന സാഹചര്യവും കമൽ വിശദീകരിച്ചത്.

റോഡ് മൂവിയായി വിഭാവനം ചെയ്ത കഥതാനും ലോഹിതദാസും ചേർന്ന് നേരത്തെ ഒന്നോ രണ്ടോ സിനിമകൾ ആലോചിച്ചിരുന്നെങ്കിലും തിരക്കുകളും മറ്റ് പ്രോജക്ടുകളും കാരണം അവ നടക്കാതെ പോയെന്ന് കമൽ പറയുന്നു. തുടർന്ന് നിർമാതാവ് ജോണി സാഗരിഗയുടെ നിർബന്ധപ്രകാരമാണ് ‘ചക്രം’ എന്ന സിനിമയിലേക്ക് ഇരുവരും എത്തിയത്. അന്ന് മോഹൻലാലിന്റെയും ദിലീപിന്റെയും ഡേറ്റുകളും ലഭ്യമായിരുന്നു.

കേരളത്തിൽനിന്ന് പഞ്ചാബിലേക്കും ഉത്തരേന്ത്യയിലേക്കും വലിയ കണ്ടെയ്നർ ലോറികളുമായി പോകുന്ന ഡ്രൈവറുടെ യാത്രയായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്ന് കമൽ വ്യക്തമാക്കി. ഒരു റോഡ് മൂവി സ്വഭാവത്തിലാണ് കഥ രൂപപ്പെടുത്തിയത്. കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ താൽപര്യമായിരുന്നു.

പൊള്ളാച്ചിയിലേക്ക് ഒതുങ്ങിയ കഥാപരിസരം

എന്നാൽ തിരക്കഥ എഴുതാനിരുന്നപ്പോൾ, താൻ ഉദ്ദേശിച്ച രീതിയിൽ കഥാപാത്രത്തെ വികസിപ്പിക്കാൻ കഴിയില്ലെന്ന് ലോഹിതദാസ് വ്യക്തമാക്കിയതായി കമൽ ഓർത്തെടുത്തു. തുടർന്ന് കഥാപാത്രവും കഥയും പൊള്ളാച്ചിയിലെയും അവിടുത്തെ പരിസരങ്ങളിലെയും സാഹചര്യങ്ങളിലേക്ക് ഒതുങ്ങിപ്പോയി. ഈ മാറ്റത്തോട് തനിക്കും മോഹൻലാലിനും പൂർണ്ണമായി യോജിക്കാൻ പ്രയാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ടിങ്ങിനിടെ ബ്രേക്ക്; പിന്നീട് പൃഥ്വിരാജ്

തിരക്കഥ പൂർണ്ണമാകുന്നതിന് മുൻപേ ചിത്രീകരണം ആരംഭിച്ചതും, ഷൂട്ടിങ്ങിനിടെ ദിവസവും കഥയിൽ മാറ്റങ്ങൾ വന്നതും മോഹൻലാലിൽ അസ്വസ്ഥതയുണ്ടാക്കിയതായി കമൽ പറഞ്ഞു. തിരക്കഥ പൂർത്തിയായ ശേഷം ചിത്രീകരണം തുടരാമെന്ന മോഹൻലാലിന്റെ നിർദേശപ്രകാരമാണ് ഷൂട്ടിങ്ങിന് ഇടവേള നൽകിയത്.

എന്നാൽ പിന്നീട് ആ തിരക്കഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. തുടർന്ന് ലോഹിതദാസ് അദ്ദേഹത്തിന്റെ രീതിയിൽ തിരക്കഥ പൂർത്തിയാക്കി ചിത്രം സംവിധാനം ചെയ്യുകയായിരുന്നു. മോഹൻലാൽ പിന്മാറിയതോടെ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിൽ മീരാ ജാസ്മിനും വിജീഷും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.







By admin